ഓരോ മാസവും ഇഷ്ടമുള്ള തുക നിക്ഷേപിക്കുന്നതിലൂടെ സമ്പാദ്യം വളർത്താനുള്ള മാർഗമാണ് റിക്കറിംഗ് ഡിപ്പോസിറ്റ്.

നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും റിക്കറിംഗ് ഡിപ്പോസിറ്റിനെ കുറിച്ച് അറിയണം. ഓരോ മാസവും ഇഷ്ടമുള്ള തുക നിക്ഷേപിക്കുന്നതിലൂടെ സമ്പാദ്യം വളർത്താനുള്ള മാർഗമാണ് റിക്കറിംഗ് ഡിപ്പോസിറ്റ്. ഇന്ത്യയിലെ മിക്ക ബാങ്കുകളും 6 മാസം മുതൽ 10 വർഷം വരെ കാലാവധിയിൽ റിക്കറിംഗ് ഡിപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നു. 5.00% മുതൽ 7.85% വരെയാണ് സാധാരണയായി റിക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക്. സാധാരണ പൗരന്മാരെ അപേക്ഷിച്ച് മിക്ക ബാങ്കുകളും മുതിർന്ന പൗരന്മാർക്കാണ് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ജൂനിയ‍ർ ആ‍ർഡി, സീനിയ‍ർ സിറ്റിസ‍ൺ ആ‍ർഡി, എൻആ‍ർഒ ആ‍ർഡി, സ്പെഷ്യൽ ആ‍ർ‍ഡി എന്നിങ്ങനെ വിവിധ തരം റിക്കറിം​ഗ് ഡിപ്പോസിറ്റ് സ്കീമുകളുണ്ട്. അവയെക്കുറിച്ച് കൂടുതൽ അറിയാം; 

റെഗുലർ സേവിംഗ്സ് സ്കീം

18 വയസ്സിന് മുകളിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന റിക്കറിംഗ് ഡിപ്പോസിറ്റ് ആണ് റെഗുലർ സേവിംഗ്സ് സ്കീം. ഇതിലൂടെ നിങ്ങൾക്ക് ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ തിരഞ്ഞെടുക്കാം. സാധാരണയായി ഇങ്ങനെയുള്ള സ്കീമുകൾക്ക് 6 മാസം മുതൽ 10 വർഷം വരെയാണ് കാലാവധി. കാലാവധി അവസാനിക്കുമ്പോൾ, ഒറ്റത്തവണയായി തുക പിൻവലിക്കാം. 

ജൂനിയർ ആർഡി സ്കീം

കുട്ടികൾക്കായുള്ള ബാങ്കുകൾ ഒരുക്കിയിരിക്കുന്ന റിക്കറിംഗ് ഡിപ്പോസിറ്റ് സ്കീമാണിത്. കുട്ടികളുടെ ഭാവി, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി മാതാപിതാക്കൾക്കോ ​​രക്ഷിതാക്കൾക്കോ ​​അവരുടെ പേരിൽ ഈ നിക്ഷേപങ്ങൾ ആരംഭിക്കാവുന്നതാണ്. വിദ്യാർത്ഥികൾക്കും ഈ നിക്ഷേപ പദ്ധതികൾ പ്രയോജനപ്പെടുത്താം. കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ ധനകാര്യം കൈകാര്യം ചെയ്യാൻ പഠിക്കാനും സമ്പാദ്യത്തിന്റെ പ്രാധാന്യവും പണത്തെക്കുറിച്ചുള്ള മികച്ച ബോധവും വളർത്തിയെടുക്കാൻ ഇത് സഹായിക്കും. പലപ്പോഴും ഉയർന്ന പലിശ നിരക്ക് ഇങ്ങനെയുള്ള അക്കൗണ്ടുകളിൽ ലഭിക്കും. 

സീനിയർ സിറ്റിസൺസ് ആർഡി സ്കീം

സാധാരണ നിക്ഷേപങ്ങൾക്ക് നൽകുന്നത് പോലെത്തന്നെ മുതിർന്ന പൗരന്മാർക്ക് ബാങ്കുകൾ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 4.00% മുതൽ 7.25% വരെയാണ് പലിശ നിരക്ക്. മുതിർന്ന പൗരന്മാരെ അവരുടെ റിട്ടയർമെന്റിലും വാർദ്ധക്യത്തിലും സഹായിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള സ്കീമുകളും ലഭ്യമാണ്.

എൻആർഇ, എൻആർഒ ആർഡി സ്കീം

പ്രവാസികൾക്ക് നൽകുന്ന എൻആർഇ സ്കീമിൽ പലപ്പോഴും പലിശ നിരക്കുകൾ കുറവായിരിക്കും. എൻആർഒ ആർഡി അക്കൗണ്ടുകൾക്കും മറ്റ് ആർഡി അക്കൗണ്ടുകൾ അപേക്ഷിച്ച് പലിശ നിരക്ക് കുറവായിരിക്കും.