അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 89.48-ൽ എത്തി. ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാത്തതും ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വവുമാണ് ഈ റെക്കോർഡ് തകർച്ചയ്ക്ക് പ്രധാന കാരണങ്ങൾ. 

ദില്ലി: അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപക്ക് റെക്കോർഡ് ഇടിവ്. പലിശ നിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവ് തയാറാകാതിരുന്നതും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയും ചെയ്തതോടെയാണ് ഇന്ത്യൻ രൂപ വെള്ളിയാഴ്ച ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. സെപ്റ്റംബർ അവസാനത്തിലും ഈ മാസം ആദ്യത്തിലും രേഖപ്പെടുത്തിയ എക്കാലത്തെയും താഴ്ന്ന നിരക്കായ 88.80 നെ മറികടന്ന് രൂപയുടെ മൂല്യം 89.48 ൽ എത്തി. 0.8% ഇടിവാണ് രേഖപ്പെടുത്തിയത്.

ഇന്ന് ഒറ്റദിവസം ഡോളറിനെതിരെ 80 പൈസയാണ് താഴ്ന്നത്. കഴിഞ്ഞ മേയ് 8നുശേഷം രൂപ ഒറ്റദിവസം ഇത്രയും ഇടിയുന്നതും ആദ്യമാണ്. രൂപ കൂടുതൽ ഇടിയുന്നതിന് തടയിടാൻ റിസർവ് ബാങ്ക് ഇടപെട്ടേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരെയുള്ള മൂല്യവും ഡോളർ മെച്ചപ്പെടുത്തി.

ക്രിപ്‌റ്റോ കറൻസികളിലും എഐ-ലിങ്ക്ഡ് ടെക്‌നോളജി സ്റ്റോക്കുകളിലുമുണ്ടായ വലിയ വിൽപ്പനയാണ് കറൻസി വിപണികളിലേക്കും വ്യാപിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന അനിശ്ചിതത്വം സമ്മർദ്ദം വർധിപ്പിക്കുന്നുവെന്നും സാമ്പത്തിക വിദ​ഗ്ധർ പറഞ്ഞു. എന്നാൽ, രൂപയുടെ മൂല്യം പിടിച്ചുനിർത്തുന്നതിൽ റിസർവ് ബാങ്കും കാര്യമായി ഇടപെട്ടില്ല. ഡോളറിന്റെ ആവശ്യകത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആർ‌ബി‌ഐ വിപണിയിൽ നിന്ന് പിന്മാറിയതായി തോന്നുന്നുവെന്ന് ഓസ്‌ട്രേലിയ ആൻഡ് ന്യൂസിലാൻഡ് ബാങ്കിലെ കറൻസി സ്ട്രാറ്റജിസ്റ്റ് ധീരജ് നിം ബ്ലൂംബെർഗിനോട് പറഞ്ഞു. വ്യാപാര കരാർ എപ്പോൾ വരുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുനാൽ ഒരുപരിധി കഴിഞ്ഞാൽ കരുതൽ ശേഖരം ഉപയോഗിക്കുന്നത് തുടരാൻ ആർ‌ബി‌ഐ ആഗ്രഹിച്ചേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.