ദില്ലി: സ്വിസ് ബാങ്ക് അക്കൗണ്ട് ഉടമകളായ അമ്പതോളം ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാമെന്ന് സ്വിറ്റ്സര്‍ലന്‍ഡ് അറിയിച്ചു. റിയല്‍ എസ്റ്റേറ്റ്, ടെലികോം, തുണിവ്യവസായം, ധനകാര്യസേവനം, സാങ്കേതികരംഗം, ഗൃഹാലങ്കാരം, ആഭരണവ്യവസായം തുടങ്ങിയ മേഖലയില്‍ നിന്നുളള വ്യവസായികളാണ് പട്ടികയിലുളളത്. 

സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന പ്രഖ്യാപിച്ചാണ് 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അതിനെ തുടര്‍ന്ന് ഇന്ത്യയും സ്വിറ്റ്സര്‍ലാന്‍ഡും ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനുളള ധാരണയിലെത്തി. ധാരണപ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 100 ഇന്ത്യാക്കാരുടെ വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യക്ക് കൈമാറിയിരുന്നു.