Asianet News MalayalamAsianet News Malayalam

കേന്ദ്രബജറ്റ്: സുരേന്ദ്രന്റെ പരാമർശം ഏറ്റവും വലിയ തമാശ; തിരിച്ചടിച്ച് തോമസ് ഐസക്

ദേശീയ പാതയ്ക്ക് ഉള്ള 65000 കോടി വലിയ തമാശയാണ്. അത് പുതിയ പ്രഖ്യാപനം അല്ല. കിഫ്ബി പോലെ വായ്പ എടുത്ത് ആണ് പണം നൽകുന്നത്. ഇവരാണ് കിഫ്‌ബിയെ കുറ്റം പറയുന്നത്.

thomas isaac reply to k surendrans comment on union budget 2021
Author
Alappuzha, First Published Feb 1, 2021, 6:27 PM IST

ആലപ്പുഴ: കേന്ദ്ര ബജറ്റ് സംബന്ധിച്ച, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പരാമർശം ഏറ്റവും വലിയ തമാശയാണെന്ന് മന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു. കേരള ബജറ്റുമായി താരതമ്യം ചെയ്യണമെന്നാണ് സുരേന്ദ്രന്റെ ആ​ഗ്രഹം. സംസ്ഥാനങ്ങളുടെ കമ്മി കേന്ദ്ര ത്തെക്കാൾ കുറവാണ്. സംസ്ഥാന ബജറ്റിൽ കമ്മിയും കടവും ആണെന്നായിരുന്നല്ലോ ബിജെപിയുടെയും കോൺ​ഗ്രസിന്റെയും ആരോപണമെന്നും തോമസ് ഐസക് ചോദിച്ചു.

പുതിയ ബജറ്റ് ഇന്നത്തെ മാന്ദ്യത്തിൽ നിന്ന് രാജ്യത്തെ കരകയറ്റില്ല. കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന് പൂർണമായി നിരാശയാണ്.  ദേശീയ പാതയ്ക്ക് ഉള്ള 65000 കോടി വലിയ തമാശയാണ്. അത് പുതിയ പ്രഖ്യാപനം അല്ല. കിഫ്ബി പോലെ വായ്പ എടുത്ത് ആണ് പണം നൽകുന്നത്. ഇവരാണ് കിഫ്‌ബിയെ കുറ്റം പറയുന്നത്.എൻഎച്ച്എഐ വായ്പയും കിഫ്ബി വായ്പയും എങ്ങനെ വ്യത്യാസപ്പെടും. അടുത്ത വർഷം വളർച്ച കുതിച്ചു കയറും എന്നത് ശുദ്ധ അസംബന്ധമാണ്. മുൻ വർഷങ്ങളിൽ ചെലവഴിച്ച തുകയിൽ ഒരു ശതമാനം പോലും കൂടുതൽ ഇത്തവണ ഇല്ല.

2021-22ലും സാമ്പത്തിക നില ഉയരില്ല. വരുമാനം കുറയും.പണം ഇല്ലാതെ വരും. അതിന് പൊതു മേഖലയെ ആകെ വിൽക്കാൻ പോകുന്നു. പെട്രോൾ ഡീസൽ വിലക്കുറവിനെ പറ്റി ഒരു വാചകവും പറയുന്നില്ല. കൊച്ചി മെട്രോ പ്രഖ്യാപിച്ച 1957 കോടിയിൽ 338 കോടിയേ കിട്ടു. ഇതിന് തുല്യമായ തുക സംസ്ഥാനവും നൽകണം. ബാക്കി മെട്രോ വായ്പ എടുക്കണ്ട തുകയാണ്. പൊതുമേഖല വിറ്റു തുലയ്ക്കുക ആണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

കേന്ദ്രം വായ്പ എടുക്കുന്നതിൽ കുഴപ്പം ഇല്ല , സംസ്ഥാനം എടുക്കുമ്പോഴാണ് പ്രശ്നം. സംസ്ഥാന ബജറ്റിന് എതിരെ ബിജെപി നടത്തിയ വാദങ്ങളെല്ലാം പൊള്ളയാണെന്ന്  തെളിഞ്ഞു. യുപിഎ സർക്കാറിനോട് പിന്നെയും കാര്യങ്ങൾ പറയാമായിരുന്നു , ബിജെപി സർക്കാർ വേറൊരു ജനുസ്സാണെന്നും തോമസ് ഐസക് പറഞ്ഞു. 
 

കേന്ദ്ര ബജറ്റ് വികസന കുതിപ്പിന് ഗതിവേഗം നൽകുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്. ബജറ്റ് കേരളത്തിന് അനുഗ്രഹമാണ്. കേരളത്തിന്റെ വളർച്ചക്കും വികസനത്തിനും സഹായകമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also: കേന്ദ്ര ബജറ്റ് കേരളത്തിന് അനു​ഗ്രഹം; അഭിനന്ദിക്കാൻ പിണറായിയും ഐസക്കും തയ്യാറാകണം: കെ സുരേന്ദ്രൻ...

 

Follow Us:
Download App:
  • android
  • ios