സുരക്ഷ ശക്തമാക്കി യാത്രക്കാരില്‍ ആത്മവിശ്വാസം ഉറപ്പിച്ചില്ലെങ്കില്‍ അത് സംസ്ഥാനത്തിന്‍റെ വിനോദസഞ്ചാര മേഖലയ്ക്ക് ദോഷകരമാകുമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു

രുപത്തിയാറ് പേരെ വധിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, കശ്മീര്‍ താഴ്വരയിലെ കാഴ്ചകള്‍ തീര്‍ത്തും ആശങ്കപ്പെടുത്തുന്നതാണ്. അതുവരെ സഞ്ചാരികളുടെ വരവ് കാരണം തിരക്കേറിയ ശ്രീനഗറിലെ വിമാനത്താവളം താഴ്വരയില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകളാല്‍ നിറഞ്ഞിരിക്കുന്നു. കശ്മീരിന്‍റെ അതുല്യമായ പ്രകൃതി സൗന്ദര്യത്തിന്‍റെ പ്രതീകമായ ദാല്‍ തടാകം വിജനമാണ്. രണ്ട് ദിവസം മുമ്പ് വരെ ഉയര്‍ന്ന ഡിമാന്‍ഡുള്ള ശിക്കാരകള്‍ ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്കായി കാത്തിരിപ്പിലാണ്. പഹല്‍ഗാമിലുണ്ടായ തീവ്രവാദി ആക്രമണം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത ആഘാതമായിരിക്കുകയാണ്. ആക്രമണത്തെത്തുടര്‍ന്ന് മിക്ക വിനോദസഞ്ചാരികളും യാത്ര പരിപാടികള്‍ റദ്ദാക്കുന്നതായാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന സൂചന. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ കശ്മീരിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്ന നിരവധി വിനോദസഞ്ചാരികള്‍ ഇതിനകം തന്നെ യാത്ര റദ്ദാക്കിയിട്ടുണ്ട്. തിരക്കേറിയ സീസണില്‍ ആക്രമണം ഉണ്ടായത് കശ്മീരിലെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാണ്. കശ്മീര്‍ ടൂര്‍ റദ്ദാക്കുന്ന വിനോദസഞ്ചാരികള്‍ പകരം ഹിമാചല്‍ പ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളാണ് പരിഗണിക്കുന്നത്. 

പറുദീസ തകര്‍ത്ത തീവ്രവാദം

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കശ്മീരിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായത് .2025 ല്‍ ഇതിനകം 2.3 കോടിയിലധികം സന്ദര്‍ശകരാണ് കശ്മീരില്‍ എത്തിയത്. ഗുജറാത്തില്‍ നിന്ന് മാത്രം ഈ വര്‍ഷം 3 ലക്ഷത്തോളം സഞ്ചാരികള്‍ കശ്മീര്‍ യാത്ര പദ്ധതിയിട്ടുണ്ടെന്നാണ് കണക്ക്..ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ ഒരാള്‍ക്ക് 40,000 രൂപ വരെ ആയി വര്‍ധിച്ചിരുന്നു. ആക്രമണം ഉണ്ടായതോടെ ഈ മാസത്തേക്കുള്ള എല്ലാ ബുക്കിംഗുകളും പല ടൂര്‍ ഓപ്പറേറ്റര്‍മാരും റദ്ദാക്കിയിരിക്കുകയാണ്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം, ജമ്മു കശ്മീരിലേക്കുള്ള ബുക്കിംഗുകളില്‍ ഏകദേശം 90 ശതമാനവും വിനോദസഞ്ചാരികള്‍ റദ്ദാക്കിയതായി ഡല്‍ഹിയിലെ നിരവധി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു കശ്മീര്‍ മാത്രമല്ല, ജമ്മു സന്ദര്‍ശിക്കാന്‍ പോലും ആളുകള്‍ ഇപ്പോള്‍ ഭയപ്പെടുകയാണെന്നും വൈഷ്ണോ ദേവി ക്ഷേത്രത്തിനായി കത്രയിലേക്ക് പോകുന്നവര്‍ പോലും ഭീകരാക്രമണത്തിന് ശേഷം അവയെല്ലാം റദ്ദാക്കിതായും ടൂര്‍ ഏജന്‍സികള്‍ പറയുന്നു.

സുരക്ഷ ശക്തമാക്കി യാത്രക്കാരില്‍ ആത്മവിശ്വാസം ഉറപ്പിച്ചില്ലെങ്കില്‍ അത് സംസ്ഥാനത്തിന്‍റെ വിനോദസഞ്ചാര മേഖലയ്ക്ക് ദോഷകരമാകുമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു