Asianet News MalayalamAsianet News Malayalam

'ജീവിക്കാനാണ് പഠിക്കേണ്ടത്'; കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതിക്ക് മുഖ്യമന്ത്രിയുടെ വിമർശനം

കേരള ബാങ്കിന്റെ വിദ്യാർത്ഥികൾക്കായുള്ള വിദ്യാനിധി സമ്പാദ്യ പദ്ധതിയിലൂടെ സ്കൂൾ വിദ്യാർത്ഥികളായ ഏഴ് മുതൽ പത്ത് വരെ ക്ലാസിലെ കുട്ടികൾക്ക് കേരള ബാങ്കിൽ നിക്ഷേപം നടത്താനാവും

Teach Children to live not to save money says Kerala CM Pinarayi Vijayan criticism on Kerala Bank Vidhya Nidhi savings project
Author
Thiruvananthapuram, First Published Nov 29, 2021, 3:11 PM IST

തിരുവനന്തപുരം: കേരള ബാങ്കിന്റെ വിദ്യാർത്ഥികൾക്കായുള്ള വിദ്യാനിധി സമ്പാദ്യ പദ്ധതി ഉദ്ഘാടന പ്രസംഗത്തിൽ, ഇതേ പദ്ധതിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പാദ്യത്തെ കുറിച്ച് ചിന്തിച്ച് ജീവിക്കാൻ മറന്ന് പോയവരുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ജീവിക്കാനാണ് പഠിക്കേണ്ടതെന്നും ഓർമ്മിപ്പിച്ചു.

'സമ്പാദ്യത്തെ കുറിച്ച് ചിന്തിച്ച് ജീവിക്കാൻ മറന്ന് പോയവരുണ്ട്. ഇത് അപകടകരമായ അവസ്ഥയാണ്. എന്തിനാണ് സമ്പാദ്യം എന്ന് ചിന്തിക്കേണ്ട ഘട്ടമാണിത്. സമ്പാദിക്കാനല്ല, മറിച്ച് ശരിയായ ജീവിതം നയിക്കാനാണ് പഠിക്കേണ്ടത്. കുട്ടികളിൽ അമിതമായ സമ്പാദ്യ ബോധമുണ്ടാകാൻ പാടില്ല. തന്റെ കൈയ്യിലുള്ള പണം തൊട്ടടുത്തിരിക്കുന്ന ആവശ്യക്കാരെ സഹായിക്കാനാണ് പഠിപ്പിക്കേണ്ടത്,' എന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാനിധി പദ്ധതിക്ക് എതിരല്ല താനെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും ഈ പണം അവരുടെ തന്നെ ഭാവി പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ കുട്ടികളെ പ്രാപ്തരാക്കുകയുമാണ് കേരള ബാങ്ക് ഉദ്ദേശിക്കുന്നത്. ചെറുപ്രായം മുതൽ കുട്ടികളെ കേരള ബാങ്കുമായി ബന്ധിപ്പിക്കാനും അതുവഴി കൂടുതൽ പേരിലേക്ക് വളരാനും കേരള ബാങ്കിന് ഉദ്ദേശമുണ്ട്. 12 മുതൽ 16 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സ്വന്തം പേരിൽ കേരള ബാങ്കിൽ സേവിങ്സ് ബാങ്ക് തുറക്കാനാവും. അംഗമാകുന്ന കുട്ടികളുടെ രക്ഷകർത്താവിന് എല്ലാവിധ സാധാരണ ഇടപാടുകളും നടത്താൻ കഴിയുന്ന സ്‌പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് കേരള ബാങ്കിൽ തുറക്കാനാവും.

സഹകരണ ബാങ്കുകൾ വഴിയാണ് ഗ്രാമങ്ങളിൽ ബാങ്കിംഗ് വ്യാപകമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിനിടെ പറഞ്ഞു. സഹകരണ ബാങ്കുകൾക്കെതിരെ ചില നീക്കങ്ങൾ കേരളത്തെ ലക്ഷ്യം വെച്ചുള്ളതാണ്. കേരളത്തിൽ ബാങ്കിംഗ് സാക്ഷരതയുണ്ടാക്കിയത് സഹകരണ സ്ഥാപനങ്ങളാണ്. കേരള ബാങ്കിന് എതിരെയുള്ള നീക്കങ്ങളും ശക്തിപ്പെടുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സഹകരണ സ്ഥാപനങ്ങൾക്ക് ബാങ്ക് എന്ന് ഉപയോഗിക്കാൻ പാടില്ലെന്ന ആർബിഐ പരസ്യം തെറ്റിദ്ധാരണജനകമെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ചട്ടങ്ങൾ പാലിച്ചാണ്. 
 

Follow Us:
Download App:
  • android
  • ios