റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനം ബാങ്ക് ഓഹരികളിൽ കുത്തനെയുള്ള കുതിപ്പിന് കാരണമായി
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുത്തനെ കുറച്ചതോടെ ഓഹരി വിപണിയിലും ഇതിന്റെ സ്വാധീനം ഉണ്ടായി. ആർബിഐ എംപിസി നയം പ്രഖ്യാപിച്ചതിന് പിന്നാലെ ബാങ്കുകളും എൻബിഎഫ്‌സികളും ഉൾപ്പെടെയുള്ള ധനകാര്യ ഓഹരികൾ ഉയർന്നു. എച്ച്ഡിഎഫ്‌സി എഎംസി, ചോളമണ്ഡലം ഫിനാൻസ്, എസ്‌ബിഐ കാർഡ്, ബജാജ് ട്വിൻസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ശ്രീറാം ഫിനാൻസ്, ആക്സിസ് ബാങ്ക് എന്നിവയുൾപ്പെടെ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചിക 2 ശതമാനം ഉയർന്നു.
ആഭ്യന്തര ഓഹരി വിപണികൾ ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ അസ്ഥിരമായിരുന്നു. എന്നാൽ റിസർവ് ബാങ്കിന്റെ പ്രഖ്യാപനം വന്നതോടെ ബാങ്ക് ഓഹരികളിൽ കുത്തനെയുള്ള കുതിപ്പിന് കാരണമായി, നിഫ്റ്റി ബാങ്ക് സൂചിക 1.2 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 56,433 ൽ എത്തി. 25 ബേസിസ് പോയിന്റിന്റെ കുറവാണ് വിദഗ്ധർ ഉൾപ്പടെയുള്ളവർ പ്രതീക്ഷിച്ചതെങ്കിൽ ആർബിഐ ആ പ്രതീക്ഷകളെ മറികടന്നുള്ള സർപ്രൈസാണ് ഒരുക്കിയത്. 50 ബേസിസ് പോയിന്റ് കുറവ് വരുത്തിയതെടെ റിപ്പോ നിരക്ക് 5.50 ശതമാനമായി. ഇതോടെ ബിഎസ്‌ഇ സെൻസെക്സ് 679 പോയിന്റ് അഥവാ 0.83 ശതമാനം ഉയർന്ന് 82,121 ലും നിഫ്റ്റി 229 പോയിന്റ് അഥവാ 0.92 ശതമാനം ഉയർന്ന് 24,980 ലും എത്തി.
ബാങ്കുകൾക്ക് പണം കടം നൽകുന്നതിന് ആർബിഐ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്കിൽ വന്ന മാറ്റം ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവ എടുത്തവർക്ക് ഗുണം ചെയ്യും. പ്രതിമാസ ഇഎംഐ കുറയും


