Asianet News MalayalamAsianet News Malayalam

പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് തൊഴിൽ; പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം എന്താണെന്നറിയാം

നിര്‍മാണ യൂണിറ്റുകള്‍ക്കുള്ള പരമാവധി പദ്ധതിച്ചെലവ് 25 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയാക്കി ഉയർത്തി.  കൂടാതെ  സേവന യൂണിറ്റുകള്‍ക്ക് നിലവിലുള്ള 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായും  വർദ്ധിപ്പിച്ചു. 

Prime Minister Employment Generation Programme
Author
Trivandrum, First Published Aug 24, 2022, 1:01 PM IST

വിവിധ പദ്ധതികൾ രാജ്യത്തെ ജനങ്ങൾക്കുവേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിക്കാറുണ്ട്. അതിൽ ഒന്നാണ് പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം. ഈ പദ്ധതികൊണ്ട് ആർക്കാണ് പ്രയോജനം ലഭിക്കുക? എന്താണ് പിഎംഇജിപി എന്നറിയാം. 

രാജ്യത്തുടനീളമുള്ള തൊഴിൽരഹിതരായ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. സംരംഭകർക്ക് വിവിധ സ്ഥാപങ്ങൾ ആരംഭിക്കുന്നതിന് സബ്‌സിഡി നൽകുന്നതിലൂടെ തൊഴിലവസരം സൃഷ്ടിക്കുകയാണ്. ദേശീയ തലത്തിൽ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) ആണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന തലത്തിൽ, സംസ്ഥാന കെവിഐസി ഡയറക്ടറേറ്റുകൾ, സംസ്ഥാന ഖാദി, ഗ്രാമവ്യവസായ ബോർഡുകൾ (കെവിഐബികൾ), ജില്ലാ വ്യവസായ കേന്ദ്രങ്ങൾ (ഡിഐസികൾ), ബാങ്കുകൾ എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 

Read Also: പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിന്നും ഉയർന്ന വരുമാനം എങ്ങനെ നേടാം

ഇതുവരെ ഏകദേശം 7.8 ലക്ഷം മൈക്രോ സംരംഭങ്ങള്‍ക്ക് 19,995 കോടി രൂപയുടെ സബ്സിഡി ഈ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ നൽകി കഴിഞ്ഞു. ഇതില്‍ 80 ശതമാനവും നൽകിയിരിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. 

ജൂണിൽ പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമിന്റെ കാലാവധി 2025-26 സാമ്പത്തിക വർഷം വരെ കേന്ദ്രസർക്കാർ നീട്ടിയിരുന്നു. സമയപരിധി നീട്ടിയതിനൊപ്പം പദ്ധതിയില്‍ ചില മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. നിര്‍മാണ യൂണിറ്റുകള്‍ക്കുള്ള പരമാവധി പദ്ധതിച്ചെലവ് 25 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയാക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ  സേവന യൂണിറ്റുകള്‍ക്ക് നിലവിലുള്ള 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായും  വർദ്ധിപ്പിച്ചു. 

Read Also: അവധിക്കാലം പൊളിക്കും, റൺവേയിലേക്ക് പുതിയ താരങ്ങൾ; ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ ഫ്ലൈറ്റുകൾ

ഈ വർഷം മുതൽ ട്രാന്‍സ്ജെന്‍ഡര്‍ അപേക്ഷകരെ പ്രത്യേക വിഭാഗമായി കണക്കാക്കി കൂടുതല്‍ സബ്‌സിഡി നൽകുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. വരുന്ന അഞ്ച് സാമ്പത്തിക വർഷത്തിനുള്ളിൽ 40 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഈ പദ്ധതിയിലൂടെ സൃഷ്ടിക്കാനാകും എന്നാണ് കേന്ദ്രത്തിന്റെ കണക്ക്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമിന് കീഴില്‍ കൊണ്ടുവരുമെന്നും കേന്ദ്രം അറിയിച്ചിരുന്നു 

പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പദ്ധതി പ്രകാരം സബ്‌സിഡി ലഭിക്കാനായി 18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും അപേക്ഷിക്കാം. നിർമ്മാണ മേഖലയിൽ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രോജക്ടിനായാണ് അപേക്ഷിക്കുന്നത് എങ്കിൽ കുറഞ്ഞത് എട്ടാം ക്‌ളാസ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. പിഎംഇജിപിയുടെ കീഴിൽ ഇനി  പുതിയ പദ്ധതികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. മാത്രവുമല്ല കേദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ മറ്റേതെങ്കിലും സ്കീമിന് കീഴിൽ ഇതിനകം സബ്‌സിഡി നേടിയിട്ടുള്ള യൂണിറ്റുകൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല. 

Read Also: ഇന്ത്യക്കാരുടെയും വടക്കേ അമേരിക്കകാരുടെയും പണി പോകും; തീരുമാനം അറിയിച്ച് ഈ കമ്പനി

Follow Us:
Download App:
  • android
  • ios