പാകിസ്ഥാൻ ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടു. ഇതോടെ വ്യാപാരം നിർത്തിവെക്കേണ്ട അവസ്ഥ വന്നു.  

കറാച്ചി: ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യങ്ങൾക്കിടയിൽ പ്രതിസന്ധി നേരിട്ട് പാക്കിസ്ഥാൻ ഓഹരി വിപണി. ബെഞ്ച്മാർക്ക് സൂചിക 7.2% ഇടിഞ്ഞതിനെ തുടർന്ന് പാകിസ്ഥാൻ ഓഹരി വിപണി ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. ലാഹോറിലും കറാച്ചിയിലും പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങളുണ്ടായെന്ന റിപ്പോർട്ട് വന്നതോടെ പാകിസ്ഥാൻ ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടു. ഇതോടെ വ്യാപാരം നിർത്തിവെക്കേണ്ട അവസ്ഥ വന്നു. 

കഴിഞ്ഞ മാസവും പാക്കിസ്ഥാൻ വിപണി തകർച്ച നേരിട്ടിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വ്യാപാര താരിഫ് പ്രഖ്യാപനത്തെത്തുടർന്ന് ബെഞ്ച്മാർക്ക് സൂചിക 8,700 പോയിന്റിലധികം ഇടിഞ്ഞു, ഇത് ഒരു ചെറിയ വ്യാപാര സ്തംഭനത്തിന് കാരണമായി. പിന്നീട് പഹല്‍ഗാം ഭീകരാക്രമണം പാക്കിസ്ഥാൻ വിപണിയെ പ്രതികൂലമായി ബാധിച്ചു. പാക് ഓഹരി വിപണികളില്‍ കനത്ത തകര്‍ച്ചയാണ് ദൃശ്യമായത്. 

അതേസമയം, ഇന്ത്യ- പാക് സംഘർഷം ഇന്ത്യൻ വിപണിയിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. വ്യാപാരം അവസാനിക്കുമ്പോൾ ബിഎസ്ഇ സെൻസെക്സ് 412 പോയിന്റ് കുറഞ്ഞ് 80,334 ലും നിഫ്റ്റി 50 141 പോയിന്റ് കുറഞ്ഞ് 24,274 ലും എത്തി. പാകിസ്ഥാൻ്റെ വിപണിയിലുള്ള തകർച്ച താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ വിപണിയിൽ സാരമായ പരിക്കുകളില്ലെന്നുവേണം വിലയിരുത്താൻ. ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യങ്ങൾക്കിടയിലും ട്രംപിൻ്റെ വ്യാപാര നയങ്ങൾ പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും വഴിവെക്കുമെന്ന യുഎസ് ഫെഡറൽ റിസർവ് മുന്നറിയിപ്പ് എത്തിയിട്ടും ഇന്ന് ഇന്ത്യൻ വിപണി പിടിച്ചുനിന്നു. 

വിപണിയിൽ ഏറ്റക്കുറച്ചിലുകൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ വിപണി ഈ സാഹചര്യങ്ങളെ പ്രതിരോധിക്കാൻ തയ്യാറാണ് എന്നുള്ളതിൻ്റെ സൂചനയാണ് ഇന്നത്തെയും ഇന്നലത്തെയും പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാനാകുന്നത്. ബുധനാഴ്ച തുടർച്ചയായ പതിനഞ്ചാമത്തെ സെഷനിലും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വാങ്ങിയതായണ് റിപ്പോ‍ട്ട്. 5.3 ബില്യൺ ഡോളറിന്റെ വാങ്ങലാണ് വിപണിയിൽ നടന്നത്. 2020 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ വാങ്ങൽ പരമ്പരയാണിത്.