Asianet News MalayalamAsianet News Malayalam

വീഡിയോകോണ്‍ വായ്പ അഴിമതി; ചന്ദ കൊച്ചാറിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഐസിഐസിഐ മേധാവിയായിരുന്ന കാലത്ത് വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്ന കേസിലാണ് ചന്ദ കൊച്ചാര്‍ അവിമതി ആരോപണം നേരിട്ടത്. 

the assets of chanda kochhar were confiscated by ed
Author
Mumbai, First Published Jan 10, 2020, 4:58 PM IST

മുംബൈ: ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിന്‍റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചന്ദാ കൊച്ചാറിന്‍റെയും കുടുംബത്തിന്‍റെയും 78 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മുംബൈയിലെ ഫ്ലാറ്റുകളും ഭര്‍ത്താവിന്‍റെ കമ്പനി ആസ്തികളും ഇവയില്‍ ഉള്‍പ്പെടും. ഐസിഐസിഐ-വീഡിയോകോണ്‍ വായ്പാ അഴിമതി കേസിലാണ് നടപടി.

ഐസിഐസിഐ മേധാവിയായിരുന്ന കാലത്ത് വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്ന കേസിലാണ് ചന്ദ കൊച്ചാര്‍ അഴിമതി ആരോപണം നേരിട്ടത്. വേണുഗോപാല്‍ ധൂത് നയിക്കുന്ന വീഡിയോകോണ്‍ ഗ്രൂപ്പുമായുള്ള ബിസിനസ് ഇടപാടുകള്‍ക്ക് പിന്നില്‍ വ്യക്തിപരമായ താല്പര്യങ്ങളുണ്ടായിരുന്നെന്നാണ് ചന്ദ കൊച്ചാറിനെതിരെ ഉയര്‍ന്ന ആരോപണം. 

വീഡിയോകോണിന് 3250 കോടി രൂപ വായ്പ അനുവദിക്കുന്നതിനുള്ള സമിതിയില്‍ ചന്ദ കൊച്ചാര്‍ അംഗമായിരുന്നു. എന്നാല്‍, വേണുഗോപാല്‍ ധൂതും തന്‍റെ ഭര്‍ത്താവ് ദീപക് കൊച്ചാറും തമ്മിലുള്ള ബിസിനസ് ബന്ധങ്ങള്‍ ചന്ദ ബാങ്കില്‍ നിന്ന് മറച്ചുവച്ചു. സ്വകാര്യ താല്‍പര്യങ്ങള്‍ ബാങ്കിന്‍റെ തീരുമാനത്തെ സ്വാധീനിച്ചെന്ന പരാതിക്ക് അടിസ്ഥാനമായ കാര്യം ഇതാണ്. വീഡിയോകോണിന് ഐസിഐസിഐ ബാങ്ക് അനുവദിച്ച വായ്പ കിട്ടാക്കടമാകുകയും ചെയ്തു. 2018 മാര്‍ച്ചിലാണ് ചന്ദയ്ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് അതേ വര്‍ഷം ഒക്ടോബറില്‍ അവര്‍ ബാങ്ക് മേധാവി സ്ഥാനത്തുനിന്ന് രാജി വച്ചു. 2019 മാര്‍ച്ച് വരെ ചന്ദ കൊച്ചാറിന് കാലാവധി ഉണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios