വാഷിങ്ടൺ: ഫോർബ്സ് മാസിക തയ്യാറാക്കിയ അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് ഇന്ത്യൻ വംശജർ ഉൾപ്പെട്ടു. തുടർച്ചയായ മൂന്നാമത്തെ വർഷവും ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ഫോർബ്സ് മാസിക 2020ലെ അമേരിക്കയിലെ 400 അതിസമ്പന്നരുടെ പട്ടികയാണ് പുറത്തുവിട്ടത്. 179 ബില്യൺ ഡോളറാണ് ഒന്നാമതുള്ള ജെഫ് ബെസോസിന്റെ ആസ്തി. ബിൽ ഗേറ്റ്സ് 111 ബില്യൺ ഡോളറോടെ രണ്ടാം സ്ഥാനത്താണ്. കൊവിഡ് മഹാമാരിക്കിടയിലും അതിസമ്പന്നരുടെ ആസ്തിയിൽ വൻ വർധനവ് രേഖപ്പെടുത്തിയത് അമേരിക്കയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

സൈബർ സെക്യൂരിറ്റി സ്ഥാപനം ഇസെഡ്‌സ്കേലർ(ZScaler) സിഇഒ ജയ് ചൗധരി, സിംഫണി ടെക്നോളജീസ് ഗ്രൂപ്പ് ചെയർമാൻ രോമേഷ് വധ്വാനി, വേഫെയർ സിഇഒയും സഹസ്ഥാപകനുമായ നീരജ് ഷാ, വെഞ്ച്വർ കാപിറ്റൽ സ്ഥാപനമായ ഖോസ്‌ലയുടെ സ്ഥാപകൻ വിനോദ് ഖോസ്‌ല, ഷെർപാലോ വെഞ്ച്വേർസ് മാനേജിങ് പാർട്ണർ രാം ശ്രീറാം, രാകേഷ് ഗംഗ്‌വാൽ, വർക്ഡേ സിഇഒ അനീൽ ഭുസ്‌രി എന്നിവരാാണ് പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാർ.