ഈ ആഴ്ച മാത്രം 9 കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പനയാണ് വിപണികളില്‍ നടക്കാനിരിക്കുന്നത്.

ന്ത്യന്‍ ഓഹരിവിപണിയിലെ ഐപിഒ തരംഗം തുടരുന്നു. ഈ ആഴ്ച മാത്രം 9 കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പനയാണ് വിപണികളില്‍ നടക്കാനിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവുണ്ടായിട്ടുണ്ടെങ്കിലും ഐപിഒളെ അത് സ്വാധീനിച്ചതേയില്ല. ഈ ആഴ്ച 9 ഐപിഒകളിലൂടെ 10,985 കോടി രൂപ സമാഹരിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ഇതില്‍ സോളാര്‍ ഫോട്ടോവോള്‍ട്ടേയിക് മൊഡ്യൂള്‍ നിര്‍മ്മാണ കമ്പനിയായ വാരി എനര്‍ജിസ് ഐപിഒയ്ക്ക് ഇന്ന് തുടക്കമായി. ഈ കമ്പനിയുടെ ഓഹരി ഒന്നിന് 1,427-1,503 രൂപ ആണ് വില. 4,321 കോടി രൂപ സമാഹരിക്കുകയാണ് വാരി എനര്‍ജിസിന്‍റെ ലക്ഷ്യം. ദീപക് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ് ഇന്ത്യയുടെ ഐപിഒ ഇന്ന് മുതല്‍ 23 ആം തീയതി വരെ നടക്കും. 260 കോടി രൂപ സമാഹരിക്കുക ലക്ഷ്യമിട്ടാണ് ഈ കമ്പനി ഐപിഒ നടത്തുന്നത്.

ഗോദാവരി ബയോഫൈനറി ഐപിഒ ഒക്ടോബര്‍ 23 മുതല്‍ 25 വരെ നടക്കും. ഈ ഐപിഒ വഴി 555 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു ഓഹരിയുടെ വില 352 രൂപയാണ്. ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്‍റെ ഐപിഒ ഒക്ടോബര്‍ 25-ന് ആരംഭിക്കും. എസ്എംഇ വിഭാഗത്തില്‍, പ്രീമിയം പ്ലാസ്റ്റ്, ഡാനിഷ് പവര്‍, യുണൈറ്റഡ് ഹീറ്റ് ട്രാന്‍സ്ഫര്‍, ഒബിഎസ്സി പെര്‍ഫെക്ഷന്‍, ഉഷ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുടേയും ഐപിഒ ഈ ആഴ്ചയാണ്. രാജ്യത്തെ വലിയ ഐപിഒകളിലൊന്നായ 27,870 കോടി രൂപയുടെ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ലിസ്റ്റിംഗ് നാളെ നടക്കും. ഇത് കൂടാതെ, എസ്എംഇ വിഭാഗത്തില്‍, ലക്ഷ്യ പവര്‍ടെക്, ഫ്രെഷ്ര അഗ്രോ എക്സ്പോര്‍ട്ട്സ് എന്നിവയുടെ ഓഹരികളും വരുന്ന ദിവസങ്ങളില്‍ ലിസ്റ്റ് ചെയ്യും.

എന്താണ് ഐപിഒ?

പൊതു നിക്ഷേപകരില്‍ നിന്ന് ഓഹരി മൂലധനം സ്വരൂപിക്കുന്നതിനായി സ്വകാര്യ കമ്പനികള്‍ അവരുടെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന പ്രക്രിയയെയാണ് ഇനീഷ്യല്‍ പബ്ലിക് ഓഫര്‍(ഐപിഒ) .ഐപിഒ ഒരു സ്വകാര്യ കമ്പനിയെ ഒരു പൊതു കമ്പനിയാക്കി മാറ്റുന്നു.