Asianet News MalayalamAsianet News Malayalam

രാകേഷ് ജുൻജുൻവാല : 'ആകാശ'സ്വപ്‌നങ്ങൾ കാണുന്ന 'ഇന്ത്യൻ വാറൻ ബഫറ്റ്‌'

2017 -ൽ ടൈറ്റന്റെ ഓഹരി വില നന്നായി ഉയർന്ന സമയത്ത് ഒരൊറ്റ സെഷനിൽ ജുൻജുൻവാല 875 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതും അന്ന് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 

rakesh jhunjhunwala the akasa air dreams of  the Midas of Bombay stock exchange
Author
Mumbai, First Published Jul 29, 2021, 12:55 PM IST

'70 വിമാനങ്ങൾ. 35 മില്യൺ ഡോളറിന്റെ നിക്ഷേപം' - ഇന്നുവരെ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രം മാത്രമുള്ള രാകേഷ് ജുൻജുൻവാല എന്ന ഇന്ത്യൻ വാറൻ ബഫറ്റിന്റെ അടുത്ത കണ്ണ് വ്യോമയാന മേഖലയിലാണ്. പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ NOC കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ 'അൾട്രാ ലോ കോസ്റ്റ്' എയർലൈൻ തനിക്ക് ലാഭമുണ്ടാക്കിത്തരും എന്നുതന്നെ ജുൻജുൻവാല പ്രതീക്ഷിക്കുന്നു. 180 പേരെ വഹിക്കുന്ന വിമാനങ്ങളുടെ ഒരു ഫ്‌ളീറ്റ് ആണ് 'ആകാശ എയർ' എന്ന തന്റെ വ്യോമയാന സംരംഭത്തിനുവേണ്ടി അദ്ദേഹം ഒരുക്കുന്നത്.  

ആരാണ് ഈ രാകേഷ് ജുൻജുൻവാല? മിഡാസ് ടച്ച് ഉണ്ട് ഇദ്ദേഹത്തിന് എന്ന് സകലരും പറയാനും മാത്രം എന്താണ് ജുൻജുൻവാല ചെയ്തു കാണിച്ചിട്ടുള്ളത് ? സ്റ്റോക്ക് എക്സ്ചേഞ്ചിലെ കളികൾ പരിചയമുള്ള ഒരു നിക്ഷേപകനാണ് നിങ്ങളെങ്കിൽ ഈ പേര് നിങ്ങൾ ഇതിനകം കേട്ടിട്ടുണ്ടാവും. സോണി ലിവിലൂടെ സ്ട്രീം ചെയ്ത, ഹർഷദ് മേഹ്തയുടെ ജീവിത കഥ പറയുന്ന 'Scam 1992' എന്ന വെബ് സീരീസ് കണ്ടവർക്കും ഇങ്ങനെയൊരു കഥാപാത്രത്തെ നല്ല ഓര്മ കാണും. സീരീസിൽ ഇതാ, ഈ കാണുന്ന ആളാണ് രാകേഷ് ജുൻജുൻവാല. 

rakesh jhunjhunwala the akasa air dreams of  the Midas of Bombay stock exchange

 

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചരിത്രത്തിലെ ഏറ്റവും അധികം ലാഭമുണ്ടാക്കിയിട്ടുളള ഇന്ത്യൻ ഇക്വിറ്റി ഇൻവെസ്റ്റർമാരിൽ ഒരാളാണ് ജുൻജുൻവാല. ഹർഷദ് മെഹ്ത ജയിലിൽ പോയതോടെ അഴിച്ചു വെച്ചിട്ടുപോയ 'ബിഗ് ബുൾ' എന്ന വിശേഷണം മറ്റാരെങ്കിലും ഇനി അർഹിക്കുന്നുണ്ടെങ്കിൽ അത് സാക്ഷാൽ രാജേഷ് ജുൻജുൻവാല മാത്രമാണ്. 2020 ലെ ഫോബ്‌സിന്റെ  ഇന്ത്യയിലെ  അതിസമ്പന്നരുടെ പട്ടികയിൽ 54 -മതാണ് അദ്ദേഹത്തിന്റെ സ്ഥാനം. കൊവിഡ് നാട്ടിലെ മറ്റെല്ലാ വ്യാപാരങ്ങളുടെയും നട്ടെല്ലൊടിച്ചപ്പോൾ, ജനം കടക്കെണിയിലേക്ക് കൂപ്പുകുത്തിയപ്പോൾ, ഈ വിപണി മാന്ദ്യത്തിനിടയിലും 1400 കോടിയിലധികം രൂപ, സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഇടപാടുകളിലൂടെ നേടിയെടുത്ത മാന്ത്രികനാണ് ജുൻജുൻവാല. 

ഓഹരിവിപണിയിലെ കളികളിൽ ഏറെ താത്പര്യമുണ്ടായിരുന്ന ഒരു  ഇൻകം ടാക്സ് ഓഫീസറുടെ മകനായി ഒരു അപ്പർ മിഡിൽക്ളാസ് കുടുംബത്തിൽ ജനിച്ച രാകേഷ്,  കോളേജ് പഠനത്തിനിടെ തന്നെ ഓഹരി വിപണിയിൽ നിക്ഷേപങ്ങൾ നടത്തിത്തുടങ്ങിയിരുന്നു. പിന്നീട്, മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 150 -ൽ എത്തി നിന്ന സമയത്താണ് അദ്ദേഹം ചാർട്ടേർഡ് അക്കൗണ്ടൻസി പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നു. 1986 -89  കാലത്ത് അദ്ദേഹം ഏതാണ്ട് 25 ലക്ഷത്തിന്റെ ലാഭമാണ് ഓഹരി വിപണിയിൽ നിന്ന് നേടിയെടുത്തത്. 

 

rakesh jhunjhunwala the akasa air dreams of  the Midas of Bombay stock exchange

 

ഇന്ന് 'ബിഗ് ബുൾ' എന്നറിയപ്പെടുന്നുണ്ട് എങ്കിലും ഹർഷദ് മേഹ്തയുടെ പ്രതാപകാലത്ത് ജുൻജുൻവാല ഒരു 'ബിയർ' ആയിരുന്നു. 1992 -ലെ ഓഹരി വിപണിയിലെ പ്രശ്‌നങ്ങൾക്കെല്ലാം ശേഷം അദ്ദേഹം രാധാകൃഷ്ണ ദമാനിയുടെ ഉപദേശങ്ങൾ ചെവിക്കൊണ്ട് നടത്തിയ ഇടപാടുകളിലൂടെയും അദ്ദേഹം നല്ല രീതിയിൽ സമ്പാദിച്ചു. സത്യത്തിൽ ഹർഷദ് മേഹ്തയുടെ അറസ്റ്റോടെ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഉണ്ടായ ശൂന്യത ഒരു പരിധിവരെ നികത്തുന്നത് ജുൻജുൻവാല തന്നെയാണ്. അക്കാലത്ത്  Titan, CRISIL, Sesa Goa, Praj Industries, Aurobindo Pharma , NCC എന്നിങ്ങനെയുള്ള സ്റ്റോക്കുകളിൽ നിക്ഷേപിച്ച് അദ്ദേഹം രാജ്യത്തെ ഏറ്റവും സമ്പന്നരായ നിക്ഷേപകരുടെ പട്ടികയിൽ ഇടം നേടി. ഇന്ന് Rare Enterprises എന്നൊരു സ്വകാര്യ ധനകാര്യ സ്ഥാപനവും അദ്ദേഹം നടത്തുന്നുണ്ട്. 2017 -ൽ ടൈറ്റന്റെ ഓഹരി വില നന്നായി ഉയർന്ന സമയത്ത് ഒരൊറ്റ സെഷനിൽ ജുൻജുൻവാല 875 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതും അന്ന് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 

 

rakesh jhunjhunwala the akasa air dreams of  the Midas of Bombay stock exchange

1992 -ൽ ഇൻസൈഡർ ട്രേഡിങ് നടത്തിയ കുറ്റത്തിന് സെബി ഹർഷദ് മെഹ്ത്തയെ ശിക്ഷിച്ചപ്പോൾ, സമാനമായ ആക്ഷേപങ്ങളുടെ പേരിൽ ജുൻജുൻവാലയും സംശയത്തിന്റെ നിഴലിലായിരുന്നു. താത്കാലികമായ നഷ്ടങ്ങൾ സഹിച്ചുകൊണ്ടും, കൃത്യമായ കണക്കുകൂട്ടലുകളുടെ ബലത്തിൽ ചില സ്റ്റോക്കുകൾ ദീർഘകാലത്തേക്ക് കയ്യിൽ വെച്ച് പിന്നീട് ലാഭമുണ്ടാകുമ്പോൾ വിറ്റഴിച്ച് പണമുണ്ടാക്കുന്നതാണ് അദ്ദേഹത്തിന്റെ പതിവുരീതി. നിക്ഷേപങ്ങളിലൂടെ നേടുന്ന സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്കും ചെലവിടുന്ന രാകേഷ് ജുൻജുൻവാല തന്റെ സമ്പാദ്യത്തിന്റെ കാൽ ഭാഗം 2021 ജൂലൈയോടെ ദാനം ചെയ്യും എന്ന് അറിയിച്ചിരുന്നു. 

എന്നാൽ, താൻ കാലെടുത്തുവെക്കുന്നത് ഒരു വിധം സമ്പന്നരെ എല്ലാം മുച്ചൂടും മുടിച്ച ചരിത്രം മാത്രമുള്ള ഒരു പടനിലത്തിലേക്കാണ് എന്ന ബോധ്യം ജുൻജുൻവാലക്ക് വേണ്ടുവോളമുണ്ട്. കിംഗ് ഫിഷർ, ജെറ്റ് എയർവേയ്‌സ്, ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങി സ്വകാര്യ/പൊതു മേഖലകളിലെ ഒരു വിധം എല്ലാ സംരംഭങ്ങളും നഷ്ടത്തിന്റെ കണക്കുകൾ മാത്രം ബാലൻസ് ഷീറ്റിൽ രേഖപ്പെടുത്തുന്ന ഏവിയേഷൻ സെക്ടറിൽ നിന്ന് ലാഭമുണ്ടാക്കുക എന്നത് അത്ര എളുപ്പമാവില്ല. "കുറഞ്ഞ ചെലവിൽ ഒരു കമ്പനി നടത്തിക്കൊണ്ടു പോകണമെങ്കിൽ പുതുതായി തുടങ്ങുന്നതാണ് നല്ലത്" എന്നാണ്  വ്യോമയാന രംഗത്തെ തന്റെ നിക്ഷേപത്തെക്കുറിച്ച് രാകേഷ് ജുൻജുൻവാല ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. " ഡിമാന്റിന്റെ കാര്യം വെച്ച് ഞാൻ ഏവിയേഷൻ സെക്ടറിൽ ഒരല്പം 'ബുള്ളിഷ്'  ആണെന്ന് തന്നെ പറയാം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദലാൽ സ്ട്രീറ്റിലെ കാളക്കൂറ്റന് ഇന്ത്യൻ വ്യോമയാന രംഗം എന്ന ചതുപ്പുനിലത്തിൽ ആഴ്ന്നുപോവാതെ തന്റെ ജൈത്രയാത്ര തുടരാനാവുമോ എന്ന് നമുക്ക് കാത്തിരുന്നുതന്നെ കാണാം. 
 

Follow Us:
Download App:
  • android
  • ios