റിസര്‍വ് ബാങ്കിന്റെ ചെക്ക് ക്ലിയറിങ് രീതി മുതല്‍ ഐ.ആര്‍.സി.ടി.സി. ടിക്കറ്റ് റിസര്‍വേഷന്‍ നിയമങ്ങളിലും ദേശീയ പെന്‍ഷന്‍ പദ്ധതി നിക്ഷേപ രീതികളിലും വരെ ഒക്ടോബര്‍ ഒന്ന് മുതല്‍ മാറ്റങ്ങള്‍ വരും.
രാജ്യത്തെ ബാങ്കുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 1 മുതല്‍ ഒട്ടേറെ സുപ്രധാന നിയമങ്ങളും സേവനനിരക്കുകളും മാറുന്നു. റിസര്‍വ് ബാങ്കിന്റെ ചെക്ക് ക്ലിയറിങ് രീതി മുതല്‍ ഐ.ആര്‍.സി.ടി.സി. ടിക്കറ്റ് റിസര്‍വേഷന്‍ നിയമങ്ങളിലും ദേശീയ പെന്‍ഷന്‍ പദ്ധതി നിക്ഷേപ രീതികളിലും വരെ ഒക്ടോബര്‍ ഒന്ന് മുതല്‍ മാറ്റങ്ങള്‍ വരും.
പ്രധാന മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍:
ആര്‍.ബി.ഐ. ചെക്ക് ക്ലിയറിങ്: വേഗം കൂടും, ക്രെഡിറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍
ചെക്ക് ക്ലിയറിങ് രീതിയില്‍ ആര്‍.ബി.ഐ. പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. നിലവിലുള്ള ബാച്ച് ക്ലിയറിങ് രീതിക്ക് പകരം, ഒക്ടോബര്‍ 4 മുതല്‍ തുടര്‍ച്ചയായ ക്ലിയറിങ് രീതി നിലവില്‍ വരും. ചെക്ക് മാറി കിട്ടുന്നതിലുള്ള കാലതാമസം ഇതോടെ ഒഴിവാകും. നിലവിലെ 'അന്നത്തെ ദിവസം തന്നെ ക്രെഡിറ്റ്' എന്നതില്‍ നിന്ന്, 'മണിക്കൂറുകള്‍ക്കുള്ളില്‍ ക്രെഡിറ്റ്' എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറും. രണ്ട് ഘട്ടങ്ങളിലായാണ് പുതിയ രീതി നടപ്പിലാക്കുക.
റെയില്‍വേ ടിക്കറ്റ് ബുക്കിങ്: ആധാര്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും
റിസര്‍വേഷന്‍ പ്രക്രിയ തുടങ്ങി ആദ്യ 15 മിനിറ്റിനുള്ളില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ ഓതന്റിക്കേഷന്‍ നിര്‍ബന്ധമാക്കും. നിലവില്‍ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിന് മാത്രമാണ് ഈ നടപടിക്രമം ബാധകമായിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 1 മുതല്‍ ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്ന എല്ലാ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്കും ഈ നിയന്ത്രണം ബാധകമാകും
ബാങ്കിങ് സേവനങ്ങള്‍: നിരക്കുകള്‍ മാറുന്നു
പി.എന്‍.ബി. നിരക്കുകള്‍ കൂടി: പഞ്ചാബ് നാഷണല്‍ ബാങ്ക് ലോക്കര്‍ വാടക, സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍ പരാജയപ്പെടുമ്പോഴുള്ള പിഴ, നോമിനേഷന്‍ നിരക്കുകള്‍ എന്നിവ ഒക്ടോബര്‍ 1 മുതല്‍ വര്‍ധിപ്പിച്ചു. ലോക്കര്‍ വാടകയില്‍ കാര്യമായ വര്‍ധനയുണ്ട്.
യെസ് ബാങ്ക് സാലറി അക്കൗണ്ട് നിരക്കുകള്‍: ക്യാഷ് ഇടപാട് ഫീസ്, എ.ടി.എം. പിന്‍വലിക്കല്‍ പരിധി, ഡെബിറ്റ് കാര്‍ഡ് ഫീസ്, ചെക്ക് മടങ്ങാനുള്ള പിഴ എന്നിവ ഉള്‍പ്പെടെ സാലറി അക്കൗണ്ടുകളുടെ നിരക്കുകള്‍ യെസ് ബാങ്ക് പരിഷ്‌കരിച്ചു.
സ്പീഡ് പോസ്റ്റ് നിരക്കുകള്‍ ഉയരും
ഇന്ത്യന്‍ പോസ്റ്റിന്റെ സ്പീഡ് പോസ്റ്റ് സേവനങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ കൂടുതല്‍ ചെലവേറിയതാകും. പരിഷ്‌കരിച്ച സേവനത്തില്‍ ജി.എസ്.ടി. തുക വ്യക്തമായി കാണിക്കും. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒ.ടി.പി. അടിസ്ഥാനമാക്കിയുള്ള ഡെലിവറി സംവിധാനവും നിലവില്‍ വരും.
എന്‍.പി.എസ്. പെന്‍ഷന്‍ മാറ്റങ്ങള്‍
ഇക്വിറ്റി ഓപ്ഷനില്‍ 100% വരെ: സര്‍ക്കാര്‍ ഇതര വിഭാഗത്തിലുള്ള എന്‍.പി.എസ്. വരിക്കാര്‍ക്ക് അവരുടെ നിക്ഷേപത്തിന്റെ 100% വരെ ഓഹരികളില്‍ നിക്ഷേപിക്കാന്‍ ഒക്ടോബര്‍ 1 മുതല്‍ അനുമതി നല്‍കും.
സി.ആര്‍.എ. നിരക്കുകള്‍: ദേശീയ പെന്‍ഷന്‍ പദ്ധതി, അടല്‍ പെന്‍ഷന്‍ യോജന എന്നിവ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ സ്‌കീമുകളുടെ സെന്‍ട്രല്‍ റെക്കോര്‍ഡ്കീപ്പിങ് ഏജന്‍സികളുടെ സേവന നിരക്കുകള്‍ പി.എഫ്.ആര്‍.ഡി.എ. ഒക്ടോബര്‍ 1 മുതല്‍ പരിഷ്‌കരിച്ചു.
യു.പി.എസ്. പദ്ധതിയിലേക്ക് മാറാനുള്ള സമയപരിധി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യുണിഫൈഡ് പെന്‍ഷന്‍ സ്‌കീമില്‍ (യു.പി.എസ്.) ചേരുന്നതിനും, അതില്‍ നിന്ന് എന്‍.പി.എസ്സിലേക്ക് തിരികെ മാറുന്നതിനുമുള്ള സമയപരിധി സെപ്റ്റംബര്‍ 30-ന് അവസാനിക്കും.


