ചീഫ് മാർക്കറ്റിംഗ് ഓഫീസർ രഞ്ജ്‌വീത് സിങ്, എന്റർപ്രൈസ് ബിസിനസ് ഹെഡ് സുകേഷ് ജെയിൻ എന്നിവരാണ് രാജിവച്ചത്. വിപണിയിൽ കമ്പനി നേരിടുന്ന ശക്തമായ മത്സരത്തിനിടയിലാണ് ഇരുവരുടെയും രാജി.
ദില്ലി: സാംസങ് ഇന്ത്യയുടെ ഉന്നത സ്ഥാനത്ത് നിന്ന് രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ രാജിവച്ചു. ചീഫ് മാർക്കറ്റിംഗ് ഓഫീസർ രഞ്ജ്‌വീത് സിങ്, എന്റർപ്രൈസ് ബിസിനസ് ഹെഡ് സുകേഷ് ജെയിൻ എന്നിവരാണ് രാജിവച്ചത്. വിപണിയിൽ കമ്പനി നേരിടുന്ന ശക്തമായ മത്സരത്തിനിടയിലാണ് ഇരുവരുടെയും രാജി. കമ്പനിയുടെ ചില പ്രവർത്തനങ്ങൾ സംയോജിപ്പിച്ചതിലൂടെ 150 ഓളം പേരെ പിരിച്ചുവിട്ടത് ഈയടുത്താണെന്നും പുറത്തുവന്നിട്ടുണ്ട്. പലയിടത്തും ഒഴിവുകളുണ്ടെങ്കിലും പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ കമ്പനി തയ്യാറായിട്ടില്ല.
സാംസങ്ങ് 8കെ ടിവികള്‍ അവതരിപ്പിച്ചു; ഇത് വിപണിയില്‍ ആദ്യത്തേത് ...
എന്നാൽ ജീവനക്കാരെ പിരിച്ചുവിട്ടെന്ന വാദങ്ങൾ കമ്പനി നിഷേധിച്ചു. രണ്ടായിരം പേർക്ക് കൂടുതൽ തൊഴിൽ നൽകിയ വർഷമാണ് കടന്നുപോകുന്നതെന്നും വരുംവർഷത്തിൽ കമ്പനിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതോടെ കൂടുതൽ പേർക്ക് ജോലി ലഭിക്കുമെന്നുമാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ രാജി സംബന്ധിച്ച് യാതൊരു പ്രതികരണവും സാംസങ് ഇന്ത്യ നടത്തിയിട്ടില്ല. അടുത്ത വർഷം എല്ലാ കാറ്റഗറികളിലുമായി കൂടുതൽ ഉത്പന്നങ്ങൾ പുറത്തിറക്കുന്നതോടെ കമ്പനിയുടെ ബിസിനസ് വളരുമെന്ന പ്രതികരണമാണ് കമ്പനി നടത്തിയിട്ടുള്ളത്.
