ചെന്നൈ: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് തന്നെ ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം കൂടിയാണ് ടാറ്റ. എക്കാലവും ഇന്ത്യയുടെ മൂല്യങ്ങള്‍ക്ക് കമ്പനി കൊടുത്ത വില ജനത്തിന്റെ മനസില്‍ ആ കമ്പനിയോടുള്ള സ്‌നേഹം ഉയര്‍ത്തിയിട്ടേയുള്ളൂ. ഇപ്പോഴിതാ ചെന്നൈയില്‍ ആരംഭിക്കുന്ന പുതിയ പ്ലാന്റില്‍ 18000 പേര്‍ക്ക് ജോലി കൊടുക്കുമെന്നാണ് കമ്പനി അറിയിച്ചത്. അതില്‍ തന്നെ 90 ശതമാനവും സ്ത്രീകളുമായിരിക്കുമെന്ന് ടാറ്റ വ്യക്തമാക്കി കഴിഞ്ഞു.

2021 ഒക്ടോബറോടെ പ്ലാന്റ് തുറക്കും. ഫോക്‌സ്‌കോണ്‍, ഫ്‌ലെക്‌സ്, സാംസങ്, ഡെല്‍, നോക്കിയ, മോട്ടോറോള, ബിവൈഡി തുടങ്ങി നിരവധി മൊബൈല്‍ നിര്‍മ്മാതാക്കളുള്ള തമിഴ്‌നാട്ടില്‍ ഇതേ പദ്ധതിയുമായി പ്ലാന്റ് തുറക്കുന്ന ടാറ്റയ്ക്ക് ചില വലിയ കണക്കുകൂട്ടലുകളാണ് ഉള്ളത്. ആപ്പിള്‍ ഐഫോണുകളുടെ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതാണ് പ്ലാന്റെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങള്‍ ഏതെങ്കിലും ഒരൊറ്റ കമ്പനിക്ക് മാത്രമായിട്ടല്ല പ്ലാന്റ് സ്ഥാപിക്കുന്നതെന്നാണ് കമ്പനി വക്താവ് വ്യക്തമാക്കിയിരിക്കുന്നത്.

തമിഴ്‌നാട്ടിലെ ഹൊസൂറില്‍ 500 ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി നിര്‍മ്മിക്കുന്നത്. ടൈറ്റന്‍ ഗ്രൂപ്പിന്റെ സ്ഥാപനമായ ടൈറ്റന്‍ എഞ്ചിനീയറിങ് ആന്റ് ഓട്ടോമേഷന്‍ ലിമിറ്റഡാണ് പ്രൊഡക്ഷന്‍ ഫെസിലിറ്റിക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.