റിപ്പോ നിരക്ക് ഉയർത്തുന്നതിന് മുൻപ് തന്നെ രാജ്യത്തെ പ്രധാന ബാങ്കുകളെല്ലാം തന്നെ വായ്പ നിരക്ക് ഉയർത്തിയിരുന്നു. റിപ്പോ നിരക്ക് ഉയർത്തിയതോടെ ബാങ്കുകൾ വീണ്ടും പലിശ നിരക്കുകൾ ഉയർത്താൻ സാധ്യതയുണ്ട്.
പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) റിപ്പോ നിരക്ക് (repo rate) വർധിപ്പിച്ചു കഴിഞ്ഞു. രണ്ട് വർഷമായി മാറ്റമില്ലാതെ തുടരുന്ന റിപ്പോ നിരക്ക് ഇന്ന് ഉച്ചയ്ക്കാണ് ആർബിഐ അപ്രതീക്ഷിതമായി വർധിപ്പിച്ചത്. ഇതോടെ രാജ്യത്തെ വാണിജ്യ ബാങ്കുകൾ എല്ലാം തന്നെ വായ്പ പലിശ നിരക്കുകൾ വീണ്ടും ഉയർത്തിയേക്കും. നാല് ശതമാനമുള്ള റിപ്പോ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് (BPS) വർദ്ധിപ്പിച്ച് 4.40 ശതമാനമായാണ് ആർബിഐ ഉയർത്തിയത്.
2022 മാർച്ചിൽ 41 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 8.5 ശതമാനത്തിലെത്തിയ പണപ്പെരുപ്പം നിയന്ത്രിക്കാനാണ് ആർബിഐയുടെ നീക്കം. റിപ്പോ നിരക്ക് വർധിക്കുമ്പോൾ അത് ബാങ്കുകളുടെ വായ്പ നിരക്ക് ഉയർത്തിയേക്കും. ഇത് ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചേക്കും. കോവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന വായ്പകൾ എടുത്ത സാധാരണക്കാർക്കുള്ള കനത്ത തിരിച്ചടിയാകും ഈ നിരക്ക് വർധനവ്. റിപ്പോ നിരക്ക് ഉയർത്തുന്നതിന് മുൻപ് തന്നെ രാജ്യത്തെ പ്രധാന ബാങ്കുകളെല്ലാം തന്നെ വായ്പ നിരക്ക് ഉയർത്തിയിരുന്നു. റിപ്പോ നിരക്ക് ഉയർത്തിയതോടെ ബാങ്കുകൾ വീണ്ടും പലിശ നിരക്കുകൾ ഉയർത്താൻ സാധ്യതയുണ്ട്.
എന്താണ് റിപ്പോ നിരക്ക്?
രാജ്യത്തെ ബാങ്കുകൾക്ക് ആർബിഐ നൽകുന്ന വായ്പയുടെ മുകളിലുള്ള പലിശ നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് ഉയർത്തുമ്പോൾ ബാങ്കുകൾ വായ്പയ്ക്ക് മുകളിൽ കൂടുതൽ പലിശ നൽകേണ്ടി വരും ഇങ്ങനെ വരുമ്പോൾ ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന വായ്പയുടെ നിരക്കും വർധിപ്പിക്കും. നിലവിൽ കൊവിഡ് 19 തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന സാധരണ ജനങ്ങൾക്ക് വീണ്ടും ഒരു നിരക്ക് വർധനവ് തിരിച്ചടിയാകും.
എന്താണ് റിവേഴ്‌സ് റിപ്പോ നിരക്ക്?
വിപണിയിലെ അധിക പണം തിരിച്ചെടുക്കാൻ റിസർവ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളിൽ നിന്ന് പണം കടമെടുക്കുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്.
രാജ്യത്തെ പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ പണനയ സമിതി ഇന്ന് അസാധാരണ യോഗം ചേരുകയായിരുന്നു. വിപണിയിലെ പണലഭ്യത കുറയ്ക്കുകയും ഇതിലൂടെ വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇതിലൂടെ ആർബിഐ ലക്ഷ്യമിടുന്നത്. പുതുക്കിയ നിരക്കുകൾ വളരെ പെട്ടന്നുതന്നെ പ്രാബല്യത്തിൽ വരുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്.
റഷ്യ - ഉക്രൈൻ സംഘർഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം എന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്താ ദാസ് വ്യക്തമാക്കിയിട്ടുണ്ട്.
