ഇറക്കുമതി, കയറ്റുമതി ഇടപാടുകൾ രൂപയിലേക്ക് മാറ്റുന്ന പുതിയ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ആർബിഐ അറിയിച്ചു

ദില്ലി : ഇറക്കുമതി, കയറ്റുമതി ഇടപാടുകൾ രൂപയിലേക്ക് (Rupee) മാറ്റാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). ഇനി മുതൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾക്ക് രൂപ ഉപയോഗിക്കാം എന്നാണ് ആർബിഐയുടെ പുതിയ നിലപാട്. ഉക്രൈൻ അധിനിവേശത്തെ തുടർന്ന് ഉപരോധം നേരിടുന്ന റഷ്യയുമായുള്ള വ്യാപാരം സുഗമമാക്കുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. 

പുതിയ സംവിധാനം അനുസരിച്ച് പ്രവർത്തിക്കുന്നതിന് ബാങ്കുകൾ മുൻകൂർ അനുമതി തേടേണ്ടതുണ്ട്. പുതിയ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ആർബിഐ അറിയിച്ചു.

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ഊന്നൽ നൽകിക്കൊണ്ട് വ്യാപാരം വർധിപ്പിക്കും. ഇൻവോയ്സിംഗ്, പേയ്മെന്റ്, സെറ്റിൽമെന്റ് എന്നിവയ്ക്കായി ഇനി മുതൽ രൂപ ഉപയോഗിക്കാം. കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ഏതു രാജ്യവുമായാണോ ഇടപടി നടത്തുന്നത് അതിന്റെ കറസ്‌പോണ്ടന്റ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് വഴി പേയ്‌മെന്റുകൾക്ക് രൂപ ഉപയോഗിക്കാം. കറൻസികൾ തമ്മിലുള്ള വിനിമയ നിരക്ക് വിപണിയിൽ നിലനിൽക്കുന്നതായിരിക്കും. 

ഇതിനുപുറമെ, 1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് പ്രകാരം പ്രോജക്‌റ്റുകൾക്കും നിക്ഷേപങ്ങൾക്കുമുള്ള പേയ്‌മെന്റുകൾക്കും ഇറക്കുമതി അല്ലെങ്കിൽ കയറ്റുമതി, ഗവൺമെന്റ് ട്രഷറി ബില്ലുകളിലെ നിക്ഷേപം എന്നിവയ്‌ക്കും സ്‌പെഷ്യൽ വോസ്‌ട്രോ അക്കൗണ്ടുകൾ ഉപയോഗിക്കാമെന്ന് ആർബിഐ അറിയിച്ചു.