ഈ സാഹചര്യത്തിലും ഈ വര്‍ഷത്തേക്ക് ഒപെക് തീരുമാനിച്ച വിതരണ ഉടമ്പടിയില്‍ പറയുന്ന അളവിനെക്കാളും കുറവ് എണ്ണയാണ് സൗദി ഉല്‍പ്പാദിപ്പിക്കുന്നതെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. ഇറാന്‍ ഉപരോധം ലോക രാജ്യങ്ങളെ ദോഷകരമായി ബാധിക്കില്ലെന്നായിരുന്നു മേയില്‍ അമേരിക്ക അഭിപ്രായപ്പെട്ടത്.

ലണ്ടന്‍: അമേരിക്കന്‍ ഉപരോധം എണ്ണ വിതരണത്തെ കാര്യമായി ബാധിച്ചതായി റോയിട്ടേഴ്സ് സര്‍വേ റിപ്പോര്‍ട്ട്. ഉപരോധത്തെ തുടര്‍ന്ന് സൗദി എണ്ണ ഉള്‍പ്പാദനം വര്‍ധിപ്പിച്ചെങ്കിലും മേയ് മാസത്തില്‍ ഇറാനില്‍ നിന്നുളള എണ്ണ വിതരണം തടസ്സപ്പെട്ടത് വിപണിയില്‍ വന്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചതായി റോയിട്ടേഴ്സ് വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യമായ സൗദി അറേബ്യ ഉല്‍പ്പാദനം വര്‍ധിച്ചെങ്കിലും ഇറാനില്‍ നിന്ന് ഉണ്ടാകേണ്ടിയിരുന്ന എണ്ണയുടെ കുറവ് നികത്താന്‍ സൗദിക്ക് സാധിച്ചില്ല. 

ഈ സാഹചര്യത്തിലും ഈ വര്‍ഷത്തേക്ക് ഒപെക് തീരുമാനിച്ച വിതരണ ഉടമ്പടിയില്‍ പറയുന്ന അളവിനെക്കാളും കുറവ് എണ്ണയാണ് സൗദി ഉല്‍പ്പാദിപ്പിക്കുന്നതെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. ഇറാന്‍ ഉപരോധം ലോക രാജ്യങ്ങളെ ദോഷകരമായി ബാധിക്കില്ലെന്നായിരുന്നു മേയില്‍ അമേരിക്ക അഭിപ്രായപ്പെട്ടത്. എന്നാല്‍, റോയിട്ടേഴ്സിന്‍റെ സര്‍വേ റിപ്പോര്‍ട്ട് അമേരിക്കയുടെ ഈ വാദഗതിയെ തള്ളുകയാണ്. 

മേയ് മാസത്തില്‍ 14 അംഗ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് 30.17 മില്യണ്‍ ബിപിഡി (ബാരല്‍സ് പെര്‍ ഡേ) എണ്ണയാണ് കയറ്റുമതി ചെയ്തത്. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മേയ് മാസത്തെ കയറ്റുമതിയില്‍ 60,000 ബിപിഡി കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.