Asianet News MalayalamAsianet News Malayalam

വ്യവസായ വകുപ്പിന് പുതിയ വെബ്സൈറ്റ് നിലവിൽ വന്നു: ഈസ് ഓഫ് ഡൂയിങ് ബിസിനസിന് പ്രാധാന്യം നൽകുക ലക്ഷ്യം

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, സംസ്ഥാന പ്രൊമോഷണല്‍ ഏജന്‍സികള്‍, വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍, ലിങ്കുകള്‍, മേളകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയും വെബ്സൈറ്റിലുണ്ട്. 

redesigned website of Department of Industries & Commerce Kerala
Author
Thiruvananthapuram, First Published Dec 29, 2020, 5:23 PM IST

തിരുവനന്തപുരം: വ്യവസായ വകുപ്പ്, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെ -ബിപ്) എന്നിവയുടെ പുതിയ വെബ്സൈറ്റുകൾ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഉൾപ്പെടയുളളവയ്ക്ക് പ്രാധാന്യം നൽകിയാണ് (www.keralaindustry.org, www.kbip.org) എന്നീ വെബ്സൈറ്റുകൾ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. 

കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലകളിലെ സംരംഭകരോടൊപ്പം പ്രോത്സാഹന സൗഹൃദ പ്രവര്‍ത്തനങ്ങളുമായി വ്യവസായ വകുപ്പിനു വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന കെ-ബിപ്പാണ് വ്യവസായ വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്. കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന് പുനര്‍രൂപകല്പന ചെയ്ത വെബ്സൈറ്റില്‍ വകുപ്പിന്‍റെ നൂതന സംരംഭങ്ങളായ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, കെ-സ്വിഫ്റ്റ്, ഇന്‍വെസ്റ്റ് കേരള എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ വന്‍കിട പദ്ധതികള്‍, കേരള ഇ-മാര്‍ക്കറ്റ്, അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകളും വ്യവസായ കേരളം മാസികയുടെ ഓണ്‍ലൈന്‍ പതിപ്പുകളും ഇന്‍വെസ്റ്റര്‍ കണക്റ്റും ലഭിക്കും. 

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, സംസ്ഥാന പ്രൊമോഷണല്‍ ഏജന്‍സികള്‍, വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍, ലിങ്കുകള്‍, മേളകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയും വെബ്സൈറ്റിലുണ്ട്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലകളുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ച കൊവിഡ് കാലത്ത് അവയുടെ ഉന്നമനത്തിനായി വ്യവസായ വകുപ്പ് രൂപീകരിച്ച വ്യവസായ ഭദ്രതയെക്കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. 

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് പുതിയ ലൈസന്‍സ് എടുക്കുന്നതിനും പഴയത് പുതുക്കുന്നതിനും അപേക്ഷകള്‍ സമര്‍പ്പിക്കുന്ന ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഈ വെബ്സൈറ്റില്‍ ലഭ്യമാണ്. വ്യവസായ വാണിജ്യ  നയങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ തുടങ്ങിയവയും ലഭിക്കും.

സൂക്ഷ്മ ചെറുകിട ഇടത്തരം മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേരളത്തിലെ നടത്തിപ്പ് ചുമതല വഹിച്ചു വരുന്ന കെ-ബിപ്പ് എംഎസ്ഇ-സിഡിപി പദ്ധതി പ്രകാരം വ്യവസായ ക്ലസ്റ്ററുകളില്‍ കോമണ്‍ ഫെസിലിറ്റി സെന്‍റര്‍ (ഇഎഇ) സ്ഥാപിക്കുന്ന ഇംപ്ലിമെന്‍റിംഗ് ഏജന്‍സിയാണ്. 

Follow Us:
Download App:
  • android
  • ios