ദില്ലി: ചെരുപ്പ് നിര്‍മ്മാണ മേഖലയിലെ പ്രമുഖരായ ബാറ്റയുടെ നിര്‍ണായ പദവിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി സന്ദീപ് കട്ടാരിയ. ബാറ്റ ഇന്ത്യ സിഇഒ ആയിരുന്ന സന്ദീപിന് ഗ്ലോബല്‍ സിഇഒ ആയാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. ഉടനെ നിയമനം എന്നാണ് സ്ഥാനക്കയറ്റം സംബന്ധിച്ച് ബാറ്റ വിശദമാക്കുന്നത്. തിങ്കളാഴ്ച ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്‍റെ യോഗത്തിലാണ് തീരുമാനമെടുത്തത്. 123 വര്‍ഷത്തിനിടയില്‍ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് സന്ദീപ്.

ആഗോളതലത്തില്‍ ബാറ്റയുടെ വ്യാപാര രംഗത്ത് നിര്‍ണായക പദവിയാണ് സന്ദീപ് കട്ടാരിയയ്ക്ക് നല്‍കിയിട്ടുള്ളത്. അലക്സിസ് നസാര്‍ഡിനുള്ള പിന്‍ഗാമിയായാണ് സന്ദീപ് ഈ പദവിയിലേക്കെത്തുന്നത്. അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അലക്സിസ് ബാറ്റയുടെ പടിയിറങ്ങുന്നത്. 2017ലാണ് സന്ദീപ് കട്ടാരിയ ബാറ്റ ഇന്ത്യ സിഇഒ ആയി നിയമിതനാവുന്നത്. യൂണിലിവര്‍. യം ബ്രാന്‍ഡ്സ്, വോഡാഫോണ്‍ എന്നീ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനത്തിന് ശേഷമാണ് കട്ടാരിയ ബാറ്റയിലെത്തുന്നത്. 

തുടര്‍ച്ചയായി ലാഭത്തിലുണ്ടായ പുരോഗതിയാണ് ഈ പദവിയിലേക്ക് എത്തിച്ചതെന്നാണ് ബാറ്റ വിശദമാക്കുന്നത്. സന്ദീപ് കട്ടാരിയയുടെ നേതൃത്വത്തില്‍ കമ്പനിയുടെ ലാഭം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷയെന്നും ബാറ്റ വിശദമാക്കുന്നു. 1894ല്‍ സ്ഥാപിതമായ ബാറ്റ 180 ദശലക്ഷം ചെരുപ്പുകളാണ് 5800 ഔട്ട് ലെറ്റുകളിലൂടെ ബാറ്റ വര്‍ഷം തോറും വില്‍ക്കുന്നത്. 70രാജ്യങ്ങളിലായി 35000 ജീവനക്കാരാണ് ബാറ്റയിലുള്ളത്. 49കാരനാണ് സന്ദീപ് കട്ടാരിയ ദില്ലി ഐഐടിയില്‍ നിന്നാണ് എന്‍ജിനിയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയത്. 24 വര്‍ഷമാണ് കട്ടാരിയ യൂണിലിവറിനൊപ്പം സേവനം ചെയ്തത്. സ്വിറ്റ്സര്‍ലണ്ടിലാണ് ബാറ്റയുടെ ആസ്ഥാനം.