Asianet News MalayalamAsianet News Malayalam

കൊവിഡ് മൂന്നാം തരം​ഗ ആശങ്കകൾക്കിടെ ആർബിഐ നിർണായക യോ​ഗം: പലിശ നിരക്ക്, ധനനയ നിലപാട് എന്നിവ ചർച്ച ചെയ്യും

ഓഗസ്റ്റ് നാല് (ബുധനാഴ്ച) മുതൽ ഓഗസ്റ്റ് ആറ് വരെ (വെള്ളിയാഴ്ച) റിസർവ് ബാങ്ക് എംപിസി യോഗം ചേരും.
 

rbi mpc aug 2021
Author
Mumbai, First Published Jul 31, 2021, 6:03 PM IST

മുംബൈ: ഓ​ഗസ്റ്റിൽ ചേരുന്ന റിസർവ് ബാങ്കിന്റെ ധനനയ സമിതി (എംപിസി) പ്രധാന പലിശ നിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന് വിദ​ഗ്ധർ. സമിതി റിപ്പോ നിരക്ക് നാല് ശതമാനമായി തന്നെ നിലനിർത്തുമെന്നാണ് സാമ്പത്തിക വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. നയ നിരക്കുകളിൽ മാറ്റമില്ലാതെ തുടരുമെന്നും വരാനിരിക്കുന്ന മീറ്റിംഗിൽ റിപ്പോ നിരക്ക് നാല് ശതമാനമായി നിലനിർത്താനാണ് സാധ്യതയെന്നും സിംഗപ്പൂർ ആസ്ഥാനമായുള്ള ധനകാര്യ സേവന ഗ്രൂപ്പായ ഡിബിഎസ് അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമമായ ബിസിനസ് ടുഡെ റിപ്പോർട്ട് ചെയ്യുന്നു.  

ഓഗസ്റ്റ് നാല് (ബുധനാഴ്ച) മുതൽ ഓഗസ്റ്റ് ആറ് വരെ (വെള്ളിയാഴ്ച) റിസർവ് ബാങ്ക് എംപിസി യോഗം ചേരും.

വളർച്ചാ അപകടങ്ങളിൽ നിന്ന്, പ്രത്യേകിച്ച് മൂന്നാം കൊവിഡ്-19 തരംഗത്തിൽ നിന്ന് സമ്പദ്‍വ്യവസ്ഥയെ പരിരക്ഷിക്കുന്നതിനുള്ള നയപരമായ നിലപാട് സമിതി ചർച്ച ചെയ്യും. ഉയർന്ന പണപ്പെരുപ്പ നിരക്കും വായ്പ വിതരണവും കണക്കിലെടുത്താകും റിസർവ് ബാങ്കിന്റെ നയ നിലപാട് പ്രഖ്യാപനം. റിവേഴ്സ് റിപ്പോ നിരക്കിൽ മാറ്റം ഉണ്ടായേക്കുമെന്നും വിദ​ഗ്ധർ പ്രവചിക്കുന്നു. 

ആഗോള ഘടകങ്ങൾ, വാക്സിൻ വിതരണം, കാർഷിക ഉൽപാദനം (കാലാവസ്ഥയെ ആശ്രയിച്ച്) എന്നിവയും സമിതി പരി​ഗണിക്കും. മൊത്തം ഡിമാൻഡിലെ മന്ദഗതിയിലുള്ള പുരോഗതി, സേവനമേഖലയുടെ വേ​ഗത കുറഞ്ഞ പുനരാരംഭിക്കൽ, മൂന്നാമത്തെ കൊവിഡ്-19 തരംഗത്തിന്റെ അപകടസാധ്യത എന്നിവ സാമ്പത്തിക വീണ്ടെടുക്കലിനെ ചുറ്റിപ്പറ്റിയുള്ള ആശങ്ക വർധിപ്പിക്കുന്നുണ്ട്. 

ജൂണിൽ സിപിഐ പണപ്പെരുപ്പം മുൻ വർഷത്തെ അപേക്ഷിച്ച് 6.3 ശതമാനം എന്ന നിലയിലായിരുന്നു. ഈ ഉയർന്ന നില തുടർന്നിട്ടും, പണപ്പെരുപ്പം ഇപ്പോഴും വലിയ തോതിൽ വിതരണത്തിൽ അധിഷ്ഠിതമാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. 2021 അവസാനത്തോടെ പണപ്പെരുപ്പം മിതമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios