പാകിസ്ഥാനെതിരായ ഏകദിന മത്സരത്തില്‍ സല്‍മാന്‍ അലി അഗയുടെ വിവാദ റണ്ണൗട്ടില്‍ പ്രതികരണവുമായി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസ്. പാകിസ്ഥാന്‍ ഇന്നിംഗ്സിന്റെ 39-ാം ഓവറിലായിരുന്നു നാടകീയമായ ആ റണ്ണൗട്ട്.

കറാച്ചി: പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ പാക് ബാറ്റര്‍ സല്‍മാന്‍ അലി അഗയുടെ വിവാദ റണ്ണൗട്ടുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസ്. തങ്ങള്‍ ചെയ്തത് ക്രിക്കറ്റ് നിയമങ്ങള്‍ക്കുള്ളില്‍ നിന്നുള്ള കാര്യമാണെന്നും ഇതൊരു ചാരിറ്റി മത്സരമല്ലെന്നും ലിറ്റണ്‍ ദാസ് തുറന്നടിച്ചു. മാര്‍ച്ച് 13 വെള്ളിയാഴ്ച നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.

പാകിസ്ഥാന്‍ ഇന്നിംഗ്സിന്റെ 39-ാം ഓവറിലായിരുന്നു നാടകീയമായ ആ റണ്ണൗട്ട്. മെഹ്ദി ഹസന്‍ മിറാസ് എറിഞ്ഞ പന്ത് മുഹമ്മദ് റിസ്വാന്‍ പ്രതിരോധിച്ചു. പന്ത് പോയത് നോണ്‍-സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന സല്‍മാന്‍ അഗയുടെ നേര്‍ക്കും. പന്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ മിറാസ് സല്‍മാനുമായി കൂട്ടിയിടിക്കുകയും ചെയ്തു. ഈ സമയത്ത് സല്‍മാന്‍ ക്രീസിന് പുറത്തായിരുന്നു. പന്ത് കയ്യിലെടുത്ത് ബൗളര്‍ക്ക് നല്‍കാന്‍ സല്‍മാന്‍ കുനിഞ്ഞ നിമിഷം, മിറാസ് വേഗത്തില്‍ പന്ത് കൈക്കലാക്കി സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.

Scroll to load tweet…

ഓണ്‍-ഫീല്‍ഡ് അമ്പയര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. പന്ത് ഡെഡ് ആയിരുന്നില്ലെന്നും ബാറ്റര്‍ ക്രീസിന് പുറത്തായിരുന്നുവെന്നും വ്യക്തമായതോടെ ഔട്ട് വിധിച്ചു. ഇതോടെ പ്രകോപിതനായ സല്‍മാന്‍ ആഗയും ബംഗ്ലാദേശ് താരങ്ങളും തമ്മില്‍ മൈതാനത്ത് വാക് തര്‍ക്കമുണ്ടായി.

ലിറ്റണ്‍ ദാസിന്റെ പ്രതികരണം

മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ലിറ്റണ്‍ ദാസ് തന്റെ നിലപാട് വ്യക്തമാക്കി. ''ആദ്യമേ പറയട്ടെ, ആരും ഇവിടെ ചാരിറ്റി ലീഗ് കളിക്കാന്‍ വന്നതല്ല. ഇതൊരു അന്താരാഷ്ട്ര മത്സരമാണ്. നിയമപരമായി അത് ഔട്ടാണെങ്കില്‍, അവിടെ കായിക മര്യാദ ലംഘിക്കപ്പെട്ടു എന്ന് എനിക്ക് തോന്നുന്നില്ല. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമുണ്ടാകാം, പക്ഷേ ഞങ്ങളെ സംബന്ധിച്ച് അത് ഔട്ട് തന്നെയാണ്ട്.'' ലിറ്റണ്‍ പറഞ്ഞു.

റമീസ് രാജയുടെ വിമര്‍ശനം

കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ പിസിബി മേധാവി റമീസ് രാജ ബംഗ്ലാദേശിന്റെ നടപടിയെ വിമര്‍ശിച്ചു. ''നിയമപരമായി അത് ഔട്ടാണെങ്കിലും കായിക മര്യാദ ഇവിടെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ബൗളറെ സഹായിക്കാനാണ് ബാറ്റര്‍ ശ്രമിച്ചത്. അതിന്റെ പേരില്‍ താന്‍ റണ്ണൗട്ട് ആകുമെന്ന് അദ്ദേഹം കരുതിയിരിക്കില്ല.'' രമീസ് രാജ പറഞ്ഞു.

സല്‍മാന്‍ അഗയുടെ നിലപാട്

ഞങ്ങള്‍ ആയിരുന്നെങ്കില്‍ അങ്ങനെ ചെയ്യില്ലായിരുന്നുവെന്ന് അഗ പ്രതികരിച്ചു... ''മിറാസിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ ഇങ്ങനെ ചെയ്യില്ലായിരുന്നു. കായിക മര്യാദ വേണമെന്നാണ് എന്റെ പക്ഷം. നിയമപരമായി മിറാസ് ചെയ്തത് ശരിയായിരിക്കാം, പക്ഷേ ഞങ്ങള്‍ ഒരിക്കലും അത്തരമൊരു പ്രവര്‍ത്തി ചെയ്യില്ല.'' സല്‍മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

YouTube video player