ദില്ലി: ലോക്ക് ഡൗണിൽ രാജ്യത്തെ ചെറുകിട ഇടത്തരം വ്യവസായ മേഖലകൾക്ക്  പ്രതിദിനമുണ്ടാകുന്നത് മുപ്പതിനായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടം. പ്രവർത്തനം നിശ്ചലമായതോടെ പതിനൊന്ന് കോടി ജനങ്ങളുടെ  തൊഴിലാണ് അനിശ്ചിതത്വത്തിലായത്. ഒരു ലക്ഷം കോടി രൂപയുടെയെങ്കിലും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചാലേ ഈ മേഖലക്ക് മടങ്ങിവരവ് സാധ്യമാകൂയെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൻ്റെ മൂന്നിലൊന്നും ചെറുകിട ഇടത്തരം വ്യവസായ മേഖലകളിൽ നിന്നാണ്. കയറ്റുമതിയുടെ അൻപത് ശതമാനവും  ഈ മേഖലകളിൽ നിന്ന് തന്നെ.  ലോക്ക് ഡൗൺ ഓരോ ഘട്ടം നീളുമ്പോഴും സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഈ രംഗം നേരിടുന്നത്. 6 കോടിയോളം സംരഭങ്ങളാണ് രാജ്യത്ത് നിശ്ചലമായത്. ഉത്പാദനമില്ലാതായതോടെ വരുമാനം നിലച്ചു ജീവനക്കാർക്ക് ശമ്പളം നൽകാനുമാകുന്നില്ല. ഈ മേഖലക്കുണ്ടാകുന്ന തളർച്ച സമ്പദ് വ്യവസ്ഥക്കുണ്ടാക്കുന്ന തിരിച്ചടി ചെറുതായിരിക്കില്ല

ലോക്ക് ഡൗൺ പിൻവലിച്ചാലും ഉത്പാദനം പഴയപടിയാകാൻ കാലതാമസമെടുക്കും. അതിനാൽ പ്രവർത്തന മൂലധനവായ്പകൾ അനുവദിക്കേണ്ടി വരും.റിസർവ്വ് ബാങ്ക് പ്രഖ്യാപിച്ച വായ്‌പ മൊറട്ടോറിയത്തിൻ്റെ കാലാവധി നീട്ടണമെന്ന ആവശ്യവും ശക്തമാണ്.  അതേ സമയം ഒരാഴ്ചക്കുള്ളിൽ അടുത്ത സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നും, ചെറുകിട ഇടത്തരം മേഖലകൾക്കായിരിക്കം മുൻഗണനയെന്നുമാണ് നിലവിലെ പ്രതിസന്ധിയോടുള്ള കേന്ദ്ര സർക്കാർ വൃത്തങ്ങളുടെ പ്രതികരണം.