തിങ്കളാഴ്ച യുഎസ് വിപണിയിലുണ്ടായ കനത്ത ഇടിവാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്.

മുംബൈ: അമേരിക്കൻ വിപണിയിൽ ഇന്നലെയുണ്ടായ വിൽപ്പന സമ്മർദ്ദം ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് രാവിലെ പ്രതിഫലിച്ചു. താരിഫ് സംബന്ധിച്ച ആശങ്കകൾ, ആഗോള രാഷ്ട്രീയത്തിലെ അനിശ്ചിതത്വം, എഐ ഓഹരികളിലുണ്ടായ ഇടിവ് എന്നിവയെല്ലാം ഇന്ത്യൻ വിപണിയെയും ബാധിച്ചു. നിഫ്റ്റി 50 സൂചിക 71.20 പോയിന്റ് (0.28 ശതമാനം) ഇടിഞ്ഞ് 25,641.80-ലും ബിഎസ്ഇ സെൻസെക്സ് 242.12 പോയിന്റ് (0.29 ശതമാനം) താഴ്ന്ന് 83,052.54-ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിങ്കളാഴ്ച യുഎസ് വിപണിയിലുണ്ടായ കനത്ത ഇടിവാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 821 പോയിന്റ് (1.66 ശതമാനം) ഇടിഞ്ഞ് 48,804-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. എസ്&പി 500 സൂചിക 71.76 പോയിന്റ് (1.04 ശതമാനം) കുറഞ്ഞ് 6,837-ലും നാസ്ഡാക്ക് സൂചിക 277.13 പോയിന്റ് (1.21 ശതമാനം) താഴ്ന്ന് 22,608-ലും ക്ലോസ് ചെയ്തു.

വിപണിയെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ

എഐ ഓഹരികളിലെ തകർച്ച

ഐബിഎം സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്ന ഒരു പ്രോഗ്രാമിംഗ് ഭാഷയെ നവീകരിക്കാൻ തങ്ങളുടെ 'ക്ലോഡ് കോഡ്' എന്ന എഐ ടൂളിന് കഴിയുമെന്ന് 'ആന്ത്രോപിക്' എന്ന എഐ സ്റ്റാർട്ടപ്പ് പ്രഖ്യാപിച്ചതാണ് ഐബിഎമ്മിന് തിരിച്ചടിയായത്.ഇതോടെ ഐബിഎം ഓഹരികൾ 13.2 ശതമാനം ഇടിഞ്ഞു. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ 33.81 ഡോളർ നഷ്ടത്തിൽ 223.35 ഡോളറിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ത്യൻ സൂചികകളിലും വ്യാപകമായ ഇടിവ്

എൻഎസ്ഇയിലെ മറ്റ് സൂചികകളിലും വിൽപ്പന സമ്മർദ്ദം പ്രകടമായിരുന്നു. നിഫ്റ്റി 100 സൂചിക 0.47 ശതമാനവും നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.38 ശതമാനവും നിഫ്റ്റി സ്മോൾക്യാപ് 100 സൂചിക 0.43 ശതമാനവും ഇടിഞ്ഞു.

മേഖലാ സൂചികകളിലും രാവിലെ നഷ്ടം ദൃശ്യമായിരുന്നു. നിഫ്റ്റി ഐടി 2.27 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി ഓട്ടോ 0.65 ശതമാനം താഴ്ന്നു. നിഫ്റ്റി എഫ്എംസിജി 0.26 ശതമാനവും നിഫ്റ്റി മീഡിയ 0.63 ശതമാനവും നിഫ്റ്റി പൊതുമേഖലാ ബാങ്ക് 0.22 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അതേസമയം, നിഫ്റ്റി മെറ്റൽ സൂചിക 0.26 ശതമാനം നേട്ടമുണ്ടാക്കി.

നിക്ഷേപകരുടെ ഒഴുക്ക്

തിങ്കളാഴ്ച ഇന്ത്യൻ വിപണിയിൽ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) 3,483 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയപ്പോൾ, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 1,292 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു.

ഏഷ്യൻ വിപണികളിലെ പ്രകടനം

ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രതികരണമായിരുന്നു. ജപ്പാന്റെ നിക്കി 225 സൂചിക 0.96 ശതമാനം (529 പോയിന്റ്) ഉയർന്ന് 57,370-ലെത്തി. തായ്‌വാന്റെ വെയ്റ്റഡ് സൂചിക 2.41 ശതമാനവും (833 പോയിന്റ്) ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 1.44 ശതമാനവും (84.24 പോയിന്റ്) നേട്ടമുണ്ടാക്കി. എന്നാൽ സിംഗപ്പൂർ, ഹോങ്കോംഗ് വിപണികൾ നഷ്ടത്തിലായിരുന്നു. സിംഗപ്പൂരിന്റെ സ്ട്രെയിറ്റ്സ് ടൈംസ് സൂചിക 0.67 ശതമാനം ഇടിഞ്ഞപ്പോൾ ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 2 ശതമാനത്തിലധികം (551 പോയിന്റ്) ഇടിഞ്ഞ് 26,530-ലെത്തി.