ദില്ലി: കട ബാധ്യതയില്‍ പ്രതിസന്ധിയിലായ സീ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ഓഹരികള്‍ സോണി കോര്‍പ്പറേഷന്‍ വാങ്ങിയേക്കും. 20 മുതല്‍ 25 ശതമാനം വരെ ഓഹരികള്‍ വില്‍ക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഓഹരി വില്‍പനയിലൂടെ പ്രമോട്ടര്‍മാരുടെ കട ബാധ്യതയായ 13,000 കോടി രൂപ കൊടുത്ത് തീര്‍ക്കാനാകുമെന്നാണ് സീയുടെ പ്രതീക്ഷ.

ബിഎസ്ഇ ലിസ്റ്റഡ് കമ്പനിയാണ് സീ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്‍റര്‍പ്രൈസസ് ലിമിറ്റഡ് (സീല്‍). മൊത്തം 940 മില്യണ്‍ ഷെയറുകളാണുളളത്. 650 രൂപ എന്ന നിരക്കില്‍ 19 ശതമാനം ഓഹരികള്‍ വിറ്റഴിച്ചാല്‍ സീയ്ക്ക് കടം നികത്താനുളള 13,000 കോടി രൂപ നേടാനാകും. 

171 രാജ്യങ്ങളിലായി 66 ടെലിവിഷന്‍ ചാനലുകള്‍ സ്വന്തമായുളള സീയുമായുളള ഇടപാട് സോണിയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഓഹരികള്‍ വാങ്ങുന്നതിനൊപ്പം സുഭാഷ് ചന്ദ്ര നേതൃത്വം നല്‍കുന്ന സീയുമായി തന്ത്രപരമായ പങ്കാളിത്തമുണ്ടാക്കാനും സോണിക്ക് പദ്ധതിയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ സീയിലൂടെ കൂടുതല്‍ സജീവമാകുകയെന്നതും സോണിയുടെ ലക്ഷ്യമാണ്.