റിപ്പോ നിരക്ക് ഈ വർഷം ആദ്യം മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു. നിലവിലെ രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതികൾ വിലയിരുത്തിയ ശേഷം ആണ് നയ പ്രഖ്യാപനം.

ദില്ലി: റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി. റിപ്പോ നിരക്ക് 5.5% ആയി നിലനിർത്താൻ ഏകകണ്ഠമായി തീരുമാനിച്ചതായി മൂന്ന് ദിവസത്തെ എംപിസി യോഗത്തിന് ശേഷം സെൻട്രൽ ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു. കൂടാതെ ന്യട്രൽ നിലപാട് നിലനിർത്തി. ഉപഭോക്തൃ വിലക്കയറ്റം ലഘൂകരിക്കുന്നതിനിടയിൽ, ആർബിഐ റിപ്പോ നിരക്ക് ഈ വർഷം ആദ്യം മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു. നിലവിലെ രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതികൾ വിലയിരുത്തിയ ശേഷം ആണ് നയ പ്രഖ്യാപനം.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 700.2 ബില്യൺ ഡോളറിലെത്തി, ഇത് 11 മാസത്തെ ഇറക്കുമതിക്ക് പര്യാപ്തമാണെന്ന് ആർ‌ബി‌ഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. 2026 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 2.6% ആയി പ്രതീക്ഷിക്കുന്നതായും ആ​ദ്യ പാദത്തിലും മൂന്നാം പാദത്തിലും ഇത് 1.8 ശതമാനവും നാലാം പാദത്തിൽ നാല് ശതമാനമായിരിക്കുമെന്നും ആർ‌ബി‌ഐ ഗവർണർ പറഞ്ഞു. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം പണപ്പെരുപ്പം 4.5 ശതമാനമായിരിക്കുമനെന്ന് ആർബിഐ ​ഗവർണർ പറഞ്ഞു.

സെപ്റ്റംബർ 29 ന് ആരംഭിച്ച മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി അവലോകനത്തിന് ശേഷമാണ് ആർ‌ബി‌ഐ ഗവർണർ സഞ്ജയ് മൽഹോത്ര മാധ്യമങ്ങളെ കാണുന്നത്. ഈ വർഷത്തെ യഥാർത്ഥ ജിഡിപി വളർച്ച ഇപ്പോൾ 6.8% ആയി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രവചിച്ചിരുന്നത് 6.5% ആയിരുന്നു,

ആഗോള വ്യാപാര പിരിമുറുക്കങ്ങൾ വർദ്ധിക്കുന്നതും താരിഫ് വർദ്ധനവും പോലുള്ള കാര്യങ്ങൾ രാജ്യത്തിന്റ സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്. ജിഎസ്ടി ഇളവുകൾ പോലുള്ള ആഭ്യന്തര പരിഷ്കാരങ്ങളുടെ പിന്തുണയോടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പ്രതിരോധശേഷി കാണിക്കുന്നുണ്ടെങ്കിലും, ശ്രദ്ധാപൂർവ്വമായ ഇടപെടലുകൾ അനിവാര്യമാണെന്നും ആർബിഐ ​ഗവർണർ പറഞ്ഞു