എന്ത് വാങ്ങണം, എപ്പോള്‍ വാങ്ങണം, എത്ര എളുപ്പത്തില്‍ അത് കൈയിലെത്തും എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ഉപഭോക്താക്കള്‍ തീരുമാനമെടുക്കുന്നത്

ഇന്ത്യന്‍ വിപണിയിലേക്ക് പണം ഒഴുകുകയാണ്. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ ചില്ലറ വ്യാപാര വിപണി അത്ഭുതകരമായ വളര്‍ച്ച നേടുമെന്നാണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പും റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നിലവില്‍ 90-95 ലക്ഷം കോടി രൂപ മൂല്യമുള്ള വിപണി, 2035 ആകുമ്പോഴേക്കും ഏകദേശം 210-215 ലക്ഷം കോടി രൂപയായി ഇരട്ടിക്കുമെന്നാണ് പ്രവചനം. രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലുണ്ടാകുന്ന വര്‍ധനവും ജനങ്ങളുടെ വാങ്ങല്‍ ശേഷിയിലുള്ള കുതിപ്പുമാണ് ഇതിന് കരുത്തേകുന്നത്.

എന്നാല്‍, വിപണി വലുതാകുന്നുണ്ടെങ്കിലും കച്ചവടക്കാര്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്. സാധനങ്ങള്‍ വാങ്ങാന്‍ ആളില്ലാത്തതല്ല ഇനിയുള്ള വെല്ലുവിളി; മറിച്ച്, വാങ്ങാനെത്തുന്നവര്‍ കൂടുതല്‍ 'ഡിമാന്‍ഡിങ്' ആകുന്നതാണ് യഥാര്‍ത്ഥ പ്രതിസന്ധി.

മാറുന്ന ഉപഭോക്താവ്, മാറേണ്ട തന്ത്രങ്ങള്‍

പഴയതുപോലെ കച്ചവടം നടക്കുമെന്ന് കരുതരുതെന്ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ട്രെന്റിന്റെ സി.ഇ.ഒ പി. വെങ്കിടേശലു പറയുന്നു. 'വിപണി എപ്പോഴും ഒരേപോലെ മുകളിലേക്ക് പോകില്ല. ഉയര്‍ച്ചതാഴ്ചകളുണ്ടാകും. ബ്രാന്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതായി നിലനില്‍ക്കണമെങ്കില്‍ കാലത്തിനനുസരിച്ച് സ്വയം മാറിക്കൊണ്ടിരിക്കണം,' സുഡിയോയുടെ വളര്‍ച്ചാ നിരക്കിലെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. വെറുതെ കടകള്‍ തുറന്നതുകൊണ്ടോ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തതുകൊണ്ടോ കാര്യമില്ല, ഉപഭോക്താക്കള്‍ക്ക് എന്ത് വേണമെന്ന കൃത്യമായ ധാരണയാണ് ഇനി വേണ്ടത്.

'റീട്ടെയില്‍ വിപണിയിലെ ജെന്‍-സി വിപ്ലവം'

എന്ത് വാങ്ങണം, എപ്പോള്‍ വാങ്ങണം, എത്ര എളുപ്പത്തില്‍ അത് കൈയിലെത്തും എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ഉപഭോക്താക്കള്‍ തീരുമാനമെടുക്കുന്നത്. ഒരു സാധനം വാങ്ങുന്നതിന് മുന്‍പ് പലയിടങ്ങളിലെ വിലകള്‍ താരതമ്യം ചെയ്യുന്നത് ഇപ്പോള്‍ സ്വാഭാവികമാണ്.

ഇക്കണോമിക് ടൈംസും സ്‌നാപ്ചാറ്റും ചേര്‍ന്ന് നടത്തിയ പഠനത്തില്‍, 'ജെന്‍-സി'യുടെ സ്വാധീനം വ്യക്തമായിരുന്നു. ഇവര്‍ക്ക് വേണ്ടത് വെറും വിലക്കുറവല്ല; മറിച്ച് വിശ്വാസ്യതയും വേഗവും മികച്ച ഷോപ്പിംഗ് അനുഭവവുമാണ്. സോഷ്യല്‍ മീഡിയയും എഐ സാങ്കേതികവിദ്യയും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, പഴയതുപോലെ വിലക്കിഴിവ് പ്രഖ്യാപിച്ചോ, കൂടുതല്‍ ഷോറൂമുകള്‍ തുറന്നോ കച്ചവടം പിടിക്കാന്‍ കഴിയില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓരോ ഉപഭോക്താവിനും വേണ്ടത് പ്രത്യേകം കണ്ടെത്തി നല്‍കുക എന്നതാണ് പുതിയ വിജയമന്ത്രം.

നിര്‍മിത ബുദ്ധി എന്ന ഗെയിം ചെയ്ഞ്ചര്‍

നഗരപ്രദേശങ്ങളിലും യുവാക്കള്‍ക്കിടയിലും ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ നിര്‍മിത ബുദ്ധി വലിയ പങ്കുവഹിക്കുന്നുണ്ട്. റിലയന്‍സ് റീട്ടെയില്‍ ഇതിനകം തന്നെ ഈ മാറ്റം തുടങ്ങിക്കഴിഞ്ഞു. കടകളിലെത്തുന്നവര്‍ക്ക് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ തിരയാനും കണ്ടെത്താനും സഹായിക്കുന്ന സംവിധാനം അവര്‍ പരീക്ഷിച്ചുവരികയാണ്. ട്രെന്‍ഡ്സ് , യൂസ്റ്റതുടങ്ങിയ ഷോറൂമുകളില്‍ നടപ്പാക്കുന്ന ഈ സംവിധാനം വൈകാതെ സ്മാര്‍ട്ട് ബസാറിലേക്കും വ്യാപിപ്പിക്കുമെന്ന് റിലയന്‍സ് റീട്ടെയില്‍ ഗ്രോസറി വിഭാഗം സി.ഇ.ഒ ദാമോദര്‍ മാല്‍ അറിയിച്ചു.

ബ്രാന്‍ഡുകളേക്കാള്‍ പ്രിയം 'സ്വന്തം' ഉല്‍പ്പന്നങ്ങളോട്

പ്രമുഖ ബ്രാന്‍ഡുകളേക്കാള്‍ സ്റ്റോര്‍ ബ്രാന്‍ഡുകളെ 52 ശതമാനം ആളുകളും തിരഞ്ഞെടുക്കുന്നു എന്നത് വിപണിയിലെ മറ്റൊരു വലിയ മാറ്റമാണ്. 'എല്ലാവര്‍ക്കും ഒരേ സാധനം' എന്ന രീതി ഇനി നടപ്പില്ല. ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ പോലും ഉപഭോക്താക്കള്‍ മികച്ച സേവനവും സൗകര്യവും ആഗ്രഹിക്കുന്നുണ്ട്. ചുരുക്കത്തില്‍, ആവശ്യക്കാരേറുന്നതിനൊപ്പം അവരുടെ ആവശ്യങ്ങളും ഏറുന്ന പുതിയ കാലത്ത്, മാറ്റത്തിനൊപ്പം സഞ്ചരിക്കുന്നവര്‍ക്ക് മാത്രമേ വിപണിയില്‍ പിടിച്ചുനില്‍ക്കാനാകൂ.