ദില്ലി: സെൻട്രൽ ജിഎസ്‌ടി രഹസ്യാന്വേഷണ വിഭാഗം 225 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. ഇൻഡോറിലെ അനധികൃത പാൻ മസാല നിർമ്മാണ യൂണിറ്റ് അടപ്പിച്ച് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കേന്ദ്ര റവന്യു ഇന്റലിജൻസ് വിഭാഗവും സെൻട്രൽ ജിഎസ്‌ടി രഹസ്യാന്വേഷണ വിഭാഗവും 16 ഇടത്ത് സംയുക്ത റെയ്ഡ് നടത്തി. അനധികൃതമായി പ്രവർത്തിക്കുന്ന വെയർഹൗസുകളിലും താമസ സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. ഇൻഡോറിലും ഉജ്ജയിനിയിലുമായിരുന്നു ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പരിശോധന നടത്തിയത്.

പ്രാഥമിക പരിശോധനയിൽ 225 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഏപ്രിൽ, മെയ് മാസങ്ങളിലും ഇവർ പ്രവർത്തിച്ചിരുന്നു. പരിശോധനയ്ക്ക് കേന്ദ്ര ഉദ്യോഗസ്ഥർ എത്തിയപ്പോൾ 30 ഓളം പേരടങ്ങുന്ന ആൾക്കൂട്ടത്തെ സംഘടിപ്പിച്ച് ആക്രമിക്കാനും ഭീഷണിപ്പെടുത്താനും പിടിയിലായവർ ശ്രമിച്ചെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു.