സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ആര്‍ബിഐയുടെ പുതിയ നിര്‍ദേശങ്ങളിലെ പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:

Add Asianetnews as a Preferred SourcegooglePreferred

ബാങ്കുകള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്ന പ്രവണതയ്ക്ക് തടയിടാന്‍ റിസര്‍വ് ബാങ്ക് കര്‍ശന നടപടികളുമായി രംഗത്ത്. ആവശ്യപ്പെടാത്ത ഇന്‍ഷുറന്‍സോ മറ്റ് സാമ്പത്തിക ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ ബാങ്കുകള്‍ നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിച്ചാല്‍, ഉപഭോക്താവിന് അടച്ച തുക പൂര്‍ണമായും തിരികെ നല്‍കണമെന്നതാണ് പുതിയ കരട് നിര്‍ദേശത്തിലെ പ്രധാന വ്യവസ്ഥ. 2026 ജൂലൈ 1 മുതല്‍ ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.

സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ആര്‍ബിഐയുടെ പുതിയ നിര്‍ദേശങ്ങളിലെ പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:

ഉല്‍പ്പന്നം ഉപഭോക്താവിന് യോജിച്ചതാകണം

്.ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ വില്‍ക്കുന്നതിന് മുന്‍പ്, അത് ഉപഭോക്താവിന്റെ വരുമാനം, പ്രായം, സാമ്പത്തിക അറിവ് എന്നിവയ്ക്ക് യോജിച്ചതാണോ എന്ന് ബാങ്ക് ഉറപ്പുവരുത്തണം. ഉപഭോക്താവിന് അനുയോജ്യമല്ലാത്ത പദ്ധതികള്‍ വില്‍ക്കുന്നത് ഇനി മുതല്‍ നിയമവിരുദ്ധമായി കണക്കാക്കും.

'എല്ലാം സമ്മതം' എന്ന ടിക്ക് വേണ്ട

ബാങ്ക് ആപ്പുകളിലും വെബ്‌സൈറ്റുകളിലും ഒരൊറ്റ ക്ലിക്കിലൂടെ പല ഉല്‍പ്പന്നങ്ങള്‍ക്കും സമ്മതം നല്‍കുന്ന രീതി ഇനി അനുവദിക്കില്ല. ഓരോ ഉല്‍പ്പന്നത്തിനും വെവ്വേറെ അനുവാദം ചോദിക്കുകയും അത് രേഖപ്പെടുത്തുകയും വേണം. അറിയാതെ പല പദ്ധതികളിലും പെട്ടുപോകുന്ന ഉപഭോക്താക്കള്‍ക്ക് ഇതൊരു വലിയ ആശ്വാസമാണ്.

ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്ക് പൂട്ടിടും

ഉപഭോക്താക്കളെക്കൊണ്ട് നിര്‍ബന്ധിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ തന്ത്രങ്ങള്‍ക്കും നിയന്ത്രണം വരും. സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കാന്‍ ബുദ്ധിമുട്ടിക്കുക, ഓഫര്‍ തീരാന്‍ പോകുന്നുവെന്ന് കള്ളം പറഞ്ഞ് ധൃതി പിടിപ്പിക്കുക , നിരക്കുകള്‍ ഒളിപ്പിച്ചു വെക്കുക തുടങ്ങിയ തന്ത്രങ്ങള്‍ പാടില്ല. ബാങ്കുകള്‍ തങ്ങളുടെ ആപ്പുകളും വെബ്‌സൈറ്റുകളും ഓഡിറ്റ് ചെയ്ത് ഇത്തരം രീതികള്‍ ഒഴിവാക്കണം.

ഏജന്റുമാരുടെ ഉത്തരവാദിത്തം ബാങ്കിന്

ബാങ്ക് ശാഖകളില്‍ ഇരിക്കുന്ന തേര്‍ഡ് പാര്‍ട്ടി ഏജന്റുമാരുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇനി ബാങ്കിനായിരിക്കും. ഇവര്‍ ബാങ്ക് ജീവനക്കാരല്ലെന്ന് ഉപഭോക്താവിന് വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കണം. ഇവരുടെ പട്ടിക ബാങ്കുകള്‍ പരസ്യപ്പെടുത്തുകയും അവര്‍ക്ക് മതിയായ പരിശീലനം നല്‍കുകയും വേണം.

കബളിപ്പിക്കപ്പെട്ടാല്‍ പണം മുഴുവന്‍ തിരികെ

ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ചാണ് ഒരു ഉല്‍പ്പന്നം വിറ്റതെന്ന് തെളിഞ്ഞാല്‍, ഉപഭോക്താവ് അടച്ച തുക മുഴുവനായും ബാങ്ക് തിരികെ നല്‍കണം. ഭാഗികമായ റീഫണ്ട് മതിയാകില്ല. കൂടാതെ, ഇതുമൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരവും നല്‍കണം. വില്‍പ്പന നടന്ന് 30 ദിവസത്തിനുള്ളില്‍ ബാങ്ക് ഉപഭോക്താവിനെ ബന്ധപ്പെട്ട് അഭിപ്രായം തേടണമെന്നും നിര്‍ദേശമുണ്ട്.ഈ കരട് നിര്‍ദേശങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 2026 മാര്‍ച്ച് 4 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം. അന്തിമ ചട്ടങ്ങള്‍ 2026 ജൂലൈ 1 മുതല്‍ നടപ്പിലാകും.