Asianet News MalayalamAsianet News Malayalam

അന്ന് വീട്ടമ്മ, ഇന്ന് ബിസിനസ് സാമ്രാജ്യത്തിന്റെ അധിപ; സാവിത്രി ദേവിയുടെ ജീവിതം; ഇത് ഇന്ത്യൻ സ്ത്രീയുടെ കരുത്ത്

വീട്ടമ്മയിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിന്റെ തലപ്പത്തേക്കും രാഷ്ട്രീയ നേതൃത്വത്തിലേക്കും ഒരുമിച്ച് കടന്നുവന്ന സാവിത്രി ദേവി ഫോർബ്സിന്റെ പട്ടികയിലും പിൽക്കാലത്ത് ഇടംപിടിച്ചു

Savithri Devi Jindal life from housewife to billionaire Jindal Steel power limited chairperson Emiretus
Author
Delhi, First Published Oct 3, 2021, 7:00 PM IST
  • Facebook
  • Twitter
  • Whatsapp

ലിംഗനീതിയും ലിംഗസമത്വവും മുൻപത്തേക്കാളേറെ സജീവമായി ചർച്ച ചെയ്യപ്പെടുന്ന കാലത്താണ് നാമിപ്പോൾ. ഭാവിലോകം, ഇത്രകാലവും അവഗണിക്കപ്പെട്ട് അടുക്കളയിലേക്ക് ഒതുക്കപ്പെട്ട സ്ത്രീകളുടേത് കൂടിയാകുമെന്ന് ഉറപ്പാണ്. സ്ത്രീകളുടെ ശേഷിയെ കുറച്ച് കാണുന്നവർക്ക് മുന്നിൽ ഏറ്റവും ശക്തമായ അടയാളമാണ് സാവിത്രി ദേവിയുടെ ജീവിതം. ജിന്റൽ സ്റ്റീൽ ആന്റ് പവർ ലിമിറ്റഡിന്റെ ചെയർപേഴ്സൺ എമിററ്റസായ സാവിത്രി ദേവി ജിന്റാൽ തന്റെ ജീവിതം കൊണ്ടെഴുതിയത് ഇന്ത്യൻ സ്ത്രീ ശക്തിയുടെ അടയാളമാണ്.

1950 മാർച്ച് 20 നാണ് സാവിത്രി ദേവിയുടെ ജനനം. അസാമിലെ തിൻസുകിയ നഗരത്തിലായിരുന്നു ജനനം. 1970 ൽ ജിന്റൽ ഗ്രൂപ്പിന്റെ സ്ഥാപകൻ ഒപി ജിന്റലിനെ വിവാഹം ചെയ്തു. ഹരിയാന സർക്കാരിൽ മന്ത്രിയും നിയമസഭാംഗവുമായിരുന്നു അദ്ദേഹം. 2005 ൽ ഹെലികോപ്റ്റർ അപകടത്തിൽ ഭർത്താവ്  മരിക്കുമ്പോൾ സാവിത്രി ദേവിക്ക് 55 വയസായിരുന്നു പ്രായം. ഒൻപത് മക്കളുടെയും ബിസിനസിന്റെയും ചുമതല മാത്രമല്ല സാവിത്രിയുടെ പക്കലേക്ക് വന്നത്. ഭർത്താവ് പാതിയിൽ നിർത്തിയ രാഷ്ട്രീയ പ്രവർത്തനവും അവരുടെ ചുമലിലായി. 

ഏറെക്കുറെ എല്ലാവരും വിശ്രമ ജീവിതത്തിലേക്ക് കടക്കുന്ന 55ാം വയസിൽ നിന്ന് 16 വർഷങ്ങൾക്കിപ്പുറം അവരുടെ ആസ്തി 18.3 ബില്യൺ ഡോളറാണ്. 1930 ൽ സ്ക്രാപ് ബിസിനസിൽ നിന്നായിരുന്നു ജിന്റൽ ബിസിനസിന്റെ തുടക്കം. ഹിസാറിൽ പിന്നീട് ബക്കറ്റ് നിർമ്മാണ യൂണിറ്റിട്ടു ഒപി ജിന്റൽ. അഞ്ച് വർഷത്തിന് ശേഷം കൽക്കട്ടയിൽ വലിയൊരു ഫാക്ടറി സ്ഥാപിച്ചു. പിന്നീട് ജിന്റൽ സോ ലിമിറ്റഡ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ജിന്റൽ സ്റ്റെയിൻലെസ്റ്റ് സ്റ്റീൽ ലിമിറ്റഡ്, ജിന്റൽ സ്റ്റീൽ ആന്റ് പവർ ലിനമിറ്റഡ് എന്നിവയെല്ലാമായി വർഷങ്ങൾക്കിപ്പുറം ആ ബിസിനസ് സാമ്രാജ്യം പടർന്നുപന്തലിച്ചു.

സാവിത്രിയുടെ വരവും കമ്പനിയുടെ വളർച്ചയും

ഒപി ജിന്റലിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് അനാഥമായ കമ്പനിക്ക് കിട്ടിയ അമൂല്യ നിധിയായിരുന്നു സാവിത്രി ദേവി. അവരുടെ വരവിന് ശേഷം കമ്പനിയുടെ ടേണോവർ നാല് മടങ്ങ് ഉയർന്നു. വിവിധ ബിസിനസ് സംരംഭങ്ങളിലെ നേതൃത്വം സാവിത്രിക്ക് ഇതിനോടകം കൈവന്നിരുന്നു. ചിലിയിലും മൊസാമ്പിക്കിലും ഖനികൾ ഏറ്റെടുത്ത് വിദേശത്തേക്കും കമ്പനിയുടെ പ്രവർത്തനം സാവിത്രി വ്യാപിപ്പിച്ചു.

ഒപി ജിന്റലിന്റെ മരണശേഷം 2005 ൽ ഹിസാർ അസംബ്ലി മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ സാവിത്രി ഹരിയാന നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. 2009 ലും അവർ മത്സരിച്ച് സഭയിലെത്തി. ഭുപീന്ദർ സിങ് ഹൂഡ സർക്കാരിൽ രണ്ട് തവണയും അവർ മന്ത്രിയായി. റവന്യു, ഡിസാസ്റ്റർ മാനേജ്മെന്റ്, ദുരിതാശ്വാസം ഗൃഹനിർമാണം തുടങ്ങിയ വകുപ്പുകൾ 2006 ലും അർബൻ ലോക്കൽ ബോഡി വകുപ്പ് 2013 ലും അവർ കൈകാര്യം ചെയ്തു.

പിന്നീട് 2010 ൽ ലോകത്തിലെ ഏറ്റവും ധനികയായ നാലാമത്തെ അമ്മയായി ഫോർബ്സ് സാവിത്രി ദേവി ജിന്റലിനെ തിരഞ്ഞെടുത്തു. ജിന്റൽ ഗ്രൂപ്പിന് കീഴിൽ നിരവധി സ്കൂളുകളും ആശുപത്രികളും ഇവർ സ്ഥാപിച്ചിട്ടുണ്ട്. തന്റെ 71ാമത്തെ വയസിൽ ബിസിനസിൽ നിന്ന് ബ്രേക്കെടുത്ത അവർ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. അതും ജിന്റൽ ഗ്രൂപ്പിന് കീഴിൽ ഒപി ജിന്റലിന്റെ പേരിൽ തന്നെ. തന്റെ കുടുംബത്തിൽ അധികാര സ്പർധയില്ലാതെ, മക്കളെയും മരുമക്കളെയും ഒറ്റക്കെട്ടായി നിലനിർത്തുന്നുവെന്നതും സാവിത്രി ദേവി ജിന്റലിനെ വ്യത്യസ്തയാക്കുന്നു.

Follow Us:
Download App:
  • android
  • ios