ചുരുക്കത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതുപോലെ ലളിതമായി ഡീമാറ്റ് അക്കൗണ്ടിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളും ഇനി കൈകാര്യം ചെയ്യാം.

ഡീമാറ്റ് അക്കൗണ്ട് വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസകരമായ നടപടികളുമായി സെബി . നിക്ഷേപം പിന്‍വലിക്കുന്നതിനും ഒരു സ്‌കീമില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനും നിലവിലുള്ള നൂലാമാലകള്‍ ഒഴിവാക്കാന്‍ 'ഓട്ടോമാറ്റിക്' സംവിധാനം കൊണ്ടുവരാനാണ് സെബിയുടെ നീക്കം. സെബിയുടെ 5 പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്

1. കടലാസ് പണികള്‍ക്ക് വിട; ഇനി എല്ലാം ഓട്ടോമാറ്റിക് നിലവില്‍ ഡീമാറ്റ് അക്കൗണ്ടില്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ ഉള്ളവര്‍ക്ക് അത് പിന്‍വലിക്കണമെങ്കില്‍ അല്ലെങ്കില്‍ മറ്റൊരു ഫണ്ടിലേക്ക് മാറ്റണമെങ്കില്‍ ഓരോ തവണയും 'ഡെലിവറി ഇന്‍സ്ട്രക്ഷന്‍ സ്ലിപ്പ്' നല്‍കുകയോ അല്ലെങ്കില്‍ ഡിജിറ്റല്‍ അനുമതി നല്‍കുകയോ വേണം. ഇത് വലിയൊരു തലവേദനയായിരുന്നു. എന്നാല്‍ പുതിയ നിയമം വരുന്നതോടെ, ബാങ്ക് അക്കൗണ്ടുകളില്‍ നല്‍കുന്ന 'സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍' പോലെ ഒരു തവണ നിര്‍ദ്ദേശം നല്‍കിയാല്‍ നിശ്ചിത തീയതികളില്‍ പണം തനിയെ പിന്‍വലിക്കപ്പെടും.

2. നിങ്ങളുടെ പണം നിങ്ങളുടെ നിയന്ത്രണത്തില്‍ നിലവിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പലരും തങ്ങളുടെ ബ്രോക്കര്‍മാര്‍ക്ക് 'പവര്‍ ഓഫ് അറ്റോര്‍ണി' നല്‍കാറുണ്ട്. ഇത് നിക്ഷേപത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന് സെബി നിരീക്ഷിക്കുന്നു. പുതിയ സംവിധാനത്തില്‍ ബ്രോക്കര്‍ക്ക് അധികാരം കൈമാറാതെ തന്നെ, നിക്ഷേപകന് നേരിട്ട് ഓട്ടോമാറ്റിക് പിന്‍വലിക്കല്‍ സംവിധാനം നിയന്ത്രിക്കാം. ഇത് നിക്ഷേപകന് കൂടുതല്‍ സുരക്ഷയും നിയന്ത്രണവും നല്‍കുന്നു.

3. ഇടപാടുകളിലെ കാലതാമസം ഒഴിവാകും ഇപ്പോള്‍ ഒരു സ്‌കീമില്‍ നിന്ന് മറ്റൊന്നിലേക്ക് പണം മാറ്റുമ്പോള്‍ , ബ്രോക്കര്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ക്ലിയറിംഗ് കോര്‍പ്പറേഷന്‍ എന്നിങ്ങനെ പല കൈകള്‍ കടന്നു വേണം നടപടികള്‍ പൂര്‍ത്തിയാക്കാന്‍. ഇത് പലപ്പോഴും പിഴവുകള്‍ക്കും കാലതാമസത്തിനും ഇടയാക്കാറുണ്ട്. പുതിയ രീതിയില്‍, ഈ പ്രക്രിയകള്‍ പൂര്‍ണ്ണമായും ഓട്ടോമേറ്റ് ചെയ്യുന്നതോടെ പിഴവുകള്‍ ഇല്ലാതെ കൃത്യസമയത്ത് ഇടപാടുകള്‍ നടക്കും.

4. നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണം രജിസ്ട്രാര്‍മാരും ഡെപ്പോസിറ്ററികളും തമ്മിലുള്ള വിവര കൈമാറ്റം ഡിജിറ്റലായി തത്സമയം നടത്തുന്നതാണ് പുതിയ നിര്‍ദ്ദേശം. ഇതുവഴി ബ്രോക്കറുടെ ഇടപെടലില്ലാതെ തന്നെ, പിന്‍വലിക്കുന്ന തുക നിശ്ചിത ഇടവേളകളില്‍ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും.

5. രണ്ട് ഘട്ടങ്ങളായുള്ള മാറ്റം

ഈ പരിഷ്‌കാരം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്:

ഒന്നാം ഘട്ടം: യൂണിറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ (ഉദാഹരണത്തിന് മാസം 100 യൂണിറ്റുകള്‍ വീതം) പണം പിന്‍വലിക്കാനുള്ള സൗകര്യം.

രണ്ടാം ഘട്ടം: തുകയുടെ അടിസ്ഥാനത്തില്‍ (ഉദാഹരണത്തിന് മാസം 5000 രൂപ വീതം) പണം പിന്‍വലിക്കാനും, ലാഭം മാത്രം പിന്‍വലിക്കാനുമുള്ള സൗകര്യങ്ങള്‍ ലഭ്യമാകും.

ചുരുക്കത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതുപോലെ ലളിതമായി ഡീമാറ്റ് അക്കൗണ്ടിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളും ഇനി കൈകാര്യം ചെയ്യാം.