Asianet News MalayalamAsianet News Malayalam

'രേഖകൾ മുഖ്യം'; പ്രതിദിനം 5,000 രൂപ ഈ ഉപഭോക്താക്കൾക്ക് നൽകേണ്ടി വരും; ബാങ്കുകളോട് ആർബിഐ

വീടിന്റെയോ മറ്റ് സ്വത്തുക്കളുടെയോ രേഖകൾ ഈട് നൽകി പലരും ബാങ്കിൽ നിന്നും വായ്പ എടുത്തിട്ടുണ്ടാകും. ബാങ്ക് വായ്പ തിരിച്ചടച്ച് കഴിഞ്ഞാൽ എപ്പോഴാണ് ഈ രേഖകൾ തിരികെ ലഭിക്കാറുള്ളത്? 

the bank will pay a fine of Rs 5000 every day to these customer rbi
Author
First Published Dec 6, 2023, 1:57 PM IST

വീടിന്റെയോ മറ്റ് സ്വത്തുക്കളുടെയോ രേഖകൾ ഈട് നൽകി പലരും ബാങ്കിൽ നിന്നും വായ്പ എടുത്തിട്ടുണ്ടാകും. ബാങ്ക് വായ്പ തിരിച്ചടച്ച് കഴിഞ്ഞാൽ എപ്പോഴാണ് ഈ രേഖകൾ തിരികെ ലഭിക്കാറുള്ളത്? ബാങ്ക് വായ്പ തിരിച്ചടച്ച് 30 ദിവസത്തിനകം സ്ഥാവര ജംഗമ വസ്തുക്കളുടെ രേഖകൾ വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് തിരികെ നൽകണമെന്ന് മൂന്ന് മാസം മുൻപ് ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. ഡിസംബർ ഒന്ന് മുതൽ രാജ്യത്തെ ബാങ്കുകൾ ഇത് പാലിക്കണമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിർദേശം ബാങ്കുകൾ പാലിക്കുന്നില്ലെങ്കിൽ എന്തുചെയ്യും?

ബാങ്കുകൾ കൃത്യസയത്ത് രേഖകൾ തിരികെ നൽകിയില്ലെങ്കിൽ, ഓരോ ദിവസത്തെ കാലതാമസത്തിനും ഉപഭോക്താവിന് 5000 രൂപ പിഴ അടയ്‌ക്കേണ്ടി വരും.

ഭവനവായ്പ എടുത്ത് ഒരു വീട് പണിയുകയോ ഫ്ലാറ്റ് വാങ്ങുകയോ ചെയ്യുന്നത് ഇപ്പോൾ സാധാരണമാണ്. അത് ഒരു ബാങ്കോ നോൺ-ഫിനാൻഷ്യൽ ബാങ്കോ ആകട്ടെ, വായ്പയ്ക്ക് പകരമായി ഒരാളുടെ വസ്തുവകകളുടെ പേപ്പറുകൾ ഈടായി സമർപ്പിക്കണം. പലപ്പോഴും ആളുകൾ ആധാരം പോലുള്ളവ പണയപ്പെടുത്തുന്നു. വായ്പ തിരിച്ചടച്ചതിന് ശേഷം, നിങ്ങൾ ബാങ്കിൽ സമർപ്പിച്ച നിങ്ങളുടെ വസ്തുവിന്റെ രേഖകൾ തിരികെ നൽകാൻ ബാങ്കുകളോ ധനകാര്യ ഇതര ബാങ്കുകളോ തുടർച്ചയായി കാലതാമസം വരുത്തുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ലോൺ എടുത്തയാൾ വായ്പാ തുക പൂർണ്ണമായും തിരിച്ചടച്ച് കഴിഞ്ഞാൽ  30 ദിവസത്തിനകം, ഈടായി നൽകിയ മുഴുവൻ യഥാർത്ഥ രേഖകളും ഉടമയ്ക്ക് തിരിച്ചുനൽകണമെന്നാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശം. ഇക്കാലയളവിൽ  രജിസ്റ്റർ ചെയ്ത മറ്റു ചാർജുകൾ നീക്കം ചെയ്യാനും ആർബിഐ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈടായി നൽകിയ ആധാരം പോലുള്ള രേഖകൾ  ,സെറ്റിൽമെന്റ് കഴിഞ്ഞ് 30 ദിവസത്തിനപ്പുറം തിരിച്ചുനൽകാതിരുന്നാൽ  വൈകുന്ന ഓരോ ദിവസത്തിനും 5,000 രൂപ നിരക്കിൽ വായ്പക്കാരന് ബാങ്കുകൾ നഷ്ടപരിഹാരം നൽകണമെന്നും ആർബിഐ മുന്നറിയിപ്പ് നൽകി. 2023 ഡിസംബർ ഒന്ന് മുതൽ ഇത്തരം കേസുകൾക്ക് ആർബിഐയുടെ പുതിയ നടപടിക്രമങ്ങൾ ബാധകമായിരിക്കും.

വ്യക്തിഗത വായ്പകൾ അടച്ചുതീർത്ത് കഴിഞ്ഞാലും,  ഈട് നൽകിയ രേഖകൾ തിരികെ ലഭിക്കുമ്പോൾ  ബാങ്കുകൾ ഉൾപ്പെടെയുള്ള ചില വായ്പ നൽകുന്ന സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നുവെന്ന പരാതികളെത്തുടർന്നാണ് ആർബിഐ നടപടി.  ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ചെറുകിട ധനകാര്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ,  സഹകരണ ബാങ്കുകൾ,  സംസ്ഥാന സഹകരണ ബാങ്കുകൾ, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ, എൻബിഎഫ്‌സികൾ,  ഉൾപ്പെടെ മുഴുവൻ വാണിജ്യ ബാങ്കുകൾക്കും ആർബിഐയുടെ നിർദ്ദേശം ബാധകമാണ്.

ഈട് നൽകിയ രേഖകൾ  നഷ്‌ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഡ്യുപ്ലിക്കേറ്റ് രേഖകൾ ലഭ്യമാക്കുന്നതിനുള്ള ചെലവും വായ്പാദാതാക്കൾ വഹിക്കണം.   അത്തരം സന്ദർഭങ്ങളിൽ,  നടപടിക്രമം പൂർത്തിയാക്കാൻ  30 ദിവസത്തെ അധിക സമയം കൂടി നൽകും. അതായത്, നടപടിക്രമങ്ങൾക്കുള്ള 30 ദിവസത്തിന് പുറമെ 30 ദിവസം (മൊത്തം 60 ദിവസം) അധികം നൽകുമെന്ന് ചുരുക്കം.  

Latest Videos
Follow Us:
Download App:
  • android
  • ios