ഭൂരിഭാഗം ജീവനക്കാരോടും ഓഫീസിലെത്തേണ്ട കാര്യമില്ല 'എവിടെ നിന്നും ജോലി ചെയ്യാം എന്ന് വ്യക്തമാക്കി ഈ കമ്പനി
ദില്ലി: ഇന്ത്യൻ യൂണികോൺ സ്വിഗ്ഗി (Swiggy) അതിന്റെ ഭൂരിഭാഗം ജീവനക്കാർക്കും 'എവിടെ നിന്നും ജോലി ചെയ്യാം' എന്ന സൗകര്യം നൽകുന്നു. കൊവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിലാണ് കമ്പനി വർക്ക് ഫ്രം ഹോം അനുവദിച്ചത്. നിലവിൽ കമ്പനിയുടെ കോർപ്പറേറ്റ്, സെൻട്രൽ ബിസിനസ് ഫംഗ്‌ഷനുകളും ടെക്‌നോളജി ടീമുകളും വിദൂരമായി പ്രവർത്തിക്കുന്നത് തുടരുമെന്ന് സ്വിഗ്ഗി അറിയിച്ചു. ചില ജീവനക്കാർ മാത്രം ഓഫീസിൽ എത്തി ജോലി ചെയ്താൽ മതിയെന്ന് സ്വിഗ്ഗി വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വർഷമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് സ്വിഗ്ഗി എവിടെനിന്നും സ്ഥിരമായ ജോലി ചെയ്യാൻ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. ജീവനക്കാർ വീടുകളിലിരുന്ന് ജോലി ചെയ്യുമ്പോൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയെന്നും ഉത്പാദനക്ഷമത വർധിച്ചുവെന്നും സ്വിഗ്ഗി ഹ്യൂമൻ റിസോഴ്‌സ് മേധാവി ഗിരീഷ് മേനോൻ പറഞ്ഞു. ഇത് കണക്കിലെടുത്താണ് തുടർന്നും ജീവനക്കാർക്ക് എവിടെയും നിന്ന് ജോലി ചെയ്യാമെന്ന അവസരം സ്വിഗ്ഗി നൽകുന്നത്. നിലവിൽ രാജ്യത്തെ 27 സംസ്ഥാനങ്ങളിലെ 487 നഗരങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലും സ്വിഗ്ഗി പ്രവർത്തിക്കുന്നുണ്ട്.
Read Also: ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി മൂന്ന് ദിനങ്ങൾ മാത്രം
അതേസമയം വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അവസാനിപ്പിച്ച് ഓഫീസുകളിലേക്ക് തിരിച്ച് വരാൻ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌ക്. തിരിച്ച് സ്ഥാപനങ്ങളിൽ എത്തിയില്ലെങ്കിൽ പണി നിർത്തി വീട്ടിലിരുന്നോളാൻ ആണ് മസ്കിന്റെ നിർദേശം. ജീവനക്കാർക്ക് ടെസ്‌ല കമ്പനി അയച്ച ഇമെയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
കൊവിഡ് ഇതുവരെ അവസാനിച്ചില്ലെങ്കിലും അതിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. അണുബാധയ്ക്കുള്ള സാധ്യത കുറവായതിനാൽ ലോകത്തെ പല കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് ജീവനക്കാരെ തിരിച്ച് വിളിച്ചിട്ടുണ്ട്. ആപ്പിളും ഗൂഗിളും പോലുള്ള ചില വലിയ കമ്പനികൾ ചില ഉദ്യോഗസ്ഥരെ മാത്രം തിരിച്ച് വിളിച്ചു. എന്നാൽ ചെറുകിട കമ്പനികളെല്ലാം ഇപ്പോൾ കൊവിഡിന് മുൻപുള്ളത് പോലെയാണ് പ്രവർത്തിക്കുന്നത്.
