ഇതിലും വലിയൊരു ലിഫ്റ്റ് ലോകത്തിലില്ലെന്ന് റിലയൻസ് ഗ്രൂപ്പ് അവകാശപ്പെടുന്നു. 25.78 സ്ക്വയർ മീറ്ററാണ് ലിഫ്റ്റിന്‍റെ വലുപ്പം.

മുംബൈ: ഒരു സമയം 200 പേരെ വഹിക്കാൻ ശേഷിയുള്ള ഭീമന്‍ ലിഫ്റ്റ്. ഏത് രാജ്യത്താണിതെന്ന് അത്ഭുതപ്പെടാന്‍ വരട്ടേ, ഇത്രയും ഭീമൻ ഒരു ലിഫ്റ്റിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു, നമ്മുടെ ഇന്ത്യയില്‍. മുംബൈയിലെ ബാന്ദ്രാ കുർലാ കോംപ്ലക്സിലെ ജിയോ വേൾഡ് സെന്‍ററിലാണ് ഭീമൻ ലിഫ്റ്റ് ഉള്ളത്. 

ഇതിലും വലിയൊരു ലിഫ്റ്റ് ലോകത്തിലില്ലെന്ന് റിലയൻസ് ഗ്രൂപ്പ് അവകാശപ്പെടുന്നു. 25.78 സ്ക്വയർ മീറ്ററാണ് വലുപ്പം. മുംബൈയിൽ ഒരു കിടപ്പ് മുറിയുള്ള ഫ്ലാറ്റിന് 30 സ്ക്വയർ മീറ്റ‍റേ വലുപ്പം വരൂ എന്ന് ഓ‍ർക്കണം. ഫിന്നിഷ് കമ്പനിയായ കോൺ ആണ് നി‍ർമ്മാതാക്കൾ. മറ്റുള്ള ലിഫ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി മുകളിലേക്കുയർത്തുന്ന മെഷീൻ ഇവിടെ ലിഫ്റ്റിന്‍റെ അടിഭാഗത്തായാണ് ഘടിപ്പിച്ചിരിക്കുന്നത്. സെക്കൻഡിൽ 1 മീറ്ററാണ് വേഗം. 16 ടൺ ഭാരവുമുണ്ട്. 

View post on Instagram

ആറ് വ‌‌ർഷത്തോളം പ്ലാൻ ചെയ്താണ് വമ്പൻ ലിഫ്റ്റ് യാഥാർഥ്യമാക്കിയതെന്ന് റിലയൻസ് ഇന്‍റസ്ട്രീസ് റിയൽ എസ്റ്റേറ്റ് പ്രൊജക്ട് പ്രസിഡന്‍റ് രാജ്‍മൽ നഹർ പറഞ്ഞു. നിർമ്മാണചെലവിനെക്കുറിച്ച് റിലയൻസ് ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടില്ല. 1857ൽ ന്യൂയോ‍ക്കിലെ ബ്രോഡ്വേയിലെ 5 നില ഹോട്ടലിലാണ് ലോകത്തിന്‍റെ ആദ്യത്തെ പാസഞ്ചർ ലിഫ്റ്റ് സ്ഥാപിച്ചത്. 40 വർഷങ്ങൾക്ക് ശേഷം 1892ൽ കൊൽക്കത്ത രാജ്ഭവനിലാണ് ഇന്ത്യയിലെ ആദ്യത്തെ ലിഫ്റ്റ് സ്ഥാപിക്കുന്നത്. ഏതാണ്ട് 222 വർഷങ്ങൾക്ക് ശേഷം ലോകത്തിന്‍റെ ഏറ്റവും വലിയ പാസഞ്ചർ ലിഫ്റ്റ് ഇന്ത്യയിൽ സ്ഥാപിക്കപ്പെടുമ്പോള്‍ രാജ്യത്തെ ഓരോരുത്തര്‍ക്കും അഭിമാനിക്കാമെന്ന് റിലയന്‍സ് ഗ്രൂപ്പ് പറയുന്നു.