ഇന്ത്യൻ മദ്യവിപണി 'കെ-ഷേപ്പ്ഡ്' വളർച്ചയിലാണ്. വിലകൂടിയ പ്രീമിയം ബ്രാൻഡുകൾക്ക് ആവശ്യക്കാർ കൂടുമ്പോൾ, സാധാരണ ബ്രാൻഡുകളുടെ വിൽപ്പന കുറയുന്നു. പ്രതികൂല കാലാവസ്ഥയിലും ബിയർ വിപണി വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

വിലകൂടിയ 'പ്രീമിയം' മദ്യത്തിന് ആവശ്യക്കാര്‍ ഏറുകയും എന്നാല്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന വിലകുറഞ്ഞ ബ്രാന്‍ഡുകളുടെ വില്‍പ്പന താഴോട്ട് പോകുകയും ചെയ്യുന്ന 'കെ-ഷേപ്പ്ഡ്' വളര്‍ച്ചയുമായി ഇന്ത്യയിലെ മദ്യ വിപണി. നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മികച്ച ബ്രാന്‍ഡുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കാന്‍ തയ്യാറാകുന്നതാണ് ഈ മാറ്റത്തിന് പിന്നില്‍. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ മദ്യവിപണി 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആകെ 44 കോടി കെയ്സ് മദ്യമാണ് വിറ്റഴിച്ചത്.

വിസ്‌കി: വിപണിയുടെ 63 ശതമാനവും കൈക്കലാക്കിയിരിക്കുന്ന വിസ്‌കിയില്‍ പ്രീമിയം വിഭാഗം 6% വളര്‍ച്ച നേടിയപ്പോള്‍, സാധാരണ ബ്രാന്‍ഡുകള്‍ക്ക് 4% ഇടിവ് സംഭവിച്ചു.

റം, വോഡ്ക: പ്രീമിയം റമ്മിന് 20 ശതമാനവും വോഡ്കയ്ക്ക് 33 ശതമാനവും വില്‍പന വര്‍ദ്ധിച്ചു. പ്രമുഖ കമ്പനിയായ റാഡിക്കോ ഖൈതാന്റെ വരുമാനത്തിന്റെ 72 ശതമാനവും ലഭിക്കുന്നത് ഇത്തരം വിലകൂടിയ ബ്രാന്‍ഡുകളില്‍ നിന്നാണ്.

മഴയെ തോല്‍പിച്ച് ബിയര്‍ വിപണി

കഴിഞ്ഞ വേനല്‍ക്കാലത്ത് കഠിനമായ മഴയുണ്ടായിട്ടും ബിയര്‍ വിപണി 4 ശതമാനം വളര്‍ച്ചയോടെ 47.4 കോടി കെയ്സ് വില്‍പന നടത്തി. വിവിധ സംസ്ഥാനങ്ങളിലെ നികുതി ഇളവുകളും പുതിയ നയങ്ങളുമാണ് ബിയര്‍ വിപണിയെ തുണച്ചത്. ആന്ധ്രപ്രദേശ് (60%), അസം (73%), ഉത്തര്‍പ്രദേശ് (13%), മഹാരാഷ്ട്ര (18%) എന്നീ സംസ്ഥാനങ്ങളില്‍ വില്‍പന കുതിച്ചുയര്‍ന്നു. കര്‍ണാടക, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ വില്‍പനയില്‍ 10 മുതല്‍ 24 ശതമാനം വരെ കുറവുണ്ടായി.

ഭാവി പ്രതീക്ഷകള്‍

വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും ഇന്ത്യന്‍ മദ്യവിപണി 2033 ഓടെ 27,680 കോടി ഡോളറിന്റെ മൂല്യത്തിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. വന്‍നഗരങ്ങളില്‍ മാത്രമല്ല, രണ്ടാം നിര നഗരങ്ങളിലും പ്രീമിയം മദ്യങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നത് പ്രതീക്ഷ നല്‍കുന്നു. വോഡ്ക, ജിന്‍ തുടങ്ങിയ വൈറ്റ് സ്പിരിറ്റുകള്‍ക്കും വരും വര്‍ഷങ്ങളില്‍ വലിയ വിപണി ലഭിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.