കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയർ ഇന്ത്യയെ ലാഭത്തിലാക്കാൻ പുതിയ പദ്ധതികളുമായി നിയുക്ത സിഇഒ തെവോൾഡെ ഗെബ്രെമറിയം. കമ്പനിക്ക് ലാഭമുണ്ടാക്കാൻ സഹായിക്കുന്ന മികച്ച ആശയങ്ങൾ നൽകുന്ന ജീവനക്കാർക്ക് സാമ്പത്തിക പാരതോഷികം നൽകാനാണ് തീരുമാനം. 22,238 കോടി രൂപയുടെ നഷ്ടത്തിലുള്ള കമ്പനിയെ കരകയറ്റാൻ ഒക്ടോബറിലാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.

ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന എയർ ഇന്ത്യയെ ലാഭത്തിലാക്കാൻ പുതിയ തന്തങ്ങളുമായി നിയുക്ത സി.ഇ.ഒ തെവോൾഡെ ഗെബ്രെമറിയം. ജീവനക്കാർക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. കമ്പനിക്ക് ലാഭമുണ്ടാക്കാൻ കഴിയുന്ന മികച്ച ആശയങ്ങൾ നൽകുന്ന ജീവനക്കാർക്ക് റിവാർഡുകൾ (സാമ്പത്തിക പാരതോഷികം) നൽകാനാണ് തീരുമാനം. കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ടൗൺഹാൾ യോഗത്തിലാണ് സി ഇ ഒ ഇക്കാര്യം വ്യക്തമാക്കിയത്.

ചെലവുകൾ ചുരുക്കുന്നതും വരുമാനം വർദ്ധിപ്പിക്കുന്നതും മാനേജ്‌മെന്റിന്റെയോ ഫിനാൻസ് വിഭാഗത്തിന്റെയോ മാത്രം ഉത്തരവാദിത്തമല്ലെന്നും, എല്ലാ ജീവനക്കാർക്കും അതിൽ പങ്കാളികളാകാമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര റൂട്ടുകൾ, കാർഗോ ബിസിനസ്, മറ്റ് വാണിജ്യ മേഖലകൾ എന്നിവയിൽ നിന്ന് വരുമാനം ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കടുത്ത സാമ്പത്തിക വെല്ലുവിളികൾ

റ്റാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള എയർ ഇന്ത്യ നിലവിൽ വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. 2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നഷ്ടം 22,238 കോടി രൂപയായി ഉയർന്നു. മുൻവർഷത്തെ 10,859 കോടി രൂപയേക്കാൾ ഇരട്ടിയിലേറെയാണിത്. പാകിസ്ഥാൻ വ്യോമപാത അടച്ചതിനെത്തുടർന്ന് യൂറോപ്പ്, വടക്കേ അമേരിക്കൻ സർവീസുകൾക്ക് ദൈർഘ്യമേറിയ റൂട്ടുകൾ ഉപയോഗിക്കേണ്ടി വന്നതും, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധനവിലയിലുണ്ടായ വർദ്ധനവും കമ്പനിക്ക് തിരിച്ചടിയായി. കൂടാതെ, അഹമ്മദാബാദിലുണ്ടായ എഐ 171 വിമാനാപകടത്തെ തുടർന്ന് ഡിജിസിഎയുടെ ശക്തമായ സുരക്ഷാ പരിശോധനകളും കമ്പനി നേരിടുന്നുണ്ട്.

എത്യോപ്യൻ എയർലൈൻസിനെ വലിയ വളർച്ചയിലേക്ക് നയിച്ച പ്രവൃത്തി പരിചയവുമായാണ് ഗെബ്രെമറിയം എയർ ഇന്ത്യയുടെ അമരത്തേക്ക് എത്തുന്നത്. ഒക്ടോബറിൽ നിലവിലെ സി.ഇ.ഒ കാംബെൽ വിൽസണിൽ നിന്ന് അദ്ദേഹം ചുമതലയേൽക്കും.