ലോകമെമ്പാടും വെള്ളി കൂടുതലായി വിപണിയിലേക്ക് എത്തിത്തുടങ്ങിയതോടെ, ഡിമാന്‍ഡ് കുറഞ്ഞു. ഇതോടെ, ഓഹരി വിപണിയില്‍ വെള്ളിയുമായി ബന്ധപ്പെട്ട സില്‍വര്‍ ഇടിഎഫുകളുടെ വില ഒറ്റ ദിവസം കൊണ്ട് 7% വരെ കുറഞ്ഞു.
മാസങ്ങളോളം തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷം വെള്ളി വില കുറയുന്നു. ആഗോളതലത്തില്‍ വെള്ളി ലഭ്യത കൂടിയതോടെയാണ് വില കുറഞ്ഞുതുടങ്ങിയത്. മാസങ്ങളായി വെള്ളിക്ക് മികച്ച ഡിമാന്റും വില വര്‍ധനയുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെള്ളിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് 65% മുതല്‍ 70% വരെ ലാഭവും കിട്ടി. എന്നാല്‍ ലോകമെമ്പാടും വെള്ളി കൂടുതലായി വിപണിയിലേക്ക് എത്തിത്തുടങ്ങിയതോടെ, ഡിമാന്‍ഡ് കുറഞ്ഞു. ഇതോടെ, ഓഹരി വിപണിയില്‍ വെള്ളിയുമായി ബന്ധപ്പെട്ട സില്‍വര്‍ ഇടിഎഫുകളുടെ വില ഒറ്റ ദിവസം കൊണ്ട് 7% വരെ കുറഞ്ഞു.
വില കുറഞ്ഞതിന്റെ പ്രധാന കാരണങ്ങള്‍;
1. ഒക്ടോബറിന്റെ തുടക്കത്തില്‍, ലോകത്ത് വെള്ളി കിട്ടാനില്ല എന്നൊരു പേടി കാരണം വില കുത്തനെ കൂടിയിരുന്നു (ഒരു ഔണ്‍സിന് 40 ഡോളര്‍ വരെ). പിന്നീട് ഇത് 50 ഡോളര്‍ വരെയായി.
2. ലോകരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ കുറഞ്ഞതോടെ, ആളുകള്‍ 'സുരക്ഷിത നിക്ഷേപം' എന്ന നിലയില്‍ വെള്ളി വാങ്ങുന്നത് കുറച്ചു. ഇതോടെ വിലയിടിഞ്ഞു.
3. യു.എസില്‍ വെള്ളി വില 6% ഇടിഞ്ഞതിന് പിന്നാലെ, ഇന്ത്യന്‍ വിപണിയിലും അത് പ്രതിഫലിച്ചു. ഒക്ടോബര്‍ 20-ന് ഇന്ത്യയില്‍ ഒരു കിലോ വെള്ളിയുടെ വില ഏകദേശം 7% കുറഞ്ഞ് 1,71,275 രൂപയില്‍ നിന്ന് 1,60,100 രൂപയായി
'പ്രീമിയം' ഇല്ലാതായി
രണ്ടാഴ്ച മുന്‍പ് വരെ, വെള്ളിക്ക് മികച്ച ഡിമാന്‍ഡ് ആയതുകൊണ്ട്, സില്‍വര്‍ ഇടിഎഫുകള്‍ക്ക് അതിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ 10% മുതല്‍ 13% വരെ അധിക വില കൊടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഡിമാന്‍ഡ് കുറഞ്ഞപ്പോള്‍, ആ അധിക വില (പ്രീമിയം) ഇല്ലാതായി. ഇപ്പോള്‍ ഇടിഎഫുകള്‍ യഥാര്‍ത്ഥ വിലയിലോ അല്ലെങ്കില്‍ അല്‍പ്പം കുറഞ്ഞ വിലയിലോ കിട്ടും. വില ന്യായമല്ലാത്തതിനാല്‍ പല മ്യൂച്വല്‍ ഫണ്ടുകളും വെള്ളി വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
വെള്ളി വാങ്ങാന്‍ പറ്റിയ സമയമാണോ?
വെള്ളി വിപണിയിലെ മുന്നേറ്റം കുറഞ്ഞു, പക്ഷേ വളര്‍ച്ച അവസാനിച്ചിട്ടില്ല എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ലോകമെമ്പാടുമുള്ള നിക്ഷേപം, സോളാര്‍ പാനലുകളുടെ നിര്‍മ്മാണം, മറ്റ് വ്യവസായ ആവശ്യങ്ങള്‍ എന്നിവയെല്ലാം വെള്ളിയുടെ ഡിമാന്‍ഡ് കൂട്ടാന്‍ സാധ്യതയുള്ള കാര്യങ്ങളാണ്. അതുകൊണ്ട്, ദീര്‍ഘകാലത്തേക്ക് വെള്ളിയില്‍ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, അധിക വില കൊടുക്കാതെ (പ്രീമിയം ഇല്ലാത്തതിനാല്‍) ഇപ്പോള്‍ വെള്ളിയുടെ ഇടിഎഫുകള്‍ വാങ്ങുന്നത് കൂടുതല്‍ ലാഭകരമായ ഒരു തുടക്കമായേക്കാം. ഈ ഹ്രസ്വകാല വിലക്കുറവ് ഒരു നല്ല അവസരമായി കാണാം.


