Asianet News MalayalamAsianet News Malayalam

കർഷകർക്ക് ആശ്വാസം; വായ്പകളിൽ ഒരു വർഷത്തേക്ക് സർഫാസി ഇല്ല, ജപ്തി നിർത്തും

ഇതിനായി റിസർവ് ബാങ്കിന്‍റെ അനുമതി ഉടൻ വാങ്ങുമെന്നും കൃഷിമന്ത്രി. ഒരു വർഷത്തേക്ക് കാർഷിക, കാർഷികേതര വായ്പകളിൽ ജപ്തി ഉണ്ടാകില്ല. 

relief for farmers no sarfaesi act on farm loans for next one year says kerala minister vs sunilkumar
Author
Thiruvananthapuram, First Published Mar 6, 2019, 11:16 AM IST

തിരുവനന്തപുരം: പ്രളയത്തെത്തുടർന്ന് വിളകൾ നശിച്ച് ദുരിതത്തിലായ കർഷകർക്ക് ആശ്വാസമായി സർക്കാർ നടപടി. അടുത്ത ഒരു വർഷത്തേയ്ക്ക് കാർഷിക, കാർഷികേതര വായ്പകളിൽ ജപ്‍തി നടപടികൾ പാടില്ലെന്ന്  ബാങ്കേഴ്സ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടു. ബാങ്കേഴ്സ് സമിതി ഇക്കാര്യം അംഗീകരിച്ചതായി കൃഷിമന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു.

അടുത്ത ഒരു വർഷത്തേക്ക് കർഷകരുടെ കാർഷിക, കാർഷികേതര വായ്‍പകളിൽ സർഫാസി നിയമം ചുമത്തില്ല. ഇതിനായി റിസർവ് ബാങ്കിന്‍റെ പ്രത്യേക അനുമതി വാങ്ങാനും തീരുമാനമായി. 

ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'റോവിംഗ് റിപ്പോർട്ടർ' വാർത്താ പരമ്പരയിൽ ജപ്തി നോട്ടീസ് കിട്ടിയ പതിനയ്യായിരത്തോളം കർഷകരുണ്ട് ഇടുക്കിയിൽ മാത്രമെന്ന് റിപ്പോർട്ട് ചേർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച സംസ്ഥാനസർക്കാർ പ്രത്യേകമന്ത്രിസഭാ യോഗം ചേർന്ന് ബാങ്കേഴ്‍സ് സമിതിയുമായി മുഖ്യമന്ത്രി തന്നെ കൂടിക്കാഴ്ച നടത്താമെന്ന് തീരുമാനിച്ചത്. 

വാണിജ്യബാങ്കുകളെ കടാശ്വാസ കമ്മീഷൻ പരിധിയിൽ കൊണ്ടുവരണമെന്ന സർക്കാർ നിർദേശം പരിഗണിക്കാമെന്നും ബാങ്കേഴ്‍സ് സമിതി വ്യക്തമാക്കി. നാളെ ഇടുക്കിയിൽ കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ സന്ദർശനം നടത്തുന്നുണ്ട്. ജില്ലാതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ മന്ത്രി പങ്കെടുക്കും. 

പഞ്ചായത്ത് തലങ്ങളിലും ഇനി കർഷകരുടെ യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്. അവിടെ ബാങ്ക് ഉദ്യോഗസ്ഥരെയും കർഷകരെയും ഒന്നിച്ചിരുത്തി യോഗം നടത്തും. നേരത്തേ വായ്‍പ എടുത്തവർക്ക് പുതിയ വായ്‍പ നിഷേധിക്കരുതെന്നും ബാങ്കേഴ്‍സ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ പ്രഖ്യാപിച്ച എല്ലാ നടപടികളും റിസർവ് ബാങ്കിന്‍റെ അനുമതിയോടെ മാത്രമേ നടപ്പാകൂ. അതിനായി ഈ മാസം 12-ന് സഹകരണമന്ത്രി ആർബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. 

Read More - 15000 പേര്‍ക്ക് ജപ്തി നോട്ടീസ്; ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ലെന്ന് ഇടുക്കിയിലെ കര്‍ഷകര്‍

Read More: ഇടുക്കിയിൽ ബാങ്കുകളുടെ ഗുണ്ടായിസമെന്ന് കൃഷിമന്ത്രി; പ്രതിസന്ധി മുതലെടുക്കരുതെന്ന് മുന്നറിയിപ്പ്

എന്താണ് സർഫാസി നിയമം?

സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് എന്നതിന്റെ ചുരുക്കപ്പേരാണ് സർ‌ഫാസി. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം സര്‍ഫാസി പ്രദാനം ചെയ്യുന്നു. ജപ്തി നടപടികളിൽ‌ കോടതിയുടെ ഇടപെടൽ‌ സാധ്യമല്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. തിരിച്ചു കിട്ടാത്ത കടങ്ങള്‍ക്ക് മേലുള്ള ആസ്തികളില്‍ ബാങ്കുകൾക്ക് ഏതു നടപടിയും സ്വീകരിക്കാം. കോടതിയുടെ അനുമതി ആവശ്യമില്ല. ആസ്തിയിന്മേൽ ആൾത്താമസമുണ്ടെങ്കിൽ അത് ഒഴിപ്പിക്കാനും ബാങ്കിന് നേരിട്ട് സാധിക്കും.

Follow Us:
Download App:
  • android
  • ios