ബംഗ്ലുരു: ലോകത്ത് കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധികൾ തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് ഏറ്റവും കൂടുതല്‍ അവസരങ്ങളുണ്ടാക്കുന്നത് ഐടി രംഗത്താണെന്ന് വിദഗ്ധർ പറയുന്നു. ഇത് മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് ബെംഗളൂരുവടക്കമുള്ള രാജ്യത്തെ ഐടി നഗരങ്ങൾ.

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍ സ്പാനിഷ് ഫ്ലൂ ലോകത്ത് സൃഷ്ടിച്ച പ്രതിസന്ധിയോടാണ് കൊവിഡ് കാലത്തെ വിദഗ്ധർ ഉപമിക്കുന്നത്. കാലങ്ങളായുള്ള പല ജോലികളും ഇല്ലാതാകുകയാണ്. എന്നാല്‍ ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങൾ തുറന്നിടും. കൊവിഡ് ഏറ്റവും വലിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഐടി രംഗത്താകുമെന്നാണ് വിലയിരുത്തല്‍.

സാമൂഹിക അകലം പാലിക്കാന്‍ ടെലി മെഡിസിന്‍ മുതല്‍ വിനോദരംഗത്തും വിദ്യാഭ്യാസ രംഗത്തും അവശ്യ സാധനങ്ങളുടെ വ്യാപാരത്തില്‍ വരെ പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാന്‍ ജനങ്ങൾ നിർബന്ധിക്കപ്പെടുകയാണ്. ഇത് അവസരമാക്കി മാറ്റാനാണ് നൂതന സംരംഭകരുടെ തീരുമാനം.

അതേസമയം രാജ്യത്തെ ഐടി നഗരങ്ങളിലെ പല തൊഴിലാളികളിലും പിരിച്ചു വിടല്‍ ഭീഷണിയിലുമാണ്. എന്നാല്‍ ഡിജിറ്റല്‍ മേഖലയില്‍ പ്രാവീണ്യമുള്ള സ്വയം സംരംഭകർക്ക് ഇനിയുള്ള കാലം അവസരങ്ങൾക്ക് കുറവുണ്ടാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ബെംഗളൂരുവില്‍ മാത്രം ഇരുപത് ലക്ഷത്തോളം പേരാണ് ഐടി രംഗത്ത് ജോലിയെടുക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം മലയാളികളാണ്.