ഗ്രേറ്റർ നോയിഡയിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ നൽകാതിരുന്ന ഹോസ്റ്റലിനെതിരെ ബി.ടെക് വിദ്യാർത്ഥി ഉപഭോക്തൃ കോടതിയെ സമീപിച്ചു. സേവനത്തിലെ വീഴ്ച കണ്ടെത്തിയ കോടതി, വിദ്യാർത്ഥിക്ക് 30,000 രൂപയും പലിശയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ടു.

ദില്ലി: വാഗ്ദാനം ചെയ്ത ഗുണനിലവാരമുള്ള ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നൽകാതിരുന്ന ഹോസ്റ്റൽ അധികൃതർക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കോടതി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബി ടെക് പഠനത്തിനെത്തിയ വിദ്യാർത്ഥിക്ക് ഹോസ്റ്റൽ അധികൃതർ 30,000 രൂപയും ഇതിന്റെ 9 ശതമാനം വാർഷിക പലിശയും, ഒപ്പം നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ നൽകണമെന്ന് ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ഹിമാചൽ പ്രദേശ് കാംഗ്ര സ്വദേശിയായ റാവത് എന്ന വിദ്യാർത്ഥിയാണ് തനിക്ക് നേരിട്ട ദുരനുഭവത്തിനെതിരെ നിയമപോരാട്ടം നടത്തി വിജയം വരിച്ചത്. അഡ്വ. അനികേത് താക്കൂർ മുഖേനയാണ് വിദ്യാർത്ഥി കോടതിയെ സമീപിച്ചത്.

ഗ്രേറ്റർ നോയിഡയിലെ ഐ.ഐ.എൽ.എം (IILM) സർവകലാശാലയിൽ ബി.ടെക് പഠനത്തിനായി എത്തിയതായിരുന്നു റാവത്. നോളജ് പാർക്ക്-III ൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോസ്റ്റൽ ശൃംഖലയുടെ എസി റൂം (നമ്പർ M-113) 2023 ഓഗസ്റ്റ് 17 ന് വിദ്യാർത്ഥി എടുക്കുകയും മുൻകൂറായി 35,000 രൂപ നൽകുകയും ചെയ്തു. മികച്ച ഭക്ഷണം, കൃത്യമായ അറ്റകുറ്റപ്പണികൾ, വൈ- ഫൈ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ വാഗ്ദാനം ചെയ്താണ് ഹോസ്റ്റൽ അധികൃതർ വിദ്യാർത്ഥിയിൽ നിന്നും പണം ഈടാക്കിയത്.

എന്നാൽ, ഹോസ്റ്റലിൽ താമസം തുടങ്ങിയ ആദ്യ ആഴ്ചയിൽ തന്നെ റാവതിന് കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. മോശം ഭക്ഷണമാണ് നൽകിയതെന്ന് പരാതിയിൽ പറയുന്നു. റൂമുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായിരുന്നില്ലെന്ന് മാത്രമല്ല, വൈ-ഫൈയുടെ പാസ്‌വേഡ് പോലും നൽകാൻ അധികൃതർ തയ്യാറായില്ല.

സൗകര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച വിദ്യാർത്ഥി, ഓഗസ്റ്റ് 23-ന് തന്നെ ഹോസ്റ്റൽ മാനേജരെ വിവരമറിയിച്ച് താമസം മാറാൻ തീരുമാനിച്ചു. ഒരാഴ്ചത്തെ താമസം കഴിഞ്ഞ് ബാക്കി തുക റീഫണ്ട് ചെയ്യാമെന്ന് മാനേജർ വാക്കാൽ ഉറപ്പു നൽകിയെങ്കിലും, പിന്നീട് നിരവധി തവണ ഫോൺ വിളിച്ചിട്ടും പണം തിരികെ നൽകാൻ ഹോസ്റ്റൽ അധികൃതർ തയ്യാറായില്ല. തുടർന്ന് പഠനത്തിരക്കുകൾക്ക് ഇടയിലും 2025 സെപ്റ്റംബർ 27-ന് റാവത് ധർമ്മശാലയിലെ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

ഉപഭോക്തൃ കോടതിയുടെ നിരീക്ഷണം

കാംഗ്ര ഉപഭോക്തൃ കോടതി പ്രസിഡന്റ് ഹേമാൻഷു മിശ്ര, അംഗങ്ങളായ ആരതി സൂദ്, നാരായൺ താക്കൂർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതി നിരവധി തവണ നോട്ടീസ് അയച്ചിട്ടും ഹോസ്റ്റൽ അധികൃതരുടെ ഭാഗത്തു നിന്നും ആരും ഹാജരാകാതിരുന്നതിനെ തുടർന്ന് കേസ് ഏകപക്ഷീയമായി (Ex-parte) വിധി പ്രസ്താവിക്കുകയായിരുന്നു. വിദ്യാർത്ഥി ഹാജരാക്കിയ രേഖകൾ കൃത്യവും വിശ്വസനീയവുമാണെന്ന് കോടതി നിരീക്ഷിച്ചു.

വൻതുക മുൻകൂറായി വാങ്ങിയിട്ടും ജീവിക്കാൻ അനുയോജ്യമായ അന്തരീക്ഷവും നല്ല ഭക്ഷണവും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും നൽകാതിരുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സേവനത്തിലെ ഗുരുതരമായ വീഴ്ചയാണ് (Deficiency in service) എന്ന് കോടതി കണ്ടെത്തി. മോശം സാഹചര്യം കാരണം ഒരാഴ്ചയ്ക്കുള്ളിൽ മുറി ഒഴിഞ്ഞുപോരാൻ നിർബന്ധിതനായ വിദ്യാർത്ഥിക്ക്, ആ ആഴ്ചയിലെ ന്യായമായ തുക കുറച്ചതിനുശേഷം ബാക്കി പണം തിരികെ നൽകാൻ ഹോസ്റ്റൽ അധികൃതർ നിയമപരമായി ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.

കോടതി വിധിയും സാമ്പത്തിക ഉത്തരവും

വിദ്യാർത്ഥിയുടെ ഒരാഴ്ചത്തെ താമസത്തിനായി 5,000 രൂപ കണക്കാക്കി കുറച്ച കോടതി, ബാക്കി തുക പൂർണമായി നൽകാൻ ഉത്തരവിട്ടു. ആകെ നൽകേണ്ട 30,000 രൂപക്ക് മേൽ 2025 സെപ്റ്റംബർ 27 മുതൽ പണം നൽകി തീർക്കുന്നതുവരെ 9% വാർഷിക പലിശയും നൽകണമെന്നും വിധിച്ചു. മാനസിക ബുദ്ധിമുട്ടുകൾക്കുള്ള നഷ്ടപരിഹാരം 5,000 രൂപയാണ്. കോടതിച്ചെലവായി 5,000 രൂപയും കണക്കാക്കിയിട്ടുണ്ട്.