ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ തിരഞ്ഞെടുത്ത വിപണികളില്‍ 3,500 മുതല്‍ 4,500 രൂപ വരെ വിലയില്‍ അവതരിപ്പിച്ച 'ത്രികാല്‍' ചുരുങ്ങിയ സമയം കൊണ്ടാണ് വിവാദത്തിലായത്

മാജിക് മോമെന്റ്‌സ് വോഡ്ക തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളിലൂടെ ശ്രദ്ധേയരായ റാഡിക്കോ ഖൈതാന്‍, തങ്ങളുടെ പുതിയ പ്രീമിയം സിംഗിള്‍ മാള്‍ട്ട് വിസ്‌കി ബ്രാന്‍ഡായ 'ത്രികാല്‍' പിന്‍വലിച്ചു. ബ്രാന്‍ഡിന്റെ പേരും ചിത്രീകരണവും മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തി എന്നാരോപിച്ച് വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഈ നടപടി. പ്രീമിയം മദ്യവിപണിയില്‍ പിടിമുറുക്കാനുള്ള കമ്പനിയുടെ തന്ത്രങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയായി.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ തിരഞ്ഞെടുത്ത വിപണികളില്‍ 3,500 മുതല്‍ 4,500 രൂപ വരെ വിലയില്‍ അവതരിപ്പിച്ച 'ത്രികാല്‍' ചുരുങ്ങിയ സമയം കൊണ്ടാണ് വിവാദത്തിലായത്. 'ത്രികാല്‍' എന്ന പേര് സംസ്‌കൃതത്തില്‍ നിന്ന് ഉത്ഭവിച്ചതും ഹിന്ദുമതത്തിലെ കാല സങ്കല്‍പ്പങ്ങളായ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയുമായി ബന്ധപ്പെട്ടതുമാണ്. ഇതിന് പുറമെ, ഉല്‍പ്പന്നത്തിന്റെ ലേബലില്‍ നെറ്റിയില്‍ ഒരു അടയാളമുള്ള ഒരു മുഖം ആലേഖനം ചെയ്തിരുന്നു. ഇത് ശിവന്റെ മൂന്നാം കണ്ണിനെ അനുസ്മരിപ്പിക്കുന്നതാണെന്നും മതപരമായ ചിഹ്നങ്ങളെ മദ്യവുമായി ബന്ധപ്പെടുത്തുന്നത് വിശ്വാസികളെ അപമാനിക്കുന്നതാണെന്നും ആരോപിച്ച് മതസംഘടനകളും പ്രമുഖരും രംഗത്തെത്തുകയായിരുന്നു.

പ്രതിഷേധം ശക്തമായതോടെ, റാഡിക്കോ ഖൈതാന്‍ ആഭ്യന്തര അവലോകനം നടത്തുകയും പൊതുജന വികാരം മാനിച്ച് ബ്രാന്‍ഡ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. 'ഉയര്‍ന്നുവന്ന ആശങ്കകളെ ഞങ്ങള്‍ മാനിക്കുന്നു,' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരാഖണ്ഡ് എക്‌സൈസ് കമ്മീഷണര്‍ ഹരിചന്ദ്ര സെംവാള്‍, 'ത്രികാല്‍' ബ്രാന്‍ഡിന് സംസ്ഥാനത്ത് വില്‍പ്പനയ്ക്കോ നിര്‍മ്മാണത്തിനോ വിതരണത്തിനോ യാതൊരു അനുമതിയും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. 

വിവാദ വാര്‍ത്തകള്‍ പുറത്തുവന്നതോടെ മെയ് 26-ന് റാഡിക്കോ ഖൈതാന്‍ ഓഹരികള്‍ 0.51% ഇടിഞ്ഞ് 2,440 രൂപയിലെത്തി. രാംപൂര്‍ ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് പോലുള്ള ബ്രാന്‍ഡുകളിലൂടെ ഈ വിഭാഗത്തില്‍ റാഡിക്കോ ഖൈതാന് വലിയ വിജയം നേടാനായിരുന്നു.