താഴ്ന്ന കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍, നിയന്ത്രണങ്ങള്‍ നീക്കല്‍, ആഭ്യന്തര വളര്‍ച്ചയെ അനുകൂലിക്കുന്ന വ്യാവസായിക നയങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നയാളായാണ് ട്രംപ് എന്നാണ് കരുതപ്പെടുന്നത്

യുഎസ് ഓഹരി വിപണി നിക്ഷേപകരെ ആഹ്ലാദത്തിന്‍റെ പരകോടിയിലെത്തിച്ച് ട്രംപിന്‍റെ വിജയം. ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലമായതോടെ യുഎസ് ഓഹരി വിപണികള്‍ റെക്കോര്‍ഡ് കുതിപ്പാണ് കാഴ്ചവച്ചത്. അമേരിക്കന്‍ സൂചികയായ എസ് ആന്‍റ് പി 2 ശതമാനമാണ് ഉയര്‍ന്നത്. മിക്ക മേഖലകളിലെ ഓഹരികളിലും മുന്നേറ്റം ദൃശ്യമായി. കുറഞ്ഞ നികുതിയും നിയന്ത്രണങ്ങളിലെ ഇളവും പ്രതീക്ഷിക്കുന്ന ബാങ്കിംഗ് മേഖലയിലെ ഓഹരികള്‍ ആണ് നേട്ടം കൈവരിച്ച മേഖലയില്‍ മുന്‍നിരയിലുള്ളത്. മുതിര്‍ന്നവര്‍ക്കായി യുഎസ് ഹെല്‍ത്ത് പ്രോഗ്രാം നടപ്പാക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഉയര്‍ന്ന തുക നല്‍കുമെന്ന പ്രതീക്ഷയില്‍ മെഡികെയര്‍ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികളിലും കുതിപ്പുണ്ടായി. ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പ് കോര്‍പ്പറേഷന്‍ 6 ശതമാനം നേട്ടമുണ്ടാക്കി. എസ് ആന്‍റ് പി 500 5,900-ന് അടുത്താണ്. നാസ്ഡാക്ക് 100 2.1% നേട്ടം കൈവരിച്ചു. ഡൗ ജോണ്‍സ് 3.1 ശതമാനം ഉയര്‍ന്നു. യൂറോ 1.9% ഇടിഞ്ഞതോടെ മിക്ക പ്രധാന കറന്‍സികള്‍ക്കും എതിരെ ഡോളര്‍ ഉയര്‍ന്നു. ബിറ്റ്കോയിന്‍, റെക്കോര്‍ഡ് ഉയരത്തിലെത്തി. സ്വര്‍ണ്ണവും ചെമ്പും തകര്‍ച്ച നേരിട്ടു.

ട്രംപിനോട് വിപണിയ്ക്ക് എന്താണ് ഇത്ര മമത?

താഴ്ന്ന കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍, നിയന്ത്രണങ്ങള്‍ നീക്കല്‍, ആഭ്യന്തര വളര്‍ച്ചയെ അനുകൂലിക്കുന്ന വ്യാവസായിക നയങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നയാളായാണ് ട്രംപ് എന്നാണ് കരുതപ്പെടുന്നത്. ഇവയെല്ലാം യുഎസ് സമ്പദ്‌വ്യവസ്ഥ കൂടുതല്‍ ഉത്തേജനം നല്‍കുകയും താരതമ്യേന സുരക്ഷിതമല്ലാത്ത നിക്ഷേപങ്ങള്‍ക്ക് പോലും ഗുണം ചെയ്യുകയും ചെയ്യും. 2016 ലെ തിരഞ്ഞെടുപ്പില്‍ എസ് ആന്‍റ് പി 500 സൂചിക ഏകദേശം 5 നേട്ടമുണ്ടാക്കിയിരുന്നു. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ തലേദിവസം മുതല്‍ വര്‍ഷാവസാനം വരെ ട്രംപ് റാലി എന്നറിയപ്പെടുന്ന പ്രവണത ഇത്തവണയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഹൗസിലും സെനറ്റിലും റിപ്പബ്ലിക്കന്‍മാരുടെ വിജയവും കൂടിയാണ് ഇത്തവണ കാണുന്നത്. അങ്ങനെ സംഭവിച്ചാല്‍, യുഎസ് സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു