ദില്ലി: ട്രായ് പുറത്തുവിട്ട ഏറ്റവും പുതിയ സബ്‌സ്ക്രൈബർ നിരക്ക് പ്രകാരം വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ജിയോയുടെ വളർച്ച ഇടിയുകയാണ്. ഇത് ഹ്രസ്വകാലത്തേക്കായിരിക്കാമെങ്കിലും സമയം മറ്റ് ടെലികോം കമ്പനികൾക്ക് ജിയോയ്ക്കുണ്ടായ തിരിച്ചടി പ്രധാനമാണ്.

വൊഡഫോൺ ഐഡിയ നിരക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. തങ്ങളും ഇതേ തീരുമാനത്തിലാണെന്ന് ഭാരതി എയർടെല്ലും വ്യക്തമാക്കി. എന്നാൽ ജിയോ നിരക്കുയർത്തുമോയെന്ന് വ്യക്തമല്ല. എന്നാൽ ചില നിരീക്ഷകരുടെ അഭിപ്രായത്തിൽ ജിയോ നിരക്ക് വർധിപ്പിക്കില്ല.

ജിയോ നിരക്ക് വർധിപ്പിക്കാത്തതിനാൽ തന്നെ വർധിപ്പിക്കുന്ന നിരക്ക് അതേപടി താഴ്ത്താൻ എയർടെല്ലും വൊഡഫോൺ ഐഡിയയും നിർബന്ധിതരാവുമെന്നാണ്  ഗോൾഡ്മാൻ സാക്സിന്റെ വിലയിരുത്തൽ. 500 ദശലക്ഷം സബ്സ്ക്രൈബർ നിരക്ക് എന്ന ലക്ഷ്യമാണ് നിശ്ചയിച്ചിരുന്നതെങ്കിലും 404 ദശലക്ഷത്തിലേക്കാണ് 2020 സെപ്തംബറിൽ എത്തിയത്.

സെപ്തംബറിൽ മാത്രം എയർടെൽ 3.78 ദശലക്ഷം സബ്സ്ക്രൈബർമാരെ നേടിയപ്പോൾ ജിയോ നേടിയത് 1.46 ദശലക്ഷം സബ്സ്ക്രൈബർമാരെയാണ്. ആഗസ്റ്റിൽ 29 ലക്ഷം സബ്സ്ക്രൈബേർസിനെയാണ് എയർടെൽ കൂട്ടിച്ചേർത്തത്. ജിയോ നേടിയതാകട്ടെ 18.6 ദശലക്ഷം പേരെയാണ്. ജൂലൈ വരെ ജിയോയാണ് ഈ കണക്കിൽ മുന്നിലുണ്ടായിരുന്നത്.