തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് വരുമാന നഷ്ടം ഉണ്ടായ സാഹചര്യത്തിൽ ജിഎസ്ടി നഷ്ടം നികത്താനുള്ള കേന്ദ്രനിർദേശങ്ങൾ സംസ്ഥാനത്തിന് വരുമാനം നഷ്ടമുണ്ടാക്കുന്നതാണെന്ന് മന്ത്രി തോമസ് ഐസക്. ജിഎസ്ടി നഷ്ടപരിഹാരം തരുന്നതിനുള്ള ബാധ്യത സർക്കാരിനാണ് എന്നാണ് എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി കൗൺസിൽ യോഗത്തിൽ വാദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി കൗൺസിൽ പരിഹാരം കണ്ടെത്തണമെന്നാണ് അറ്റോർണി ജനറൽ പറയുന്നത്. അത് പ്രാവർത്തികമല്ലെന്ന് ഐസക്ക് പറഞ്ഞു. കേന്ദ്രം വായ്പയെടുത്ത‌് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേരളം ആവശ്യപ്പെട്ടു. ജിഎസ്ടി വരുമാനം ഏതു സാഹചര്യത്തിൽ കുറഞ്ഞാലും സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകണം. ജി എസ് ടി കൗൺസിലിൽ യോജിച്ച തീരുമാനം ഉണ്ടാവാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രളയ സെസ് ഈ ആഗസ്റ്റ് വരെ മാത്രമേ പിരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സെക്രെട്ടറിയേറ്റിലെ തീപ്പിടിത്തം സംബന്ധിച്ച് പ്രതിപക്ഷം അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചു. ഏത് ഫയൽ കത്തി എന്ന് ആരോപണം ഉന്നയിച്ചവർ പറയണം. പ്രധാനപ്പെട്ട ഫയലുകൾ ഒന്നും കത്തിയില്ലെന്നാണ് സർക്കാർ പറയുന്നത്. കൊവിഡ്‌ പ്രോട്ടോകോൾ ലംഘിച്ച് ബഹളം ഉണ്ടാക്കുന്നവർ കേരളത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.