ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന് ശേഷം അസംസ്കൃത എണ്ണയുടെ വിലയില്‍ 10 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്. ഇത് വീണ്ടും പണപ്പെരുപ്പ നിരക്ക് ഉയരുന്നതിന് വഴി വയ്ക്കും

റെക്കാലത്തിന് ശേഷം അമേരിക്കയടക്കം പലിശ കുറയ്ക്കുന്നു.. ഇതിന്‍റെ ചുവട് പിടിച്ച് ഇന്ത്യയിലും വായ്പാ പലിശ നിരക്ക് കുറയുമോ?, ഇത് വഴി ഭവന - വാഹന വായ്പകള്‍ക്കുള്ള ഉയര്‍ന്ന പലിശ നിരക്ക് താഴുമോ?, ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാളെ റിസര്‍വ് ബാങ്കിന്‍റെ വായ്പാ നയ അവലോകന യോഗത്തിന് ശേഷം അറിയാം. അതേ സമയം ഇപ്പോഴത്തെ സൂചനകള്‍ അനുസരിച്ച് റിപ്പോ നിരക്ക് കുറയാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറയുന്നു.അതു കൊണ്ട് തന്നെ ഭവന - വാഹന വായ്പാ പലിശ നിരക്കില്‍ മാറ്റമൊന്നും വരില്ല. ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തല്‍ക്കാലം പലിശ കുറയ്ക്കേണ്ടെന്ന നിലപാടിലേക്ക് ആര്‍ബിഐ എത്തിയതെന്നാണ് സൂചന. പശ്ചിമേഷ്യയിലെ പ്രതിസന്ധി കൂടുതല്‍ വഷളായാല്‍ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില വീണ്ടും വര്‍ധിക്കും. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന് ശേഷം അസംസ്കൃത എണ്ണയുടെ വിലയില്‍ 10 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്. ഇത് വീണ്ടും പണപ്പെരുപ്പ നിരക്ക് ഉയരുന്നതിന് വഴി വയ്ക്കും. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ പണപ്പെരുപ്പം 5 ശതമാനത്തിന് മുകളിലായിരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കായ റിപ്പോ 2023 ഫെബ്രുവരി മുതല്‍ 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ മാറ്റം വരുത്തിയത്.അന്ന് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു. അതേ സമയം ഡിസംബര്‍ മുതല്‍ റിപ്പോ നിരക്കില്‍ ചില ഇളവുകള്‍ക്ക് സാധ്യതയുണ്ടന്ന് വിദഗ്ധര്‍ പറയുന്നു.
എന്നാല്‍ പലിശ നിരക്ക് കുറയ്ക്കാന്‍ തുടങ്ങിയാല്‍ 50 മുതല്‍ 75 ബേസിസ് പോയിന്‍റ് വരെ പലിശ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ പ്രകാരം റിപ്പോ നിരക്ക് 6 ശതമാനമായി കുറഞ്ഞേക്കും.