സെൻസെക്സ് ഓഹരി സൂചിക 60000 പോയിന്റ് എന്ന നാഴികക്കല്ല് ചരിത്രത്തിലാദ്യമായി കടന്നത് രണ്ട് ദിവസം മുൻപാണ്. 30 ലിസ്റ്റഡ് ഓഹരികളുള്ള ബിഎസ്ഇ ഇന്റക്സ് പതിനായിരം പോയിന്റ് നേടിയത് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ്

ദില്ലി: സെന്‍സെക്‌സ് (sensex) ഓഹരി സൂചിക (Share) 60000 പോയിന്റ് എന്ന നാഴികക്കല്ല് ചരിത്രത്തിലാദ്യമായി കടന്നത് രണ്ട് ദിവസം മുന്‍പാണ്. 30 ലിസ്റ്റഡ് ഓഹരികളുള്ള ബിഎസ്ഇ ഇന്റക്‌സ് പതിനായിരം പോയിന്റ് നേടിയത് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ്. ജനുവരിയില്‍ 50000 കടന്ന ശേഷം സെപ്തംബറിലാണ് ഓഹരി സൂചിക 60000 കടന്നത്.

എന്നാല്‍ ഇത് സെന്‍സെക്‌സിന്റെയും രാജ്യത്തെ ഓഹരി വിപണിയുടെയും കുതിപ്പിന്റെ തുടക്കമാണെന്ന് പറയുകയാണ് ബിഎസ്ഇ സിഇഒ ആശിഷ് ചൗഹാന്‍. 2019 ല്‍ തന്നെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സെന്‍സെക്‌സ് 6000 പിന്നിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രണ്ടര വര്‍ഷം കൊണ്ട് തന്നെ ആ പ്രവചനം സത്യമായി. ഈ ഉറപ്പാണ് സെന്‍സെക്‌സിന്റെ കുതിപ്പിന്റെ തുടക്കം മാത്രമാണിതെന്ന് പറയാന്‍ തക്ക ധൈര്യം ആശിഷിന് നല്‍കിയത്.

ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. 'എട്ട് - പത്ത് വര്‍ഷം മുന്‍പ് വരെ ഓഹരി വിപണിയിലെ നിക്ഷേപത്്തിന്റെ സ്വഭാവം ഇതല്ലായിരുന്നു. എന്നാലിന്ന് ഉറപ്പിച്ച് പറയാം ഓഹരി വിപണിയിലെ നിക്ഷേപം സുരക്ഷിതമാണ്. ഇപ്പോള്‍ ഓഹരി വിപണിയിലെ നിക്ഷേപം ലാഭകരവും സുരക്ഷിതവുമാണ്,'- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറേ മാസങ്ങളായി ഒരു ലക്ഷത്തിലേറെ നിക്ഷേപകരാണ് പുതുതായി ഓഹരി വിപണിയിലേക്ക് വന്നുകൊണ്ടിരുന്നത്. പ്രത്യേകിച്ചും കൊവിഡ് മഹാമാരിക്കാലം ആരംഭിച്ച ശേഷമായിരുന്നു ഈ ട്രന്റ്. ഇപ്പോള്‍ എട്ട് കോടി നിക്ഷേപകരാണ് ഉള്ളത്. രാജ്യത്തെ കര്‍ഷകരുടെ എണ്ണത്തോടാണ് മത്സരം. അധികം വൈകാതെ രാജ്യത്തെ നിക്ഷേപകര്‍ രാഷ്ട്രീയ സ്വാധീന ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.