രാജേഷ് എക്സ്പോര്‍ട്സിന്‍റെ വരുമാനക്കണക്കുകളില്‍ 15 ലക്ഷം കോടി രൂപയുടെ തിരിമറി നടന്നെന്ന സെബിയുടെ കണ്ടെത്തല്‍ കമ്പനിയെ നേരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഭീമമായ വിറ്റുവരവും തുച്ഛമായ ലാഭവും തമ്മിലുള്ള വൈരുദ്ധ്യം വര്‍ഷങ്ങളായി സംശയത്തിനിടയാക്കിയിരുന്നു, ഇപ്പോള്‍ സെബിയുടെ ഫോറന്‍സിക് ഓഡിറ്റ് ഉത്തരവോടെ ഈ ദുരൂഹത വീണ്ടും ചര്‍ച്ചയാവുകയാണ്.

കമ്പനിയുടെ വരുമാനക്കണക്കുകളില്‍ 15 ലക്ഷം കോടി രൂപയുടെ തിരിമറി നടന്നെന്ന സെബിയുടെ കണ്ടെത്തലിന് പിന്നാലെ പ്രതിസന്ധിയിലായിരിക്കുകയാണ് രാജേഷ് എക്സ്പോര്‍ട്സ് എന്ന കമ്പനി. ലക്ഷംകോടിയുടെ വിറ്റുവരവ് കാണിക്കുമ്പോഴും കമ്പനിയുടെ ലാഭം തീരെ കുറവായിരിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. സെബിയുടെ പുതിയ നടപടിയോടെ ഈ പഴയ സംശയങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. ബുധനാഴ്ച സെബി പുറത്തിറക്കിയ 109 പേജുള്ള റിപ്പോര്‍ട്ടാണ് കമ്പനിക്ക് കുരുക്കായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉപകമ്പനികളിലൂടെ ലഭിച്ച 15.15 ലക്ഷം കോടി രൂപയുടെ വരുമാനക്കണക്കുകള്‍ ചോദ്യം ചെയ്ത സെബി, ഇതില്‍ വിശദമായ ഫോറന്‍സിക് ഓഡിറ്റിനും ഉത്തരവിട്ടു. ഇതിന് പിന്നാലെ തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ കമ്പനിയുടെ ഓഹരികള്‍ 5 ശതമാനം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടിലെത്തി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഓഹരി വിപണിയില്‍ നിന്ന് പ്രൊമോട്ടറും ചെയര്‍മാനുമായ രാജേഷ് മേത്തയെ സെബി വിലക്കിയിട്ടുമുണ്ട്.

ലോകത്തിലെ വമ്പന്‍ സ്വര്‍ണ്ണ കമ്പനി

രാജേഷ് മേത്ത സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമായുള്ള രാജേഷ് എക്സ്പോര്‍ട്സ്, സ്വര്‍ണ്ണ സംസ്‌കരണം, ആഭരണ നിര്‍മ്മാണം, കയറ്റുമതി, ചില്ലറ വില്‍പ്പന തുടങ്ങി സ്വര്‍ണ്ണ വിപണിയിലെ എല്ലാ മേഖലകളിലും സാന്നിധ്യമുള്ള കമ്പനിയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ശുദ്ധീകരണ ശാലയായ സ്വിറ്റ്സര്‍ലന്‍ഡിലെ വാല്‍ക്കാമ്പി രാജേഷ് എക്സ്പോര്‍ട്സിന്റെ ഉടമസ്ഥതയിലുള്ളതാണ്. 2015-ല്‍ 400 മില്യണ്‍ ഡോളറിനാണ് കമ്പനി ഇത് സ്വന്തമാക്കിയത്. 'ശുഭ് ജ്വല്ലേഴ്‌സ്' എന്ന പേരില്‍ ആഭരണ ശാലകളും ഇവര്‍ക്കുണ്ട്. സെബിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പല നിക്ഷേപകരും ഈ കമ്പനിയെക്കുറിച്ച് തന്നെ കൂടുതല്‍ അറിയുന്നത്.

അമ്പരപ്പിക്കുന്ന വിറ്റുവരവ്, പക്ഷേ ലാഭമില്ല!

രാജേഷ് എക്സ്പോര്‍ട്സിന്റെ വരുമാനക്കണക്കുകള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വിറ്റുവരവുള്ള കമ്പനികളുടെ പട്ടികയിലാണ് ഇവരുടെ സ്ഥാനം. സെബിയുടെ ഇടക്കാല ഉത്തരവ് പ്രകാരമുള്ള കമ്പനിയുടെ വരുമാനം ഇങ്ങനെയാണ്.

2021: 2.58 ലക്ഷം കോടി രൂപ

2022: 2.43 ലക്ഷം കോടി രൂപ

2023: 3.39 ലക്ഷം കോടി രൂപ

2024: 2.80 ലക്ഷം കോടി രൂപ

2025: 4.23 ലക്ഷം കോടി രൂപ

2026: 7.78 ലക്ഷം കോടി രൂപ

എന്നാല്‍ ഇത്രയും വലിയ വില്‍പ്പന നടക്കുമ്പോഴും കമ്പനിയുടെ ലാഭം വളരെ കുറവായിരുന്നു. 2026 മാര്‍ച്ചിലവസാനിച്ച പാദത്തില്‍ മാത്രം കമ്പനിയുടെ വരുമാനം 2.36 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ 53.5 കോടി രൂപയുടെ അറ്റനഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. വലിയ വരുമാനവും ചെറിയ ലാഭവും തമ്മിലുള്ള ഈ വൈരുദ്ധ്യമാണ് വിപണി വിദഗ്ധരെ കുഴപ്പിച്ചത്.

കണക്കുകളിലെ കള്ളക്കളി: സംശയങ്ങളുടെ തുടക്കം

രാജേഷ് എക്സ്പോര്‍ട്സിന്റെ കണക്കുകളെക്കുറിച്ചുള്ള സംശയങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2014-ല്‍ സാമ്പത്തിക വാര്‍ത്താ മാധ്യമമായ 'മണി ലൈഫ്'ഇത് സംബന്ധിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അന്ന് 31,000 കോടിയിലധികം രൂപയുടെ വാര്‍ഷിക വരുമാനം കാണിച്ചിരുന്ന കമ്പനിയുടെ ചിലവുകള്‍ വളരെ വിചിത്രമായിരുന്നു.

31,000 കോടി രൂപ വരുമാനമുള്ളപ്പോള്‍ ജീവനക്കാര്‍ക്കുള്ള ശമ്പളച്ചെലവ് വെറും 7 കോടി രൂപ മാത്രമായിരുന്നു! വില്‍പ്പന, ഭരണപരമായ ചെലവുകള്‍ എന്നിവ ഏകദേശം 20 കോടി രൂപ മാത്രം. പ്ലാന്റ്, മെഷിനറി എന്നിവയുടെ മൂല്യം 7.76 കോടി രൂപ. കമ്പനിയുടെ കമ്പ്യൂട്ടര്‍ ആസ്തികളും ബിസിനസിന്റെ വലുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതായിരുന്നു.മറ്റൊരു പ്രധാന സംശയം കടബാധ്യതയായിരുന്നു. 9,846 കോടി രൂപയുടെ പണവും ബാങ്ക് ബാലന്‍സുമുണ്ടായിരുന്ന കമ്പനി, 2,695 കോടി രൂപയുടെ വലിയ കടം നിലനിര്‍ത്തിയത് എന്തിനാണെന്നും മണി ലൈഫ് ചോദ്യം ഉയര്‍ത്തി.പിന്നീടുള്ള പത്ത് വര്‍ഷങ്ങളിലും മണി ലൈഫ് സഹസ്ഥാപകന്‍ ദേബാശിഷ് ബസു പലതവണ കമ്പനിയുടെ സാമ്പത്തിക റിപ്പോര്‍ട്ടുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2016-ല്‍ ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ ഒഎന്‍ജിസിയെ പിന്തള്ളി രാജേഷ് എക്സ്പോര്‍ട്സ് ഇടംപിടിച്ചപ്പോഴും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു.

ഇപ്പോള്‍ സെബി കണ്ടെത്തിയതെന്ത്?

സാമ്പത്തിക വെളിപ്പെടുത്തലുകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഒരു ഓഹരിയുടമ നല്‍കിയ പരാതിയിലാണ് സെബി അന്വേഷണം ആരംഭിച്ചത്. രാജേഷ് എക്സ്പോര്‍ട്സിന്റെ വരുമാനത്തിന്റെ 97% മുതല്‍ 99% വരെ വരുന്നത് ഉപകമ്പനികളില്‍ നിന്നും ശാഖകളില്‍ നിന്നുമാണ്. ഉപകമ്പനികളിലൂടെ കാണിച്ച 15.15 ലക്ഷം കോടി രൂപയുടെ വരുമാനം പെരുപ്പിച്ചു കാണിച്ചതാണെന്നാണ് സെബിയുടെ പ്രധാന ആരോപണം. വിദേശത്തുള്ള കമ്പനികളുടെ അക്കൗണ്ടുകള്‍, ഇടപാടുകളുടെ വിവരങ്ങള്‍ എന്നിവ പരിശോധിക്കുന്നതില്‍ നിന്നും ഫോറന്‍സിക് ഓഡിറ്ററെ തടഞ്ഞതായും സെബി കണ്ടെത്തിയിട്ടുണ്ട്.

ആരോപണങ്ങള്‍ നിഷേധിച്ച് കമ്പനി

അതേസമയം, സെബിയുടെ കണ്ടെത്തലുകള്‍ രാജേഷ് എക്സ്പോര്‍ട്സ് ശക്തമായി നിഷേധിച്ചു. കമ്പനിയുടെ വരുമാനക്കണക്കുകള്‍ കൃത്യമാണെന്നും വരുമാനം പെരുപ്പിച്ചു കാണിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. സെബിയുമായുള്ള ആശയവിനിമയത്തിലുണ്ടായ പോരായ്മകളും ചില തെറ്റിദ്ധാരണകളുമാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. ആവശ്യമായ എല്ലാ ഔദ്യോഗിക രേഖകളും വിശദീകരണങ്ങളും അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സെബിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുമെന്ന് ഉറപ്പുണ്ടെന്നും കമ്പനി പ്രതികരിച്ചു.

സെബിയുടെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല, അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് കമ്പനിക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കും. എങ്കിലും, ഇന്ത്യയില്‍ ഏറ്റവും വലിയ വരുമാനമുള്ള കമ്പനികളിലൊന്നിന്റെ കണക്കുകളിലെ ഈ അസാധാരണത്വങ്ങള്‍ വെറുമൊരു പുതിയ കണ്ടെത്തലല്ലെന്നും, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ദുരൂഹതകളാണെന്നുമാണ് പഴയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.