റെസ്റ്ററന്‍റ്  2.5 ശതമാനം ജിഎസ്‌ടിക്ക് പുറമേ സേവന ഫീസും അന്യായമായി ഈടാക്കുകയായിരുന്നു. ഇതോടെ 4,918 രൂപയുടെ ബില്ലാണ് ലഭിച്ചതെന്ന് കാട്ടി സിദ്ധാര്‍ഥ് പരാതി നൽകി.

ഗാസിയാബാദ്: അധിക സേവന നിരക്ക് എന്ന പേരിൽ കൂടുതല്‍ തുക ബില്ലിൽ ഉള്‍പ്പെടുത്തിയ റെസ്റ്ററന്‍റിന് പിഴ ചുമത്തി. ഗാസിയാബാദ് ആസ്ഥാനമായുള്ള ഒരു റെസ്റ്ററിന്‍റിനാണ് പിഴ ചുമത്തിയിട്ടുള്ളത്. ഡൂൺ നിവാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2021 സെപ്റ്റംബറിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്ത് സിദ്ധാർത്ഥ് റാവത്ത് ‘ക്രോപ്‌സ് ആൻഡ് കറിസ്’റെസ്റ്ററന്‍റിൽ ഭക്ഷണം കഴിച്ചത്. ബിൽ ലഭിച്ചപ്പോൾ, ചരക്ക് സേവന നികുതിക്ക് മുകളിൽ 10 ശതമാനം സേവന നിരക്ക് കൂടെ ചേര്‍ത്തിരിക്കുന്നത് കണ്ട് അദ്ദേഹം അമ്പരന്നു.

തർക്കത്തിലേര്‍പ്പെട്ടെങ്കിലും ബില്ലിൽ പറഞ്ഞിരുന്ന തുക തന്നെ അടയ്ക്കണമെന്ന് റെസ്റ്ററന്‍റ് സിദ്ധാര്‍ത്ഥിനോട് ആവശ്യപ്പെട്ടു. റെസ്റ്ററന്‍റ് 2.5 ശതമാനം ജിഎസ്‌ടിക്ക് പുറമേ സേവന ഫീസും അന്യായമായി ഈടാക്കുകയായിരുന്നു. ഇതോടെ 4,918 രൂപയുടെ ബില്ലാണ് ലഭിച്ചതെന്ന് കാട്ടി സിദ്ധാര്‍ഥ് പരാതി നൽകി. സിദ്ധാര്‍ത്ഥിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ 2022 ജൂലൈയിൽ ജില്ലാ ഉപഭോക്തൃ കമ്മീഷൻ അദ്ദേഹത്തിന് അനുകൂലമായി വിധി പറഞ്ഞു.

സേവന ഫീസായി ഈടാക്കിയ അധികതുകയായ 435 രൂപ തിരികെ നൽകാനും മാനസിക ബുദ്ധിമുട്ടുകൾക്കും നിയമ ചെലവുകൾക്കും നഷ്ടപരിഹാരം നല്‍കാനുമായിരുന്നു ഉത്തരവ്. ഇതോടെ റെസ്റ്ററന്‍റ് സംസ്ഥാന കമ്മീഷനില്‍ അപ്പീൽ പോവുകയായിരുന്നു. എന്നാല്‍, ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ് സംസ്ഥാന കമ്മീഷനും ശരിവയ്ക്കുകയായിരുന്നു. ജിഎസ്ടിയുടെ കാലത്ത് റെസ്റ്ററന്‍റുകളില്‍ സേവന നികുതി ഈടാക്കരുതെന്ന് കമ്മീഷൻ വ്യക്തമാക്കി.

ബില്ലിൽ സിജിഎസ്ടിയും എസ്ജിഎസ്ടിയും കൃത്യമായി ഈടാക്കിയിരുന്നതിനാൽ സർവീസ് ചാർജ് ഈടാക്കാനുള്ള സാഹചര്യമില്ലെന്നും കമ്മീഷൻ പറഞ്ഞു. ജില്ലാ കമ്മിഷന്‍റെ തീരുമാനം ശരിവച്ചുകൊണ്ട്, കമ്മിഷൻ റെസ്റ്ററെന്‍റിനോട് തുക തിരികെ നൽകാനും കേസ് ഫയൽ ചെയ്യുന്ന തീയതി മുതൽ ഒമ്പത് ശതമാനം പലിശയും ചേർത്ത് 15,000 രൂപ നഷ്ടപരിഹാരമായി നൽകാനും ഉത്തരവിടുകയായിരുന്നു. 

153 യാത്രക്കാരുമായി ആകാശത്ത്; എല്ലാം മറന്ന് രണ്ട് പൈലറ്റുമാരുടെയും ഉറക്കം, ഞെട്ടിയുണർന്നത് 30 മിനിറ്റ് കഴിഞ്ഞ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം