ഓഹരി വിപണി ചട്ടലംഘന ആരോപണങ്ങളിൽ അദാനി ഗ്രൂപ്പിന് സെബിയുടെ ക്ലീൻ ചിറ്റ്. വിദേശ ഫണ്ടുകളുടെ നിക്ഷേപങ്ങളിൽ വിനോദ് അദാനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ കഴിയാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചു. അതേസമയം, വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയതിന് രണ്ട് പേർക്ക് സെബി പിഴ ചുമത്തി.

ഓഹരി വിപണിയില്‍ ചട്ടലംഘനം നടത്തിയെന്ന ആരോപണങ്ങളില്‍ അദാനി ഗ്രൂപ്പിന് ആശ്വാസം. രണ്ട് വിദേശ പോര്‍ട്ട്‌ഫോളിയോ ഫണ്ടുകള്‍ വഴി അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളില്‍ നടത്തിയ നിക്ഷേപങ്ങളില്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇതോടെ കുറഞ്ഞ പബ്ലിക് ഷെയര്‍ഹോള്‍ഡിങ് ചട്ടങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് നടത്തിവന്ന അന്വേഷണ നടപടികള്‍ സെബി അവസാനിപ്പിച്ചു.

എമര്‍ജിംഗ് ഇന്ത്യ ഫോക്കസ് ഫണ്ട് ഇഎം റിസര്‍ജന്റ് ഫണ്ട് എന്നീ രണ്ട് വിദേശ ഫണ്ടുകളുടെ നിക്ഷേപ തീരുമാനങ്ങളില്‍ വിനോദ് അദാനി ഇടപെട്ടതിന് യാതൊരു തെളിവുമില്ലെന്ന് സെബി ചൂണ്ടിക്കാട്ടി. അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സെസ്, അദാനി ട്രാന്‍സ്മിഷന്‍ (ഇപ്പോള്‍ അദാനി എനര്‍ജി സൊല്യൂഷന്‍സ്) എന്നീ കമ്പനികളിലായിരുന്നു ഈ ഫണ്ടുകള്‍ നിക്ഷേപം നടത്തിയിരുന്നത്.

തുടക്കം 2020 ലെ പരാതികളില്‍ നിന്ന്

2020 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ കേസില്‍ അന്വേഷണം ആരംഭിച്ചത്. 2013 നും 2018 നും ഇടയില്‍ ഈ രണ്ട് വിദേശ ഫണ്ടുകളും കൈവശം വച്ചിരുന്ന ഓഹരികള്‍ യഥാര്‍ത്ഥത്തില്‍ കമ്പനി പ്രൊമോട്ടര്‍മാരുടേതാണെന്നും, എന്നാല്‍ ഇത് സാധാരണക്കാരായ നിക്ഷേപകരുടേതായി തെറ്റായി കാണിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ സെബി കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.

എന്നാല്‍ ഈ രണ്ട് വിദേശ ഫണ്ടുകളുടെയും നിക്ഷേപ തീരുമാനങ്ങള്‍ നിയന്ത്രിച്ചത് വിനോദ് അദാനിയാണെന്ന് തെളിയിക്കാന്‍ അന്വേഷണത്തില്‍ കഴിഞ്ഞില്ലെന്ന് സെബി വ്യക്തമാക്കി. കേവലം സാമ്പത്തികമോ ബിസിനസ്സ് പരമോ ആയ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഒരാള്‍ക്ക് കമ്പനിയില്‍ നിയന്ത്രണമുണ്ടെന്ന് പറയാനാകില്ല. ഫണ്ടുകളുടെ മാനേജ്മെന്റ് അല്ലെങ്കില്‍ പോളിസി തീരുമാനങ്ങളില്‍ നേരിട്ട് ഇടപെട്ടു എന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്നും സെബി വ്യക്തമാക്കി.

മറ്റ് ആരോപണങ്ങളും തള്ളി

നാസര്‍ അലി ഷബാന്‍ അഹ്ലി, ചാങ് ചുങ്-ലിങ് എന്നിവരിലൂടെ വിനോദ് അദാനി നിയന്ത്രണം ചെലുത്തിയെന്ന ആരോപണവും സെബി തള്ളി. ഈ വിദേശ ഫണ്ടുകള്‍ വഴി അദാനി കമ്പനികളില്‍ പണം നിക്ഷേപിച്ച നാല് നിക്ഷേപകര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് ഇവരാണെന്ന വാദവും തള്ളിക്കളഞ്ഞു. വിനോദ് അദാനിയാണ് ഇതിലേക്ക് പണം ഇറക്കിയെന്നതിനും തെളിവുകളില്ല.

അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട് കൃത്യവും പൂര്‍ണ്ണവുമായ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് നാസര്‍ അലി ഷബാന്‍ അഹ്ലി, ചാങ് ചുങ്-ലിങ് എന്നിവര്‍ക്ക് സെബി 20 ലക്ഷം രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. നോട്ടീസില്‍ പേരുള്ള മറ്റ് 18 സ്ഥാപനങ്ങള്‍ പിഴയൊടുക്കി നേരത്തെ തന്നെ കേസ് നടപടികള്‍ അവസാനിപ്പിച്ചിരുന്നു. അദാനി പവറില്‍ ഒപാല്‍ ഇന്‍വെസ്റ്റ്മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണവും സെബി തള്ളിയിട്ടുണ്ട്.

ഈ നിക്ഷേപ ഘടനകളിലൂടെ 1,984 കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കിയെന്നായിരുന്നു കാരണം കാണിക്കല്‍ നോട്ടീസിലെ പ്രധാന ആരോപണം. എന്നാല്‍ ഫണ്ടുകളുടെ മേല്‍ വിനോദ് അദാനിക്കോ ഒപാലിനോ നിയന്ത്രണമുണ്ടെന്ന് തെളിയിക്കാനാകാത്തതിനാല്‍, ചട്ടലംഘനം നടന്നു എന്ന വാദവും നിലനില്‍ക്കില്ലെന്ന് സെബി വ്യക്തമാക്കി. ഇതോടെ ഇതുമായി ബന്ധപ്പെട്ട മറ്റ് കേസ് നടപടികളും ഇല്ലാതായി.